Saturday, April 27, 2013

നദീജലത്തര്‍ക്കം: തമിഴ്നാട് ഉദ്യോഗസ്ഥന്‍ സെക്രട്ടറിയറ്റില്‍നിന്ന് 22 വര്‍ഷം ഫയല്‍ ചോര്‍ത്തി


കേരളവും തമിഴ്നാടും തമ്മിലുള്ള നദീജലത്തര്‍ക്കങ്ങള്‍ സംബന്ധിച്ച വിവരം സെക്രട്ടറിയറ്റില്‍നിന്ന് തമിഴ്നാട് ചോര്‍ത്തിയതായി ഇന്റലിജന്‍സ് കണ്ടെത്തി. തമിഴ്നാട് പിആര്‍ഡിയില്‍ ഉദ്യോഗസ്ഥനും മലയാളിയുമായ ഉണ്ണികൃഷ്ണനാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. ഇയാളെ സെക്രട്ടറിയറ്റില്‍ പ്രവേശിപ്പിക്കരുതെന്ന് ഇന്റലിജന്‍സ് മേധാവി ടി പി സെന്‍കുമാര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ശാസ്തമംഗലം സ്വദേശിയായ ഇയാള്‍ കഴിഞ്ഞ 22 വര്‍ഷമായി ഫയലിലെ രഹസ്യവിവരങ്ങള്‍ സെക്രട്ടറിയറ്റില്‍നിന്ന് ചോര്‍ത്തി തമിഴ്നാടിന് കൈമാറിവരികയാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

പറമ്പിക്കുളം- ആളിയാര്‍ കേസില്‍ കരാര്‍ ലംഘനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കാന്‍ തയ്യാറാക്കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ ഇയാള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫയല്‍ ചോര്‍ത്തല്‍ സ്ഥിരീകരിച്ചത്. തമിഴ്നാട് സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് താനെന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്. ഇയാള്‍ ശാസ്തമംഗലം എഫ് സ്ട്രീറ്റില്‍ പിഎല്‍ആര്‍എഫ്-50 എന്ന നമ്പരില്‍ "കൃഷ്ണാഞ്ജന"യിലാണ് താമസം. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുമായും സെക്രട്ടറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുള്ള ഉണ്ണികൃഷ്ണന്‍ ആ പഴുത് ഉപയോഗിച്ചാണ് വിവരം ചോര്‍ത്തിയത്. മന്ത്രി അനൂപ് ജേക്കബ്, കെ ബി ഗണേശ്കുമാര്‍ എന്നിവര്‍ക്ക് അടുത്തിടെ, ഇയാള്‍ വഴി തമിഴ്നാട്ടില്‍ ഉല്ലാസയാത്ര തരപ്പെടുത്തിയിരുന്നു. ജലവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഇയാള്‍ വഴി തമിഴ്നാട്ടില്‍ അടിക്കടി വിനോദയാത്ര നടത്തിയതായി ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്.

ഫയലിലെ വിവരം ചോര്‍ത്തി നല്‍കിയ ചില ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം നല്‍കിയതായും സൂചനയുണ്ട്. ആഭ്യന്തര വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ മുഖേന തരപ്പെടുത്തിയ പാസ് ഉപയോഗിച്ചാണ് ഇയാള്‍ സെക്രട്ടറിയറ്റില്‍ പ്രവേശിച്ചിരുന്നത്. വിജിലന്‍സ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനയാണ് ഇയാള്‍ പറമ്പിക്കുളം- ആളിയാര്‍ കേസിലെ സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം ആവശ്യപ്പെട്ടത്. തമിഴ്നാടിന്റെ കരാര്‍ലംഘനം സംബന്ധിച്ച് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ സത്യവാങ്മൂലത്തിലെ വിവരം ചോര്‍ത്തി തമിഴ്നാടിന് കൈമാറുകയായിരുന്നു ലക്ഷ്യം. എന്നാല്‍, സംശയം തോന്നിയ സെക്രട്ടറിയറ്റിലെ സെക്ഷന്‍ ഓഫീസര്‍ വിവരം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറിയിച്ചു. ഉണ്ണികൃഷ്ണന്‍ നടത്തിയ ഫോണ്‍സംഭാഷണങ്ങള്‍ പരിശോധിച്ചതിനെത്തുടര്‍ന്നാണ് ഇയാള്‍ രഹസ്യം ചോര്‍ത്തിയതായി തെളിഞ്ഞത്. ഇന്റലിജന്‍സ് തന്നെക്കുറിച്ച് അന്വേഷിക്കുന്ന വിവരവും ഇയാള്‍ക്ക് ലഭിച്ചതായി ഫോണ്‍ സംഭാഷണത്തില്‍ കണ്ടെത്തി. നദീജലത്തര്‍ക്കം സംബന്ധിച്ച കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി മാറിയത് ഇയാള്‍ വിവരം ചോര്‍ത്തിയതുമൂലമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു.

deshabhimani 270413

No comments:

Post a Comment