Monday, April 29, 2013

പരിഷത്ത് വികസനസംഗമം നാളെ തുടങ്ങും പ്രദര്‍ശനം ഇന്നുമുതല്‍


കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന കേരള വികസനസംഗമത്തിന്റെ ഭാഗമായുള്ള പ്രീകോണ്‍ഫറന്‍സും സുസ്ഥിര ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും തിങ്കളാഴ്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നടക്കും. ഉച്ചയ്ക്ക് രണ്ടിന് ഉദ്ഘാടനം നടക്കും. ചൊവ്വാഴ്ച വികസനസംഗമം ആരംഭിക്കും. രാവിലെ 10ന് യൂണിവേഴ്സിറ്റി കോളേജ് സെന്റിനറി ഓഡിറ്റോറിയത്തില്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ ഉദ്ഘാടനംചെയ്യും. പ്രൊഫ. കെ പി കണ്ണന്‍ അധ്യക്ഷനാകും. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. വെങ്കിടേഷ് ആത്രേയ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫസര്‍ ടി പി കുഞ്ഞിക്കണ്ണന്‍ സമീപനരേഖ അവതരിപ്പിക്കും.

ഉച്ചതിരിഞ്ഞ് ഭക്ഷ്യസുരക്ഷ, പ്രകൃതിസുരക്ഷ, ജലസുരക്ഷ, ഊര്‍ജം, ഗതാഗതം, ഉപജീവനസുരക്ഷ എന്നീ മേഖലകളുമായി ബന്ധപ്പെട്ട ഏഴ് സെമിനാര്‍ നടക്കും. വൈകിട്ട് അഞ്ചിന് കൃഷി, മാലിന്യസംസ്കരണം, മൃഗസംരക്ഷണം, സൂക്ഷ്മസംരംഭങ്ങള്‍ എന്നിവസംബന്ധിച്ച് കേരളത്തിലെ വിവിധ വികസനമാതൃകകള്‍ അവതരിപ്പിക്കുന്ന സെഷന്‍ സുഗതകുമാരി ഉദ്ഘാടനംചെയ്യും. വൈകിട്ട് ഏഴിന് സജിത മഠത്തില്‍ സംവിധാനം ചെയ്ത് ഷൈലജ പി അംബു അവതരിപ്പിക്കുന്ന മത്സ്യഗന്ധി നാടകം അരങ്ങേറും.

മെയ് ഒന്നിന് നെല്ലുല്‍പ്പാദനം, ധാന്യേതരവിളകളുടെ ഉല്‍പ്പാദനം, പാലുല്‍പ്പാദനം- കേരളത്തിന്റെ സാധ്യതകള്‍, മാംസം- മുട്ട- മത്സ്യോല്‍പ്പാദനം, കാര്‍ഷിക ഭൂവിനിയോഗത്തിലെ മാറ്റങ്ങളും കാര്‍ഷിക പാരിസ്ഥിതിക പ്രത്യാഘാതങ്ങളും, ഭൂവിനിയോഗത്തിലെ മാറ്റങ്ങളും പരിസ്ഥിതിയും, വനപരിസ്ഥിതിയിലെ മാറ്റങ്ങളും അതിജീവനസാധ്യതകളും, ഖനനവും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും, ജലസ്രോതസ്സുകളുടെ മാറ്റങ്ങള്‍, ജലവിതരണ രംഗത്തെ പ്രവണതകള്‍, റോഡ് ഗതാഗതം, റെയില്‍- ജല ഗതാഗതം, ഊര്‍ജ ഉല്‍പ്പാദനവും സംരക്ഷണവും: കേരളത്തിന്റെ സാധ്യതകള്‍, കാര്‍ഷികമേഖലയുടെ നവീകരണവും പുതിയ തൊഴില്‍സാധ്യതകളും, പരമ്പരാഗത വ്യവസായങ്ങളുടെ ആധുനീകരണവും തൊഴില്‍സാധ്യതകളും, അസംഘടിതമേഖലയും തൊഴില്‍രംഗവും, ഐടിയും തൊഴില്‍സാധ്യതകളും എന്നീ വിഷയങ്ങള്‍ സംബന്ധിച്ച ശില്‍പ്പശാലകള്‍ നടക്കും.

നാനൂറുപേര്‍ പങ്കെടുക്കുന്ന സംഗമത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി 130 വിദഗ്ധര്‍ വിവിധ സെഷനുകളില്‍ വിഷയാവതരണം നടത്തും. മെയ് ഒന്നിന് വൈകിട്ട് 3.45ന് സമാപനസമ്മേളനം നടക്കും.

deshabhimani 290413

No comments:

Post a Comment