Tuesday, April 30, 2013

മന്ത്രിമാരുടെ സൗദി സന്ദര്‍ശനം പ്രഹസനമായി


സൗദി അറേബ്യയില്‍ മുള്‍മുനയില്‍ കഴിയുന്ന പതിനായിരക്കണക്കിന് മലയാളികളടക്കം വരുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് കേന്ദ്രമന്ത്രിതല സംഘത്തിന്റെ സന്ദര്‍ശനംകൊണ്ട് പ്രത്യേകിച്ച് ഗുണമുണ്ടാവില്ല. സൗദി സര്‍ക്കാര്‍ സ്വദേശിവല്‍ക്കരണം തുടരുന്നതിനിടയിലും ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ചില വിട്ടുവീഴ്ചകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് നിരാശയാണ് മന്ത്രിമാരുടെ സന്ദര്‍ശനം നല്‍കിയത്. പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സംയുക്ത സമിതിയെ നിയോഗിക്കല്‍ മാത്രമാണ് ഉണ്ടായ തീരുമാനം. ഇരു രാജ്യങ്ങളിലേയും മന്ത്രിമാരുടെ കൂടിക്കാഴ്ചയിലെ സ്വഭാവിക നടപടി മാത്രമായാണ് ഈ നടപടി വിലയിരുത്തപ്പെടുത്തത്. കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് കേന്ദ്രസംഘം നേതാവായ പ്രവാസിമന്ത്രി വയലാര്‍ രവി തന്നെ വ്യക്തമാക്കികഴിഞ്ഞു.

തങ്ങളെ അലട്ടുന്ന നിരവധി വിഷയങ്ങളാണ് പ്രവാസികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. സൗദിയിലെത്തിയ ഉന്നതതല സംഘത്തിന് മുന്നിലും പ്രവാസി സംഘടനകള്‍ ആശങ്കകള്‍ പങ്കുവച്ചു. രേഖ ശരിയാക്കുന്നതിന് സൗദി രാജാവ് അനുവദിച്ച മൂന്നുമാസം ഇളവ് ആറുമാസമാക്കാന്‍ വഴിതേടുക, പൊതുമാപ്പ് പ്രഖ്യാപിക്കുന്നതിന് നയതന്ത്ര നീക്കം നടത്തുക, പിടിക്കപ്പെടുന്ന ഇന്ത്യക്കാരെ തടവില്‍ വിടാതെ നാട്ടിലെത്തിക്കുക, കയറ്റിവിടുന്നവരുടെ വിമാനക്കൂലി വഹിക്കുക, നിയമകുരുക്കില്‍ പെടുന്നവരെ സഹായിക്കാന്‍ നിയമസഹായസെല്‍ രൂപീകരിക്കുക, എംബസിയിലും കോണ്‍സുലേറ്റിലും മറ്റ് ദൂര സ്ഥലങ്ങളിലും ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് പ്രവാസി സമൂഹം അവതരിപ്പിച്ചത്. എന്നാല്‍ ഇതില്‍ ഒന്നു പോലും മുഖവിലയ്ക്കെടുത്തില്ല. സൗദിയുമായി ചേര്‍ന്ന് തീരുമാനിക്കേണ്ടതല്ലാത്ത, കേന്ദ്രസര്‍ക്കാറിന് മാത്രം ചെയ്യാവുന്ന കാര്യങ്ങളില്‍പോലും അനുകൂല സമീപനം സംഘത്തില്‍ നിന്ന് ഉണ്ടായിട്ടില്ല. സൗദി സ്വദേശിവല്‍ക്കരണം സംബന്ധിച്ച് ഇന്ത്യയിലെ മാധ്യമങ്ങള്‍ അനാവശ്യ ഭീതി സൃഷ്ടിച്ചെന്നാണ് മന്ത്രി വയലാര്‍ രവി പ്രതികരിച്ചത്. സൗദിയില്‍ ഇന്ത്യന്‍ പൗരന്‍മാരായ തൊഴിലാളികള്‍ക്ക് ഒരു പ്രശ്നവുമില്ലെന്നാണ് മന്ത്രിമാര്‍ ആവര്‍ത്തിക്കുന്നത്.
(ടി എം മന്‍സൂര്‍)

deshabhimani

No comments:

Post a Comment