Friday, April 26, 2013

അട്ടപ്പാടി പാക്കേജില്‍ പഴയ വാഗ്ദാനങ്ങള്‍ മാത്രം

പട്ടിണിയും ദാരിദ്ര്യവും കാരണം കുട്ടികള്‍ മരിച്ചു വീഴുന്ന അട്ടപ്പാടിയില്‍ സര്‍ക്കാര്‍ പുതിയ പാക്കേജ് എന്ന് പറഞ്ഞ് പ്രഖ്യാപിച്ചത് മുന്‍ വാഗ്ദാനങ്ങള്‍. യുഡിഎഫ് മന്ത്രിസഭ അധികാരത്തില്‍ വന്നതിനുശേഷം മന്ത്രിമാര്‍ അട്ടപ്പാടിയില്‍ എത്തി പലവട്ടം പ്രഖ്യാപിച്ച കാര്യങ്ങളാണ് മന്ത്രിസഭാ തീരുമാനമായി മുഖ്യമന്ത്രി അറിയിച്ചത്. കുട്ടികളുടെ കൂട്ടമരണം 19 ആയിട്ടും ഫലപ്രദമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. പല ഭാഗത്തും കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണ്. ഛര്‍ദിയും അതിസാരവും പിടിച്ചു ഒരുബാലിക കൂടി വ്യാഴാഴ്ച മരിച്ചു. കുടുതല്‍ മരണത്തിനുള്ള സാധ്യതയുമുണ്ട്.

പ്രാക്തന ഗോത്രവിഭാഗമായ കുറുമ്പരുടെ ക്ഷേമത്തിനായി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച പാക്കേജ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പട്ടികവര്‍ഗമന്ത്രിയായിരുന്ന എ കെ ബാലന്‍ കേന്ദ്രത്തില്‍നിന്ന് വാങ്ങിയെടുത്തതാണ്. കേരളത്തിന് 148 കോടിരൂപയാണ് അന്ന് അനുവദിച്ചത്. ഇതില്‍ 25 കോടി രൂപ പാലക്കാട് ജില്ലക്ക് അന്നേ നീക്കിവച്ചിരുന്നു. അതില്‍ 16 കോടി അട്ടപ്പാടിക്ക് നല്‍കാനും തീരുമാനമായിരുന്നു. എന്നാല്‍ നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. അതാണ് മുഖ്യമന്ത്രി പുതിയ പാക്കേജില്‍ ആവര്‍ത്തിച്ചത്. അട്ടപ്പാടി ഹില്‍സ് ഏരിയഡെവലപ്മെന്റ് സൊസൈറ്റിയുടെ (അഹാഡ്സ)് പ്രവര്‍ത്തനം മാര്‍ച്ചില്‍ അവസാനിപ്പിച്ചപ്പോള്‍ പ്രഖ്യാപിച്ചതാണ് കേന്ദ്ര കാര്‍ഷിക പാക്കേജ്, ഇതിനായി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പലവട്ടം ഡല്‍ഹിയാത്ര നടത്തി. എന്നാല്‍ പാക്കേജ് ഇതുവരെ ലഭിച്ചിട്ടില്ല. ഈ വാഗ്ദാനവും മുഖ്യമന്ത്രി ആവര്‍ത്തിച്ചിട്ടുണ്ട്. അഹാഡ്സിലെ ആദിവാസി യുവാക്കളെ വനം വാച്ചറോ ഹോംഗാര്‍ഡോ ആക്കുമെന്ന് കഴിഞ്ഞ മാര്‍ച്ച് മുതല്‍ പറയുന്നു. ഈ പ്രഖ്യാപനവും പുതിയ പാക്കേജിലുണ്ട്. പുതിയകുപ്പിയിലെ പഴയ വീഞ്ഞ്മാത്രമായി അട്ടപ്പാടി പാക്കേജ് മാറി.

deshabhimani 260413

No comments:

Post a Comment