Sunday, April 28, 2013
തപാല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു
മധ്യമേഖല പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ (പിഎംജി) നടപടികള്‍മൂലം നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും തപാല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. അടുത്തിടെ നഗരത്തിലെ ബാനര്‍ജി റോഡ്, കൊച്ചി വെളി, ഹിന്ദി പ്രചാരസഭ പോസ്റ്റ് ഓഫീസുകള്‍ അടച്ചുപൂട്ടി. ഇത് ഇന്ത്യയില്‍ ഒരിടത്തുമില്ലാത്ത നടപടിയാണെന്നും കേന്ദ്രസര്‍ക്കാര്‍ സമീപനത്തിനുവരെ വിരുദ്ധമാണെന്നും ജീവനക്കാര്‍ പറയുന്നു. തപാല്‍ മേഖലയുടെ പുനഃസംഘടനസംബന്ധിച്ച മെക്കന്‍സി റിപ്പോര്‍ട്ട് ശുപാര്‍ശ അനുസരിച്ച് അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ ഒരു പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിച്ചാല്‍ മതി. മറ്റുള്ളവ മാറ്റി സ്ഥാപിക്കണം. എന്നാല്‍ ജീവനക്കാരുടെ സംഘടനകള്‍ കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ഇത് നടപ്പാക്കില്ലെന്ന് ഉറപ്പു ലഭിച്ചിരുന്നു. പിഎംജി ഇത് കണക്കിലെടുക്കാതെ നടപടികളുമായി മുന്നോട്ടുപോവുകയാണ്. ബാനര്‍ജി റോഡിലെ പോസ്റ്റ് ഓഫീസ് മാറ്റിസ്ഥാപിക്കാന്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് (എന്‍എഫ്പിഇ) സ്ഥലം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് പിഎംജിക്ക് സമ്മതമായില്ല. വാടക കൂടുതലാണെന്ന കാരണംപറഞ്ഞ് ഇത് നിരസിച്ചു. കൊച്ചിയിലെ പോസ്റ്റ് ഓഫീസുകള്‍ മാത്രമല്ല ഇടുക്കി, തൃശൂര്‍ ജില്ലകളിലെ ഓരോ പോസ്റ്റ് ഓഫീസുകള്‍വീതവും പിഎംജി നിര്‍ത്തലാക്കി.
മെട്രോ നഗരമായ കൊച്ചിയില്‍ ആധാര്‍ കാര്‍ഡ് അടക്കമുള്ള സര്‍ക്കാര്‍ വസ്തുക്കളും മറ്റ് സ്വകാര്യ വ്യാപാരസ്ഥാപനങ്ങളിലെ സാധനങ്ങളുമടക്കം ലക്ഷക്കണക്കിന് തപാല്‍ ഉരുപ്പടികളാണ് ദിവസവും പോസ്റ്റ് ഓഫീസുകള്‍ കൈകാര്യംചെയ്യുന്നത്. ജീവനക്കാരുടെയും മറ്റ് അടിസ്ഥാനസൗകര്യങ്ങളുടെയും കുറവുമൂലം ഇവ സമയത്ത് വിതരണംചെയ്യാന്‍ കഴിയുന്നില്ല. ഇതിനാല്‍ കൊറിയര്‍ സര്‍വീസുകാര്‍ക്ക് ചാകരയാണ്. ഒരുമാസം മുമ്പ് എംജി റോഡിലെയും മട്ടാഞ്ചേരിയിലെയും ഹയര്‍ സെലക്ഷന്‍ ഗ്രേഡ് ഒന്ന് പോസ്റ്റ് ഓഫീസുകള്‍ ലോവര്‍ സെലക്ഷന്‍ ഗ്രേഡ് ആക്കി പിഎംജി തരംതാഴ്ത്തി. ഇതേത്തുടര്‍ന്ന് അവിടെ ജീവനക്കാരുടെ എണ്ണത്തിലും കുറവുവന്നു. 38 ജീവനക്കാര്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ഉള്ളത് പതിനാറുപേര്‍ മാത്രമാണ്. പോസ്റ്റ്മാന്‍മാര്‍ അടക്കമുള്ളവര്‍ക്ക് ഇപ്പോള്‍ കനത്ത ജോലിഭാരമാണ്. ഇതുമൂലം തപാല്‍ ഉരുപ്പടികള്‍ പലപ്പോഴും വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നു.
പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുകയുംചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ പിഎംജി പ്രതികാരനടപടികള്‍ സ്വീകരിക്കുകയാണെന്നും വ്യാപകമായി ആക്ഷേപമുണ്ട്. ദേശീയപണിമുടക്കില്‍ പങ്കെടുത്ത എന്‍എഫ്പിഇ എറണാകുളം യൂണിറ്റ് കണ്‍വീനറും കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് ജില്ലാ ചെയര്‍മാനുമായ എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിലെ പോസ്റ്റല്‍ അസിസ്റ്റന്റ് കെ രവിക്കുട്ടനെതിരെ നടപടി സ്വീകരിച്ചിരുന്നു. അടുത്തമാസം വിരമിക്കുന്ന രവിക്കുട്ടന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പരമാവധി വൈകിപ്പിക്കുന്ന റൂള്‍ 14 അനുസരിച്ചുള്ള നടപടിയാണ് സ്വീകരിച്ചത്. ഇതിനെതിരെ എന്‍എഫ്പിഇ ശക്തമായ പ്രക്ഷോഭത്തിലാണ്.
deshabhimani 280413
Labels:
തപാല്‍ മേഖല,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment