Saturday, April 27, 2013

എംഎല്‍എ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു അട്ടപ്പാടി പാക്കേജ് തട്ടിപ്പെന്ന് ആദിവാസിസ്ത്രീകള്‍

അട്ടപ്പാടി: നടപ്പാക്കാത്ത പാക്കേജ് വീണ്ടും

അഗളി: പട്ടിണിയും ദാരിദ്ര്യവുംമൂലം കുട്ടികള്‍ മരിച്ചുവീഴുന്ന അട്ടപ്പാടിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിനെതിരെ വന്‍ പ്രതിഷേധം. ആദിവാസികളുടെ ദാരിദ്ര്യാവസ്ഥ പരിഹരിക്കാന്‍ ഇതുകൊണ്ട് കഴിയില്ലെന്നാണ് പ്രധാന വിമര്‍ശം. കാര്‍ഷിക പാക്കേജിനെതിരെയും കടുത്ത എതിര്‍പ്പുണ്ട്. ഭരണക്കാരുടെ സ്വന്തക്കാരെ തിരുകിക്കയറ്റി ആദിവാസിഫണ്ട് കൊള്ളയടിക്കാനുള്ള നീക്കമാണ് കാര്‍ഷിക പാക്കേജെന്നാണ് ആരോപണം. അട്ടപ്പാടിയില്‍ വേണ്ടത് ചികിത്സയും മരുന്നും മാത്രമല്ലെന്നും ഭക്ഷണവും വെള്ളവുമാണെന്നും ആദിവാസികള്‍ പറയുന്നു. മുമ്പ് പലതവണ പ്രഖ്യാപിച്ച പദ്ധതികളാണ് പാക്കേജിലൂടെ പുറത്തുവന്നത്. ചിറ്റൂരിലെ ഒരു സഹകരണസംഘം ഹോര്‍ട്ടികള്‍ച്ചറല്‍ മിഷനുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് കാര്‍ഷിക പാക്കേജായി മാറിയത്.

കാറ്റാടിക്കമ്പനിയുടെ ഭൂമിയായ നല്ലശിങ്കത്ത് 7.84കോടി രൂപ ചെലവില്‍ 157 കുടുംബത്തിനു മാത്രമായി നടത്തുന്ന പദ്ധതിയാണിത്. ശിശുമരണം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നുപോലും വിശദീകരണം തേടിയിട്ടും കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് സഹായം പ്രഖ്യാപിച്ചിട്ടില്ല. 10,200 ആദിവാസി കുടുംബങ്ങള്‍ക്ക് പത്തുകിലോ അരിയും രണ്ടു കിലോ പയറും നല്‍കുമെന്ന, രണ്ടാഴ്ചമുമ്പത്തെ പ്രഖ്യാപനം ഇതുവരെയും നടപ്പാക്കിയിട്ടില്ല. അങ്കണവാടികളില്‍ പോഷകാഹാരം നല്‍കുമെന്നതിലും അവ്യക്തത നിലനില്‍ക്കുന്നു. "അഹാഡ്സ്" നടപ്പാക്കിയ മാതൃകയില്‍ ഊര് വികസനസമിതി മുഖേന പദ്ധതികള്‍ നടപ്പാക്കിയാലെ ആദിവാസികള്‍ക്ക് ഗുണം ലഭിക്കു. അതിനു പകരം സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ പുതിയ സംവിധാനമൊരുക്കുന്നതിലും ദുരൂഹതയുണ്ട്. സ്വകാര്യ ഏജന്‍സികള്‍ക്ക് വന്‍തുക തട്ടാനുള്ള ഗൂഢനീക്കമാണ് ഇതിനുപിന്നിലെന്ന് ആദിവാസികള്‍ പറയുന്നു. 12 ഇന ധാന്യങ്ങള്‍ ഒരുപോലെ കൃഷി ചെയ്തിരുന്ന ആദിവാസി കൃഷിരീതി തിരിച്ചുകൊണ്ടുവരാനുള്ള സഹായവും പാക്കേജിലില്ല. കൃഷി രീതി പുനഃസ്ഥാപിക്കാന്‍ ആദിവാസികളുടെ ഭൂമി ആദിവാസികള്‍ക്കുതന്നെ തിരിച്ചുകൊടുക്കാന്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

എംഎല്‍എ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു അട്ടപ്പാടി പാക്കേജ് തട്ടിപ്പെന്ന് ആദിവാസിസ്ത്രീകള്‍

അട്ടപ്പാടി പാക്കേജ് ആദിവാസിവിരുദ്ധമാണെന്നും സ്ഥലം എംഎല്‍എ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് പാക്കേജ് അട്ടിമറിച്ചുവെന്നും അട്ടപ്പാടിയിലെ സ്ത്രീകള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശിശുമരണവും പട്ടിണിയുമൊക്കെ കഴിഞ്ഞ 23ന് മുഖ്യമന്ത്രിയെകണ്ട് നേരിട്ട് ബോധിപ്പിച്ചതാണ്. അന്ന് അനുകൂലസമീപനം സ്വീകരിച്ച മുഖ്യമന്ത്രി ഇത്തരം പാക്കേജ് പ്രഖ്യാപിച്ചത് എംഎല്‍എയുടെ തെറ്റിദ്ധരിപ്പിക്കലില്‍ കുടുങ്ങിയാണ്. ഇതിലൂടെ എംഎല്‍എയോട് അട്ടപ്പാടിയിലെ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് നഷ്ടപ്പെടുത്തിയത്.

ജനങ്ങളുടെ ദുരിതങ്ങള്‍ ഗുളികയും മരുന്നുംകൊണ്ട് തീരുന്നതല്ല. കുടിവെള്ളവും ഭക്ഷണവുമാണ് വേണ്ടത്. അതിനായി ആദിവാസികൃഷി പുനര്‍ജീവിപ്പിക്കേണ്ടിവരും. പാക്കേജില്‍ അത്തരം നീക്കമൊന്നുമില്ല. കൃഷിവകുപ്പ് ഈ പദ്ധതി നടപ്പാക്കിയാല്‍ ആദിവാസികള്‍ക്ക് പുറത്തുള്ളവരാണ് നേട്ടമുണ്ടാക്കാന്‍ പോകുന്നതെന്ന് അട്ടപ്പാടിയിലെ തായ്ക്കുലം സംഘം ഭാരവാഹികള്‍ പറഞ്ഞു. അട്ടപ്പാടിയില്‍ വികസനപ്രവൃത്തികള്‍ ജനങ്ങളിലെത്താതിരിക്കുന്നതിനും പട്ടിണിയും ദാരിദ്ര്യവും വര്‍ധിക്കുന്നതിനുംകാരണം വിവിധ വകുപ്പുകളുടെ അഴിമതിയും കാര്യക്ഷമതയിലായ്മയും ഇടനിലക്കാരുടെ പണംതട്ടിയെടുക്കലുമാണെന്ന് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. എന്നിട്ടും ആദിവാസിവിഭാഗങ്ങള്‍ക്ക് വികസനമെത്താതിരിക്കാനുള്ള രീതിയിലാണ് സര്‍ക്കാര്‍ പാക്കേജ് നടപ്പാക്കുന്നത്. ഇത് ആദിവാസികളെ കൂടുതല്‍ ദുരിതത്തിലേക്കു കൊണ്ടുപോകാനും കൂട്ടമരണം സംഭവിക്കാനും ഇടയാക്കും.

കാര്‍ഷികപാക്കേജ് അഹാഡ്സ് കാണിച്ച മാതൃകയില്‍ ഊര്വികസനസമിതിവഴി നടപ്പാക്കിയാലേ ആദിവാസികള്‍ക്ക് പ്രയോജനപ്പെടുകയുള്ളു. എന്നാല്‍, ആദിവാസികൃഷിക്ക് ഒരുതരത്തിലും സഹായകമല്ലാത്ത നിലപാട് സ്വീകരിക്കുന്ന കൃഷിവകുപ്പിനെയാണ് കാര്‍ഷികപാക്കേജ് ഏല്‍പ്പിക്കുന്നത്. സമഗ്ര ജനപങ്കാളിത്ത പ്രകൃതിവിഭവ പരിപാലനപദ്ധതിയെന്നപേരില്‍ നടത്തുന്ന പദ്ധതിയിലൂടെ ആദിവാസികളെ പൂര്‍ണമായും അകറ്റുകയാണ് ഉദ്ദേശ്യം. കഴിഞ്ഞ 12 വര്‍ഷമായി ആദിവാസികള്‍ക്കിടയില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചിരുന്ന "അഹാഡ്സി"നെ ഇല്ലാതാക്കാനും പുറത്തുനിന്നുള്ളവരെയും രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാരെയും ഉള്‍പ്പെടുത്തി ആദിവാസികളുടെ ഫണ്ട് തട്ടിയെടുക്കാനുള്ള നീക്കമാണ് ഈ പാക്കേജിനുപിന്നിലെന്ന് പ്രസിഡന്റ് ഭഗവതി രംഗനും കെ കാളിയും പറഞ്ഞു.

deshabhimani 270413

No comments:

Post a Comment