Friday, April 26, 2013

സ്ഥിരം ക്രിമിനലുകള്‍; ഒന്നാംപ്രതി കൊലക്കേസിലും


കണ്ണൂര്‍: കൊലപാതകവും വധശ്രമവും ഉള്‍പ്പെടെയുള്ള നിരവധി അക്രമസംഭവങ്ങളില്‍ പങ്കാളികളായ കൊടുംക്രിമിനലുകളാണ് നാറാത്തെ ആയുധപരിശീലനത്തിനിടെ പിടിയിലായ പോപ്പുലര്‍ ഫ്രണ്ടുകാരില്‍ മിക്കവരും. ഒന്നാംപ്രതി ശിവപുരത്തെ പി വി അസീസ് ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനര്‍ പുന്നാട്ടെ അശ്വിനികുമാറിനെ വധിച്ച കേസിലെ ഒന്നാംപ്രതിയാണ്. രണ്ടാംപ്രതി ഏച്ചൂര്‍ ആയിഷ കോട്ടേജിലെ പി സി ഫഹദ് മൂന്ന് സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി. മറ്റുള്ളവരും അറിയപ്പെടുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍. അശ്വിനികുമാര്‍ വധത്തെ തുടര്‍ന്ന് ഏറെക്കാലം ഒളിവിലായിരുന്ന അസീസിനെ ആദ്യഘട്ടത്തില്‍ പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഒന്നാംപ്രതിയെ ഒഴിവാക്കിയായിരുന്നു കേസ് വിചാരണ. പിന്നീട് നാട്ടിലെത്തി കോടതിയില്‍ നേരിട്ട് ഹാജരാവുകയായിരുന്നു. ഈ കേസ് വിചാരണഘട്ടത്തിലാണ്. മറ്റു നിരവധി അക്രമക്കേസുകളിലും പ്രതിയാണ് അസീസ്. പിടിയിലായ 21 പേരില്‍ പതിമൂന്നും മുഴപ്പിലങ്ങാട്, എടക്കാട് മേഖലയിലുള്ളവര്‍. ഇവര്‍ എല്ലാവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്.

മുഴപ്പിലങ്ങാട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം പി ഹാബിസിനെ കഴിഞ്ഞ ജനുവരിയില്‍ എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിസരത്തുവച്ച് ആക്രമിച്ച കേസില്‍ പ്രതികളാണ് നാലു പേര്‍. എസ്ഡിപിഐ കെട്ടിനകം ബ്രാഞ്ച് സെക്രട്ടറി ബൈത്തുല്‍ റാഹയിലെ സി റിയാസ്(23), ആയിഷ മന്‍സില്‍ പി ജംഷീര്‍(20), ഷിജില്‍ നിവാസിലെ വി ഷിജില്‍(23), സുബൈദ വില്ലയിലെ പുഞ്ചിരി സിറാജ് എന്ന കെ പി റബാഹ് എന്നിവര്‍. മുഴപ്പിലങ്ങാട് പ്രദേശത്തെ അറിയപ്പെടുന്ന ക്രിമിനലുകളാണ് നാലുപേരും. എടക്കാടെ മണപ്പുറം പള്ളിക്കു സമീപത്തെ കെട്ടിടത്തില്‍നിന്ന് ബോംബ് ശേഖരം പിടിച്ചെടുത്തതിനെ തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് നാട് വിടുകയും അടുത്ത കാലത്തായി തിരിച്ചുവന്ന് സജീവപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരുമാണ് എടക്കാടുനിന്നുള്ളവര്‍. ബീച്ച് റോഡിലെ എ പി മിസാജ് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനാണ്. ബീച്ച് റോഡിലെ ജമീല മന്‍സിലില്‍ എ ജെ ഫൈസല്‍, മാര്‍വാ മന്‍സിലില്‍ പി എം അജ്മല്‍ എന്നിവര്‍ കുറ്റിക്കകം, എടക്കാട്, തോട്ടട, നടാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ സിപിഐ എം ഓഫീസുകള്‍ ആക്രമിച്ച കേസുകളില്‍ പ്രതികളാണ്.

പ്രഹസനമാക്കി പൊലീസ് റെയ്ഡ്

കാസര്‍കോട്: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസിന്റെ റെയ്ഡ് നാടകം. കണ്ണൂര്‍ നാറാത്ത് മൂന്നുദിവസം മുമ്പ് നടത്തിയ റെയ്ഡില്‍ ആയുധങ്ങളും ലഘുലേഖകളും കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസ് "റെയ്ഡ്" നടത്തിയത്. പെരുമ്പളക്കടവിനടുത്തുള്ള ജില്ലാകമ്മിറ്റി ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ലഘുലേഖകളും ബുക്കുകളും ഏതാനും സിഡികളും പിടികൂടിയെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല. റെയ്ഡിന് വരുന്നുണ്ടെന്ന വിവരം മുന്‍കൂട്ടി അറിയിച്ച ശേഷമാണ് പൊലീസുകാര്‍ പരിശോധനക്കെത്തുന്നതെന്ന ആക്ഷേപം ശരിവയ്ക്കുന്നതായിരുന്നു വ്യാഴാഴ്ചത്തെ റെയ്ഡ്. കാഞ്ഞങ്ങാട്ടും മഞ്ചേശ്വരത്തും പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയെങ്കിലും ഒന്നും പിടികൂടാനായില്ല. കണ്ണൂരിലെ സംഭവം നടക്കുന്നതിനും നാളുകള്‍ക്ക് മുമ്പേ നായന്മാര്‍മൂലയിലും പെരുമ്പളയിലും രഹസ്യകേന്ദ്രങ്ങളില്‍ ആയുധങ്ങള്‍ ശേഖരിച്ച് പരിശീലനം നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അന്നൊന്നും റെയ്ഡ് നടത്താന്‍ തയ്യാറാകാത്ത പൊലീസ് കണ്ണൂര്‍ സംഭവം കഴിഞ്ഞ് മൂന്നുദിവസത്തിന് ശേഷം നടത്തിയ റെയ്ഡ് പരിഹാസമുളവാക്കുന്നതായി. രഹസ്യമായുള്ള എന്തെങ്കിലുമുണ്ടെങ്കില്‍ മാറ്റാനുള്ള സമയം അനുവദിച്ചാണ് റെയ്ഡ്. ജില്ലയുടെ ചില കേന്ദ്രങ്ങളില്‍ തീവ്രവാദ പരിശീലനമുണ്ടെന്ന് വളരെ മുമ്പേ പൊലീസിനറിയാമെങ്കിലും ഭരണകക്ഷിയുടെ അപ്രീതി ഭയന്നാണ് നടപടി സ്വീകരിക്കാതിരുന്നത്. നാറാത്തെ കേന്ദ്രം പിടിച്ചതോടെയാണ് തീവ്രവാദ പ്രവര്‍ത്തനം ആഴത്തില്‍ വേരോടിയിട്ടുണ്ടെന്ന് ബോധ്യമായത്.

ഗ്രീന്‍വാലിയില്‍ പൊലീസ് റെയ്ഡ്

മഞ്ചേരി: പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനകേന്ദ്രമായ മഞ്ചേരി ഞാവലിലെ ഗ്രീന്‍വാലിയില്‍ റെയ്ഡ്. ഭീകരവാദ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നടത്തിവരുന്ന ഇവിടം മാരകായുധങ്ങള്‍ സൂക്ഷിച്ചതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ആരംഭിച്ച റെയ്ഡ് ഏഴുവരെ നീണ്ടു. മലപ്പുറം ഡിവൈഎസ്പി എസ് അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. ഏറെക്കാലമായി പോപ്പുലര്‍ ഫ്രണ്ട്, എന്‍ഡിഎഫ് ആയുധ പരിശീലന കേന്ദ്രമായ ഗ്രീന്‍വാലിയില്‍ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നിരവധിപേര്‍ പരിശീലനത്തിന് എത്താറുണ്ട്. മുമ്പ് പലതവണ റെയ്ഡ് നടന്നിട്ടുണ്ട്. അര്‍ധരാത്രിയില്‍ വെടിയുടെ ശബ്ദം കേട്ടത് മുമ്പ് സമീപവാസികള്‍ പൊലീസില്‍ അറിയിച്ചിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡ് വിവരം ചോര്‍ന്നു; ആയുധങ്ങളുള്‍പ്പെടെ മാറ്റി

കല്‍പ്പറ്റ: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡ്വിവരം ചോര്‍ന്നു. ഓഫീസുകളില്‍നിന്നും ആയുധം ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തകര്‍ മാറ്റി. ജില്ലയിലെ 12കേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച പൊലീസ് ഒരേസമയം റെയിഡ് നടത്തിയത്. പകല്‍ 11ന് ആയിരുന്നു റെയ്ഡ്. വിവരം ചോര്‍ന്നതിനെ തുടര്‍ന്ന്റെയ്ഡ് പ്രഹസനമായി. കണ്ണൂര്‍ നാറാത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍നിന്നും ബോംബും ആയുധങ്ങളും പിടിച്ചെടുത്ത സാഹചര്യത്തിലായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയരൂപമായ എസ്ഡിപിഐയുടെ ഓഫീസുകളില്‍ റെയ്ഡ് നടത്തിയത്. കല്‍പ്പറ്റയിലെ ജില്ലാകമ്മിറ്റി ഓഫീസുള്‍പ്പെടെ റെയ്ഡ് ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍നിന്നും ലഘുലേഖകളും ബാനറുകളുമാണ് പൊലീസിന് ലഭിച്ചത്. പൊലീസില്‍നിന്നുതന്നെയാണ് റെയ്ഡ്വിവരം ചോര്‍ന്നത്. സാധാരണയിലേതുപോലെ റെയ്ഡിന് രഹസ്യസ്വഭാവം ഉണ്ടായിരുന്നില്ല. റെയിഡെന്നപേരില്‍ പലകേന്ദ്രങ്ങളിലും പൊലീസ് സൗഹൃദസന്ദര്‍ശനം നടത്തുകയാണ് ചെയ്തത്.

പോപ്പുലര്‍ഫ്രണ്ട് കേന്ദ്രങ്ങളില്‍ ആയുധം ഉള്‍പ്പെടെയുണ്ടെന്ന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നതായി ഉന്നതപൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കല്‍പ്പറ്റ, മാനന്തവാടി, പടിഞ്ഞാറത്തറ, വെള്ളമുണ്ട ഏഴേനാല്‍, വെള്ളമുണ്ട 10-ാംമൈല്‍, വെള്ളമുണ്ട 12-ാം മൈല്‍, തരുവണ, വാളാട്, പേര്യ, മേപ്പാടി കാപ്പുംകൊല്ലി, നെടുങ്കരണ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. മാനന്തവാടി താലൂക്കിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന ശക്തികേന്ദ്രങ്ങളിലെല്ലാം റെയ്ഡ് നടത്തി. ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പ്രവര്‍ത്തനം സജീവമാണ്. രഹസ്യക്യാമ്പുകളും ആയുധപരിശിലനവും നടത്തുന്നതായി നേരത്തെതന്നെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ആളുകളെ തീവ്രവാദത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുന്നത്. തീവ്രവാദകേസുകളില്‍ വയനാട്ടുകാരുള്‍പ്പെടെ പ്രതികളാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യരൂപമായ എന്‍ഡിഎഫിന്റെ കേന്ദ്രങ്ങളില്‍ നേരത്തെയും റെയ്ഡ് നടത്തിയിട്ടുണ്ട്. അന്നും വിവരം ചോര്‍ന്നിരുന്നു. പൊലീസിലുള്ളവര്‍തന്നെയുളളവരാണ് വിവരം ചോര്‍ത്തുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ വര്‍ഗീയപ്രവര്‍ത്തനങ്ങള്‍ ഗ്രാമങ്ങളിലുള്‍പ്പെടെ അസ്വസ്ഥത പടര്‍ത്തുന്നതാണ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ചുണ്ടിക്കാണിച്ച് ആര്‍എസ്എസും വര്‍ഗീയത വളര്‍ത്തുകയാണ്.

deshabhimani

No comments:

Post a Comment