Wednesday, March 28, 2012

സപ്ലൈകോയിലെ അനധികൃത നിയമനത്തിന് 2000 പേരുടെ പട്ടിക തിരക്കിട്ടു വാങ്ങി


ആലപ്പുഴ: ഭക്ഷ്യവകുപ്പിന് പുതിയ മന്ത്രി വരുമെന്ന് ഉറപ്പായതോടെ സിവില്‍സപ്ലൈസില്‍ 2000ത്തോളം പേരെ അനധികൃതമായി നിയമിക്കാന്‍ തിരക്കിട്ട നീക്കം. സിവില്‍സപ്ലൈസില്‍ ഡിസ്പ്ലേ അസിസ്റ്റന്റ്മാരായി നിയമിക്കാന്‍ യോഗ്യതയുള്ളവരുടെ പട്ടിക മന്ത്രിയുടെ ഓഫീസ് തിരക്കിട്ട് ഇടപെട്ട് എംപ്ലോയ്മെന്റ് ഓഫീസില്‍ നിന്ന് വാങ്ങിക്കഴിഞ്ഞു. സിവില്‍ സപ്ലൈസില്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് പിഎസ്സി പരീക്ഷ നടത്തി റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നതിനിടെയാണ് ഈ നീക്കം. രണ്ട് ലക്ഷത്തോളം പേരാണ് ഈ പരീക്ഷ എഴൂതിയത്. ഇപ്പോള്‍ ഈ ജോലിചെയ്യുന്നവരെ പിരിച്ചുവിട്ടശേഷമായിരിക്കും എംപ്ലോയ്മെന്റില്‍ നിന്നുള്ളവരെ നിയമിക്കുക. ഇതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസുകള്‍ക്ക് പട്ടിക ഉണ്ടാക്കാന്‍ ഒഴാഴ്ചപോലും സമയം നല്‍കിയില്ല. അതിനിടെ ലിസ്റ്റ് വേഗം നല്‍കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ട് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിലേക്ക് പലതവണ വിളിക്കുകയും ചെയ്തു. രണ്ട് വകുപ്പും ഒരു മന്ത്രിയുടെ കീഴിലാണെന്ന പ്രത്യേകസൗകര്യം മുതലെടുത്ത് ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുമായിരുന്ന തടസങ്ങള്‍ മറികടക്കാനും കഴിഞ്ഞു.

സിവില്‍സപ്ലൈസ് റീജിയണല്‍ ഓഫീസര്‍മാരാണ് ഡിസ്പ്ലേ അസിസ്ന്റായി നിയമിക്കാന്‍ യോഗ്യതയുള്ളവരുടെ പട്ടിക ആവശ്യപ്പെട്ടത്. എസ്എസ്എല്‍സി മാത്രമാണ് യോഗ്യതയായി പറയുന്നത്. വയസ് 35ല്‍ കൂടാനും പാടില്ല. ആലപ്പുഴയില്‍ 109 പേരുടെ പട്ടികയാണ് ആവശ്യപ്പെട്ടത്. ലിസ്റ്റ് തിങ്കളാഴ്ച തന്നെ നല്‍കി. എറണാകുളം ജില്ലയില്‍ 194 പേരുടെയും കോട്ടയത്ത് 139 പേരുടെയും ലിസ്റ്റടക്കം സംസ്ഥാനത്ത് 2000 പേരുടെ പട്ടിയാണ് നല്‍കിയത്. ഒരാഴ്ചയ്ക്കകം നിയമനം നടത്തുമെന്ന് അറിയുന്നു. പിറവം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഭക്ഷ്യവകുപ്പ് ഒഴിയേണ്ടിവരുമെന്ന് വ്യക്തമായതോടെയാണ് ആര്‍എസ്പി ബി നിയമന നീക്കം വേഗത്തിലാക്കിയത്. എംപ്ലോയ്മെന്റ് മുഖേനയാണ് പട്ടിക തയ്യാറാക്കിയതെങ്കിലും ഇതിന്റെ ഒരു പട്ടിക ആര്‍എസ്പി ബി നേതാക്കള്‍ക്കും നല്‍കിയിട്ടുണ്ട്. മന്ത്രിസ്ഥാനം വിടുംമുമ്പ് പാര്‍ടിയുടെ പ്രാദേശിക നേതാക്കള്‍ക്ക് അഴിമതിക്ക് വഴിയൊരുക്കാനാണിതെന്നും അറിയുന്നു. പട്ടികയുള്ളവരുടെ പേരും വിലാസവും നോക്കി അവരില്‍ ചിലരെ ഇതിനകം തന്നെ ആര്‍എസ്പി ബി നേതാക്കള്‍ ഫോണിലും നേരിട്ടും ബന്ധപ്പെടാനും തുടങ്ങി. ഇപ്പോള്‍ ജോലിചെയ്യുന്നവരെ പിരിച്ചുവിട്ട് പുതിയ ജീവനക്കാരെ നിയമിക്കാനുള്ള നീക്കം ചെറുക്കുമെന്ന് സിവില്‍സപ്ലൈസ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) മുന്നറിയിപ്പ് നല്‍കി. ഇല്ലാത്ത തസ്തികയിലേക്കാണ് 2000 പേരെ നിയമിക്കുന്നതെന്നും യൂണിയന്‍ അറിയിച്ചു.

deshabhimani 280312

1 comment:

  1. ഭക്ഷ്യവകുപ്പിന് പുതിയ മന്ത്രി വരുമെന്ന് ഉറപ്പായതോടെ സിവില്‍സപ്ലൈസില്‍ 2000ത്തോളം പേരെ അനധികൃതമായി നിയമിക്കാന്‍ തിരക്കിട്ട നീക്കം. സിവില്‍സപ്ലൈസില്‍ ഡിസ്പ്ലേ അസിസ്റ്റന്റ്മാരായി നിയമിക്കാന്‍ യോഗ്യതയുള്ളവരുടെ പട്ടിക മന്ത്രിയുടെ ഓഫീസ് തിരക്കിട്ട് ഇടപെട്ട് എംപ്ലോയ്മെന്റ് ഓഫീസില്‍ നിന്ന് വാങ്ങിക്കഴിഞ്ഞു. സിവില്‍ സപ്ലൈസില്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് പിഎസ്സി പരീക്ഷ നടത്തി റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നതിനിടെയാണ് ഈ നീക്കം.

    ReplyDelete