Saturday, April 27, 2013
കര്‍ണാടകം: പ്രമുഖ കക്ഷികളില്‍ ക്രിമിനല്‍ വാഴ്ച
നിയമസഭാതെരഞ്ഞെടുപ്പില്‍ ആര്‍ക്ക് ഭൂരിപക്ഷം കിട്ടിയാലും കോടീശ്വരന്മാരും ക്രിമിനലുകളും സംസ്ഥാനം നിയന്ത്രിക്കും. സംസ്ഥാനത്തെ കോണ്‍ഗ്രസ്, ബിജെപി, കെജെപി, ബിഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങി പ്രമുഖ പാര്‍ടികളുടെയൊക്കെ സ്ഥാനാര്‍ഥിപട്ടികയില്‍ ഭൂരിഭാഗവും കോടിപതികളും ക്രിമിനലുകളുമാണ്. "കര്‍ണാടക ഇലക്ഷന്‍ വാച്ച്" എന്ന സന്നദ്ധ സംഘടന നടത്തിയ പഠനത്തില്‍ ബംഗളൂരു നഗരത്തില്‍ തന്നെ, മത്സരിക്കുന്ന 156 സ്ഥാനാര്‍ഥികളില്‍ 76 ശതമാനവും അതിസമ്പന്നരാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളിലാണ് കോടീശ്വരന്മാര്‍ കൂടുതല്‍. ഗോവിന്ദരാജ നഗറില്‍ മത്സരിക്കുന്ന പ്രിയകൃഷ്ണയാണ് ഇതില്‍ മുന്നില്‍. 910 കോടിയാണ് കൃഷ്ണയുടെ ആസ്തി. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികള്‍ കൂടുതല്‍ ബിജെപിയിലാണ്. ബംഗളൂരുവിലെ ബിജെപി സ്ഥാനാര്‍ഥികളില്‍ 30 ശതമാനവും ക്രിമിനല്‍ ബന്ധമുള്ളവരാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ 28 ശതമാനമാണ് ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍. ജനതാദള്‍ സ്ഥാനാര്‍ഥികളില്‍ 19 ശതമാനവും കെജെപിയുടെ 18 ശതമാനവും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. ഇത്തവണ മത്സരിക്കുന്ന 40 സിറ്റിങ് എംഎല്‍എമാര്‍ ക്രിമിനല്‍കേസില്‍ ഉള്‍പ്പെട്ടവരാണണെന്നും പഠനം വെളിപ്പെടുത്തുന്നു.
അതേസമയം, പ്രചാരണം മുറുകിയതോടെ കര്‍ണാടകത്തില്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്താമെന്ന ബിജെപിയുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റിരിക്കുകയാണ്. മെയ് അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ 224 മണ്ഡലങ്ങളില്‍ ഭൂരിഭാഗം സീറ്റുകളിലും കോണ്‍ഗ്രസ്, ബിജെപി, ജനതാദള്‍ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയിട്ടുണ്ട്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള കെജെപി പല സ്ഥലങ്ങളിലും ശക്തിതെളിയിക്കുമെന്നത് ബിജെപിക്ക് ഭീഷണിയാകുന്നുണ്ട്. അഴിമതിയാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം. ബിജെപിസര്‍ക്കാരിന്റെ അഞ്ചുവര്‍ഷ ഭരണകാലത്തെ അഴിമതിയാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്. കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരിന്റെ അഴിമതിയുടെ പട്ടിക നിരത്തി ഇതിനെ പ്രതിരോധിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഖനി, ഭൂമാഫിയ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെയുള്ള ലോകായുക്ത കേസുകള്‍ ഉയര്‍ത്തിക്കാട്ടി രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രചാരണം നടത്തി. 2ജി സ്പെക്ട്രം ഉള്‍പ്പടെയുള്ള അഴിമതിക്കഥകളുമായി മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയും സുഷമ സ്വരാജും ഉള്‍പ്പടെയുള്ളവര്‍ ബിജെപിക്കുവേണ്ടി പ്രചാരണരംഗത്തുണ്ട്. ബംഗളൂരു സ്ഫോടനം മുതലെടുത്ത് തീവ്രവാദിപ്രശ്നം വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയമാകുമെന്നു കരുതിയ കാവേരി നദീജലപ്രശ്നം വലിയ ചര്‍ച്ചയായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തില്‍, ഇക്കുറിയും ഗ്രാമീണമേഖലകളാണ് ജനതാദള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2004ലെ തെരഞ്ഞെടുപ്പില്‍ ദേവഗൗഡയുടെ ജനതാദളിന് 58 സീറ്റ് ലഭിച്ചിരുന്നു. എന്നാല്‍, 2008ല്‍ 28 സീറ്റ് നേടാനേ ജനതാദളിന് സാധിച്ചുള്ളൂ. സിപിഐ എം നേതൃത്വത്തില്‍ ഇടതുപക്ഷപാര്‍ടികള്‍ മുന്നോട്ടുവയ്ക്കുന്ന ബദല്‍ആശയങ്ങളെ പ്രതീക്ഷയോടെയാണ് കര്‍ണാടക ജനത കാണുന്നത്. "മഡെസ്നാന" തുടങ്ങിയ ജാതീയ അനാചരങ്ങള്‍ക്കെതിരെ സിപിഐ എം നടത്തിയ പ്രക്ഷോഭങ്ങള്‍ക്ക് സംസ്ഥാനത്ത് മികച്ച പ്രതികരണമാണ് ലഭിച്ചത്. 30 സീറ്റില്‍ ഇടതുപക്ഷപാര്‍ടികള്‍ മത്സരിക്കുന്നുണ്ട്.
(വികാസ് കാളിയത്ത്)
deshabhimani 270413
Labels:
കോണ്‍ഗ്രസ്,
ബിജെപി
Subscribe to:
Post Comments (Atom)
No comments:
Post a Comment