Monday, April 29, 2013

മൊബൈല്‍ ഇന്‍സിനറേറ്ററില്‍ റീത്തുവച്ച് എല്‍ഡിഎഫ് പ്രതിഷേധം


തലസ്ഥാന നഗരിയിലെ മാലിന്യസംസ്കരണത്തിനായി സര്‍ക്കാര്‍ ഗുജറാത്തില്‍നിന്ന് വാങ്ങിയ മൊബൈല്‍ ഇന്‍സിനറേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുന്ന സാഹചര്യത്തില്‍ നഗരസഭയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു. ആനയറ വേള്‍ഡ് മാര്‍ക്കറ്റിനു മുന്‍പില്‍ ഉപേക്ഷിച്ച നിലയില്‍ ഇട്ടിരിക്കുന്ന മൊബൈല്‍ ഇന്‍സിനറേറ്ററില്‍ റീത്ത് സമര്‍പ്പിച്ചായിരുന്നു പ്രതിഷേധം. മൊബൈല്‍ ഇന്‍സിനറേറ്റര്‍ ഒരു മണിക്കൂറില്‍ ഒരു ടണ്‍ വരെ മാലിന്യം സംസ്കരിക്കുമെന്നാണ് അവകാശപ്പെട്ടിരുന്നതെങ്കിലും ഒരു ദിവസം അര ടണ്‍ മുതല്‍ ഒരു ടണ്‍ വരെ മാലിന്യം മാത്രമാണ് കത്തിക്കാനായത്. ഒരു ദിവസം നാല്‍പ്പതിനായിരത്തോളം രുപ ചെലവുചെയ്യേണ്ടിയും വന്നു. ഇന്‍സിനറേറ്റര്‍ വാങ്ങിയതില്‍ അഴിമതിയും ഉണ്ട്്. ഈ സാഹചര്യത്തിലാണ് മാലിന്യസംസ്കരണത്തിന് ഫലപ്രദമായ പരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചത്.

മാലിന്യ സംസ്കരണത്തിന് വ്യത്യസ്ത മാര്‍ഗങ്ങള്‍: പ്രദര്‍ശനം ഇന്ന് തുടങ്ങും

തിരു: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന വികസനസംഗമത്തോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനം തിങ്കളാഴ്ച പകല്‍ രണ്ടുമുതല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ആരംഭിക്കും. മാലിന്യസംസ്കരണത്തിനും ബയോഗ്യാസിനും സഹായിക്കുന്ന വിവിധതരം പ്ലാന്റുകള്‍, ജലശുചിത്വത്തിനുള്ള മാതൃകകള്‍, സോളാര്‍ മാതൃകകള്‍, ഇതുമായി ബന്ധപ്പെട്ട മറ്റ് ഉല്‍പ്പന്നങ്ങള്‍, ചൂടാറാപ്പെട്ടി, പുകശല്യമില്ലാത്ത പരിഷത്ത് അടുപ്പ്, കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍, പരിഷത്ത് പുസ്തകങ്ങള്‍ എന്നിവ പ്രദര്‍ശനത്തില്‍ ഉണ്ടാകും. ശാസ്ത്രസാഹിത്യ പരിഷത്ത്, നബാര്‍ഡ് സഹായത്തോടെ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ പാലക്കാട് ഐആര്‍ടിസി, എനര്‍ജി മാനേജ്മെന്റ് സെന്റര്‍, കെഎസ്ഇബി, കനറാ ബാങ്ക്, ഭൂജല വകുപ്പ്, ശുചിത്വമിഷന്‍, ലാന്‍ഡ് യൂസ് ബോര്‍ഡ്, വേള്‍ഡ് വൈഡ് ഫണ്ട്, തണല്‍ തുടങ്ങി വിവിധ ഏജന്‍സികളും സംഘടനകളും പങ്കെടുക്കും. മേയ് ഒന്നുവരെ രാവിലെ 10 മുതല്‍ വൈകിട്ട് എട്ടുവരെ പ്രദര്‍ശനം കാണാം. പ്രവേശനം സൗജന്യമാണ്.

deshabhimani 290413

No comments:

Post a Comment