Sunday, April 28, 2013

സുകുമാരന്‍നായരുടെ പ്രസ്താവന തരംതാണത്: ലീഗ്


ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് കേരളത്തില്‍ നീതി ലഭിക്കുന്നില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവന തരംതാണതാണെന്ന് മുസ്ലിംലീഗ്. എന്‍എസ്എസും എസ്എന്‍ഡിപിയും ഉള്‍പ്പെടെയുള്ള സമുദായ സംഘടനകള്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ സംബന്ധിച്ച് യുഡിഎഫില്‍ പരാതിപ്പെടുമെന്നും ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗതീരുമാനം വിശദീകരിച്ച് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന തരംതാണ രാഷ്ട്രീയ പ്രചാരണമാണ് ഇരുസംഘടനകളുടെയും നേതാക്കള്‍ നടത്തുന്നത്. ന്യൂനപക്ഷങ്ങള്‍ ഭുരിപക്ഷങ്ങളുടെ അവകാശം തട്ടിയെടുക്കുകയാണെന്ന ഇവരുടെ ആരോപണം ശരിയല്ല. ഭൂരിപക്ഷ സമുദായത്തിന് വേദനയുണ്ടാക്കുന്നവിധം പ്രവര്‍ത്തിക്കരുതെന്നാണ് ലീഗ് നിലപാട്. ജാതിസംഘടനകള്‍ പറയുന്നത് അപ്പടി വിശ്വസിക്കുന്നവരല്ല കേരളത്തിലെ ജനങ്ങള്‍. നായരും ഈഴവരുമെല്ലാം ഇവര്‍ വിചാരിക്കുംവിധം പ്രവര്‍ത്തിക്കുമെന്നത് ഇരുനേതാക്കളുടെയും രാഷ്ട്രീയ സ്വപ്നം മാത്രമാണ്. നരേന്ദ്രമോഡി ശിവഗിരി സന്ദര്‍ശിച്ചത് ഖേദകരമാണ്. ശിവഗിരിയുടെ സന്ദേശവും മോഡിയുടെ പ്രവൃത്തിയും തമ്മില്‍ ചേര്‍ന്നുപോകില്ല. അദ്ദേഹത്തിന് അവതാരപുരുഷന്റെ രീതിയില്‍ പരവതാനി വിരിച്ചത് ഖേദകരമാണ്. അതിരപ്പിള്ളി പദ്ധതി പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമോ എന്ന കാര്യം പഠിക്കാന്‍ എം പി അബ്ദുസമദ് സമദാനി ചെയര്‍മാനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയതായും ഇരുവരും പറഞ്ഞു.

deshabhimani 280413

No comments:

Post a Comment