Saturday, April 27, 2013

വര്‍ണനൂലിലെ ചിത്രകവിതകള്‍


കലയ്ക്കുവേണ്ടിയുള്ള ആത്മാര്‍പ്പണത്തെ ഹൃദയംതൊട്ട് അറിയുക ഈ ചിത്രങ്ങള്‍ കാണുമ്പോഴാണ്. നിറങ്ങള്‍ നൃത്തമാടുന്ന നൂലിഴകളില്‍ പിറന്നുവീണ അനേകം ചിത്രങ്ങള്‍ ചിത്രകലയിലെ പുതിയൊരു സംസ്കാരത്തിന്റെ പിറവി കുറിക്കുകയാണ്. ഈ ചിത്രങ്ങള്‍ കണ്ടിറങ്ങുന്ന ആര്‍ക്കും കലാകാരന്റെ ക്ഷമയെയും വര്‍ണബോധത്തെയും സമര്‍പ്പണത്തെയും വാഴ്ത്താതിരിക്കാനാവില്ലെന്നുറപ്പ്. കണ്ടുപരിചയിച്ച ചിത്രങ്ങളില്‍നിന്നും ചിത്രമെഴുത്ത് രീതികളില്‍നിന്നും മാറി നടക്കുന്നുണ്ട് പുതുക്കുടി രാജീവ് നാരായണന്റെ ചിത്രങ്ങള്‍. ബ്രഷും നിറങ്ങളും പാലറ്റുമില്ലാതെ പിറവികൊള്ളുന്നവയാണ് ഈ ചിത്രങ്ങള്‍. കണ്ണൂര്‍ ചേമ്പര്‍ ഹാളിലെ "ത്രെഡ് ആര്‍ട്ട്" ചിത്രപ്രദര്‍ശനം ചിത്രരചനയിലെ പുതുസങ്കേതമാണ് പരിചയപ്പെടുത്തുന്നത്. രാജീവ് സ്വന്തമായി രൂപപ്പെടുത്തിയ രചനാരീതിയാണിത്. പശതേച്ച വിവിധ നിറങ്ങളിലുള്ള നൂലിഴകള്‍ മുറിച്ചും നുറുക്കിയും പകുത്തും ഒട്ടിച്ചുചേര്‍ത്തുമാണ് ചിത്രരചന. ദിവസങ്ങളും മാസങ്ങളും നീളും ഒരു ചിത്രത്തിന്റെ രചന പൂര്‍ത്തിയാവാന്‍. പിഴവുകള്‍ തിരുത്താന്‍ അവസരമില്ലെന്നതിനാല്‍ സൂക്ഷ്മതയുടെ പരിപൂര്‍ണതയിലാവണം രചനയുടെ തുടക്കംമുതല്‍ ഒടുക്കംവരെ.

അര മണിക്കൂര്‍ തൊട്ട് 215 ദിവസമെടുത്ത് പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍ വരെയുണ്ട് രാജീവിന്റെ ശേഖരത്തില്‍. ഡാവിഞ്ചിയുടെ "അവസാനത്തെ അത്താഴ"മാണ് കൂട്ടത്തില്‍ ഏറ്റവും വലുത്. വേട്ടയാടിപ്പിടിച്ച മൃഗത്തെ കൊന്നുതിന്നശേഷം നാക്കുകൊണ്ട് നക്കി വെടിപ്പാക്കുന്ന സിംഹമുണ്ട് ചിത്രങ്ങളുടെ കൂട്ടത്തില്‍. വേട്ടയാടലിന്റെ ക്രൗര്യവും വയര്‍ നിറഞ്ഞതിന്റെ ആലസ്യവും നിഴലിക്കുന്നുണ്ട് ഈ ചിത്രത്തില്‍. രവിവര്‍മ്മയുടെ വിഖ്യാതചിത്രം ഹംസവും ദമയന്തിക്കും നൂലില്‍ ചിത്രഭാഷ്യമൊരുക്കിയിരിക്കുന്നു. പ്രകൃതിയും പൂക്കളും മൃഗങ്ങളും പുരാണങ്ങളും മതവും എല്ലാം രാജീവിന്റെ രചനക്ക് വിഷയമാകുന്നു. അമ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. കണ്ണൂര്‍ കാനത്തൂര്‍ സ്വദേശിയായ രാജീവ് കണ്ണൂരിലെ സ്റ്റുഡിയോ ജീവനക്കാരനാണ്. 19 വര്‍ഷം മുമ്പ് ഹോബിയെന്ന നിലയില്‍ തുടങ്ങിയ രചന പിന്നീട് തപസ്യയായി ജീവിതത്തിനൊപ്പം ചേര്‍ക്കുകയായിരുന്നു. പ്ലാറ്റ് ഫോം കണ്ണൂര്‍ എന്ന സംഘടനയാണ് പ്രദര്‍ശനത്തിന്റെ സംഘാടകര്‍. വാണിദാസ് എളയാവൂരും രാജീവിന്റെ അമ്മ രജനിയും ചേര്‍ന്നാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. കേണല്‍ വി പി സുരേശന്‍, പൊലീസ് അസിസ്റ്റന്റ് കമാന്‍ഡന്റ് അബ്ദുള്‍ നിസാര്‍ എന്നിവര്‍ സംസാരിച്ചു. പ്രദര്‍ശനം ശനിയാഴ്ചയും തുടരും.

deshabhimani 270413

No comments:

Post a Comment