Friday, April 26, 2013

പ്രതിഷേധങ്ങളെ പൊലീസ് അടിച്ചമര്‍ത്തുന്നു


രാജ്യത്ത് നടക്കുന്ന പ്രതിഷേധസമരങ്ങള്‍ പൊലീസ് അടിച്ചമര്‍ത്തുകയാണെന്ന് സുപ്രീംകോടതി. ഡല്‍ഹിയില്‍ അഞ്ചുവയസ്സുകാരി ബലാത്സംഗം ചെയ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളെ പൊലീസ് കൈകാര്യംചെയ്തത് പരാമര്‍ശിച്ചാണ് കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്.

ഡല്‍ഹിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത യുവതിയെ മര്‍ദിച്ചതിലും അലിഗഢില്‍ വൃദ്ധസ്ത്രീക്കെതിരെയുണ്ടായ അക്രമത്തിലും കോടതി സ്വമേധയാ കേസെടുത്തു. ബലാത്സംഗത്തിനെതിരെ പ്രതിഷേധിച്ച യുവതിയെ അസിസ്റ്റന്റ് കമീഷണര്‍ മര്‍ദിച്ചതിനെ കുറിച്ച് ഡല്‍ഹി പൊലീസ് കമീഷണര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ജസ്റ്റിസ് ജി എസ് സിങ്വിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ വൃദ്ധയെ പൊലീസ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരും സത്യവാങ്മൂലം സമര്‍പ്പിക്കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പൊലീസ് അക്രമത്തില്‍ ആശങ്ക പ്രകടിപ്പിച്ച കോടതി മേലില്‍ ഇത്തരം പരാതികള്‍ ഉണ്ടാകുന്നപക്ഷം ശക്തമായി ഇടപെടാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് വ്യക്തമാക്കി.

സ്ത്രീകള്‍ക്കെതിരായ പൊലീസ് അക്രമം വച്ചു പൊറുപ്പിക്കില്ല. മൃഗങ്ങള്‍പോലും മടിക്കുന്ന കാര്യങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്തുകൂട്ടുന്നത്. ബലാത്സംഗം ചെയ്യപ്പെട്ട അഞ്ചു വയസ്സുകാരിയെ പ്രവേശിപ്പിച്ച കിഴക്കന്‍ ഡല്‍ഹിയിലെ ആശുപത്രിക്കുമുന്നിലാണ് യുവതിയെ പൊലീസ് ഉദ്യോഗസ്ഥന്‍ ചെകിട്ടത്തടിച്ചത്. യുവതിയുടെ ചെവിയില്‍നിന്ന് ചോര ഒഴുകുന്ന വിധമായിരുന്നു അടി. സ്ത്രീകളോടുള്ള പൊലീസിന്റെ സമീപനം വെളിപ്പെടുത്തുന്നതാണ് സംഭവമെന്ന് കോടതി നിരീക്ഷിച്ചു. വൃദ്ധയെ ഡിഎസ്പി മര്‍ദിച്ചതില്‍ രോഷം പ്രകടിപ്പിച്ച കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഇത്തരം സംഭവം നടക്കുന്നതില്‍ ലജ്ജയില്ലേ എന്നാരാഞ്ഞു. നിങ്ങള്‍ക്ക് ബോധമില്ലേ? ആയുധമില്ലാതെ നില്‍ക്കുന്ന ഒരു സ്ത്രീയെ മര്‍ദിക്കാന്‍ പൊലീസിന് എങ്ങനെ കഴിയുന്നു?- ജസ്റ്റിസ് സിങ്വി ചോദിച്ചു.

പൊലീസ് നവീകരണത്തിന് നിയമം നടപ്പാക്കാന്‍ സുപ്രീംകോടതി 2006ല്‍ ഉത്തരവിട്ടിരുന്നു. സംസ്ഥാനങ്ങളില്‍ സുരക്ഷാ കമീഷനുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചു. നിയമം നിലവില്‍വന്ന സംസ്ഥാനങ്ങള്‍ അവയുടെ പകര്‍പ്പ് കോടതിയെ സഹായിക്കാന്‍ നിയോഗിച്ച അമിക്കസ് ക്യൂറി ഹരീഷ് സാല്‍വേയ്ക്ക് നല്‍കണം. സുരക്ഷാ കമീഷനുകളുടെ പ്രവര്‍ത്തനം ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ നിരീക്ഷണത്തിലാക്കുന്നത് പരിഗണിക്കും. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വന്‍തോതില്‍ റിപ്പോര്‍ട്ട് ചെയ്ത രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളോട് സംസ്ഥാന സുരക്ഷാ കമീഷനുകള്‍ രൂപീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാനും ബെഞ്ച് നിര്‍ദേശിച്ചു.

ഇത്തരം കേസുകള്‍ കൈകാര്യംചെയ്യേണ്ട വ്യവസ്ഥകള്‍ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിക്കേണ്ട ആവശ്യം അന്ന് ഉണ്ടായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ സ്ഥിതി മറിച്ചാണ്. ഡല്‍ഹി, പഞ്ചാബ്, ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പൊലീസിന് പങ്കാളിത്തമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. മഹാത്മാഗാന്ധി ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ഈ അക്രമങ്ങള്‍ കണ്ട് അദ്ദേഹം പല പ്രാവശ്യം മരിച്ചുപോയേനെ- കോടതി അഭിപ്രായപ്പെട്ടു.

deshabhimani 260413

No comments:

Post a Comment