Friday, April 26, 2013
കല്‍ക്കരിക്കേസില്‍ സത്യവാങ്മൂലം; സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍
കല്‍ക്കരി കുംഭകോണക്കേസിലെ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് നിയമമന്ത്രി അശ്വനികുമാര്‍ പരിശോധിച്ചശേഷമാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സുപ്രീംകോടതിയെ അറിയിച്ചു. പ്രധാനമന്ത്രികാര്യാലയത്തിലെയും കല്‍ക്കരിമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കണ്ടിരുന്നുവെന്ന് വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ച രണ്ടുപേജ് വരുന്ന സത്യവാങ്മൂലത്തില്‍ സിബിഐ ഡയറക്ടര്‍ വ്യക്തമാക്കി. പുതിയ അന്വേഷണപുരോഗതി റിപ്പോര്‍ട്ടും സിബിഐ സമര്‍പ്പിച്ചു. 30ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സുപ്രീംകോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശമുയര്‍ത്താനാണ് സാധ്യത. അങ്ങനെ വന്നാല്‍ നിയമമന്ത്രി അശ്വനികുമാര്‍ രാജിവയ്ക്കേണ്ടി വരും. അശ്വനികുമാര്‍ രാജിവയ്ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് പറയുന്നുണ്ടെങ്കിലും സുപ്രീംകോടതിയുടെ വിധി കാത്തിരിക്കുകയാണ് സര്‍ക്കാര്‍. പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവും ശക്തമാകുമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നു.
റിപ്പോര്‍ട്ട് മറ്റാരും കണ്ടിട്ടില്ലെന്നാണ് മാര്‍ച്ച് എട്ടിന് കേസ് പരിഗണിച്ചപ്പോള്‍ സിബിഐക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ റാവല്‍ പറഞ്ഞിരുന്നത്. എന്നാല്‍, നിയമമന്ത്രി അശ്വനികുമാര്‍ സിബിഐ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കോടതിയില്‍ സമര്‍പ്പിക്കേണ്ട കല്‍ക്കരികുംഭകോണ അന്വേഷണറിപ്പോര്‍ട്ടില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചെന്ന വിവരം പിന്നീട് പുറത്തുവന്നു. മാര്‍ച്ച് 12ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് രാഷ്ട്രീയ ഉന്നതര്‍ കണ്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാന്‍ ജസ്റ്റിസുമാരായ ആര്‍ എം ലോധ, ജെ ചെലമേശ്വര്‍, മദന്‍ ബി ലൊക്കൂര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് സിബിഐയോട് നിര്‍ദേശിച്ചു. ഏപ്രില്‍ 26 നകം ഇതുസംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. മാര്‍ച്ച് എട്ടിന് സമര്‍പ്പിച്ച അന്വേഷണ പുരോഗതിറിപ്പോര്‍ട്ട് താന്‍ പരിശോധിച്ച് അംഗീകരിച്ചതാണെന്ന് സിബിഐ ഡയറക്ടര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. കോടതിയില്‍ സമര്‍പ്പിക്കുംമുമ്പ് റിപ്പോര്‍ട്ടിന്റെ കരട് കേന്ദ്ര നിയമമന്ത്രി കണ്ടിരുന്നു. അദ്ദേഹത്തിന്റെ താല്‍പ്പര്യപ്രകാരമാണ് റിപ്പോര്‍ട്ട് പരിശോധിച്ചത്. പ്രധാനമന്ത്രികാര്യാലയത്തിലെയും കല്‍ക്കരിമന്ത്രാലയത്തിലെയും ജോയിന്റ് സെക്രട്ടറിതലത്തിലുള്ള ഓരോ ഉദ്യോഗസ്ഥരും റിപ്പോര്‍ട്ട് കണ്ടിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ഭരണനേതൃത്വത്തിലെ ആരും കണ്ടിട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ട് ഭാവിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളും ഭരണനേതൃത്വത്തിലെ ആരെയും കാണിക്കില്ലെന്ന് ഉറപ്പുനല്‍കുന്നു-മാര്‍ച്ച് എട്ടിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മറ്റാരെങ്കിലും കണ്ടിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് സിബിഐ ഡയറക്ടര്‍ ഇങ്ങനെ മറുപടി നല്‍കി.
2006-09 കാലയളവില്‍ കല്‍ക്കരിഖനികള്‍ അനുവദിച്ചതില്‍ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് നേരത്തെ സിബിഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഖനനത്തിനായി രംഗത്തുവന്ന കമ്പനികളുടെ യോഗ്യത പരിശോധിച്ചില്ല. കമ്പനികള്‍ തെറ്റായ വിവരങ്ങളാണ് സര്‍ക്കാരിന് നല്‍കിയത്. 2006-09 കാലയളവില്‍ കൂടുതല്‍ സമയത്തും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെയാണ് കല്‍ക്കരിവകുപ്പ് കൈകാര്യംചെയ്തിരുന്നത്. സിബിഐ അന്വേഷണം നേരായ ദിശയില്‍ പോയാല്‍ മന്‍മോഹന്‍സിങ് തന്നെയാകും പ്രതിസ്ഥാനത്ത്. ഈ അപകടം മുന്നില്‍ കണ്ടാണ് അന്വേഷണപുരോഗതി റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്താന്‍ പ്രധാനമന്ത്രികാര്യാലയവും നിയമമന്ത്രാലയവും നേരിട്ട് ഇടപെട്ടത്. കല്‍ക്കരി കേസില്‍ സിബിഐ അന്വേഷണം വിശ്വസനീയമല്ലെന്നും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. മുന്‍ മുഖ്യതെരഞ്ഞെടുപ്പു കമീഷണര്‍ എന്‍ ഗോപാലസ്വാമി, മുന്‍ നാവികസേനാ മേധാവി എല്‍ രാംദാസ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട കോമണ്‍കോസ് എന്ന സംഘടനയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
(എം പ്രശാന്ത്)
deshabhimani 270413
Labels:
കല്‍ക്കരി ലേല ഇടപാട്,
വാര്‍ത്ത,
സിബിഐ
Subscribe to:
Post Comments (Atom)
No comments:
Post a Comment