Tuesday, April 30, 2013

നാല് സാക്ഷികളുടെ കോള്‍ റെക്കോഡ് ഹാജരാക്കാന്‍ ഉത്തരവ്

 ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ നാല് പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊബൈല്‍ഫോണ്‍ കോള്‍റെക്കോഡ് ഹാജരാക്കണമെന്ന് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി. പ്രതിഭാഗം അഭിഭാഷകരുടെ ഹര്‍ജിയിലാണ് ജഡ്ജി ആര്‍ നാരായണ പിഷാരടിയുടെ ഉത്തരവ്. ഒന്നുമുതല്‍ മൂന്നുവരെ സാക്ഷികളായ കെ കെ പ്രസീത്, ടി പി രമേശന്‍, ടി പി മനീഷ്കുമാര്‍, 48-ാം സാക്ഷി പ്രകാശന്‍ എന്നിവരുടെ ഫോണ്‍വിളികളുടെ രേഖകളും മൊബൈല്‍ ടവര്‍ ലൊക്കേഷനും മെയ് 15നുമുമ്പ് ഹാജരാക്കണമെന്ന് ഉത്തരവില്‍ പറഞ്ഞു. വോഡഫോണ്‍, ബിഎസ്എന്‍എല്‍ നോഡല്‍ ഓഫീസര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്ന് തെളിയിക്കാനാണ് അവരുടെ ഫോണ്‍വിളികളുടെ വിശദാംശം തേടി പ്രതിഭാഗം ഹര്‍ജി നല്‍കിയത്. ഒന്നാംസാക്ഷി പ്രസീതിന്റെ 9048014554 നമ്പറിന്റെയും രണ്ടാംസാക്ഷി രമേശന്റെ 8086149223 നമ്പറിന്റെയും മൂന്നാംസാക്ഷി മനീഷ്കുമാറിന്റെ 9496682127 നമ്പറിന്റെയും 2012 മെയ് നാല് മുതല്‍ ഒമ്പത് വരെയുള്ള കോള്‍ റെക്കോഡുകളാണ് ഹാജരാക്കേണ്ടത്.48-ാം സാക്ഷി പ്രകാശന്റെ 2012 മെയ് 25ന്റെ കോള്‍ റെക്കോഡും ഹാജരാക്കണം. കേസ് ഡയറിയിലെ 94-ാം സാക്ഷി കെ ഭാസ്കരന്റെ ഫോണ്‍നമ്പറിന്റെ വിശദാംശം ലഭ്യമാക്കണമെന്ന ഹര്‍ജി കോടതി അനുവദിച്ചില്ല. പ്രോസിക്യൂഷന്‍ ഭാസ്കരനെ വിസ്തരിക്കാത്തതും നമ്പര്‍ ഏതാണെന്ന് ആരും മൊഴിനല്‍കാത്തതിനാലുമാണിത്. ഭാസ്കരന്റെ നമ്പര്‍ 9447847450 ആകാമെന്ന സൂചന മാത്രമേ കോടതിയുടെ മുമ്പിലുള്ളൂവെന്ന് ഉത്തരവില്‍ പറഞ്ഞു.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട രാത്രി 10.15 മുതല്‍ പിറ്റേന്ന് പകല്‍ 11.30 വരെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതായി ഓര്‍മയില്ലെന്നായിരുന്നു പ്രസീതിന്റെ മൊഴി. എന്നാല്‍ സംഭവദിവസം രാത്രി 10നുശേഷം കുരിക്കിലാട്ടുവച്ച് പ്രസീതിന്റെ ഫോണില്‍നിന്ന് കോള്‍ പോയതായി പ്രതിഭാഗം ക്രോസ് വിസ്താരത്തില്‍ ചൂണ്ടിക്കാട്ടി. പ്രസീത് ഇത് നിഷേധിച്ചിരുന്നു. സംഭവസ്ഥലത്ത് രണ്ടാംസാക്ഷി രമേശന്‍ ഉണ്ടായിരുന്നില്ലെന്നും പിറ്റേന്നുമുതല്‍ ചന്ദ്രശേഖരന്റെ വീട്ടിലും പരിസരത്തുമാണ് ഉണ്ടായിരുന്നതെന്നും പ്രതിഭാഗം ക്രോസ് വിസ്താരത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പിറ്റേന്നുമുതല്‍ ഒമ്പത് വരെ കാര്‍ത്തികപ്പള്ളിയിലെ പിതൃസഹോദരന്റെ വീട്ടിലായിരുന്നുവെന്നാണ് രമേശന്‍ നല്‍കിയ മൊഴി. സംഭവത്തിനുശേഷം മൂന്നാംസാക്ഷി മനീഷ്കുമാര്‍ ആര്‍എംപി നേതാക്കളെ വിളിച്ചതായി പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. കേസ് ഡയറിയിലെ 52-ാംസാക്ഷി സുരേഷിനെ വിളിച്ചതിന്റെ രേഖയും ഹാജരാക്കി. എന്നാല്‍ സാക്ഷി ഇത് നിഷേധിക്കുകയായിരുന്നു. 48-ാം സാക്ഷി പ്രകാശന്‍ കേസ് ഡയറിയിലെ 94-ാംസാക്ഷി കെ ഭാസ്കരനെ കഴിഞ്ഞവര്‍ഷം ഏപ്രില്‍ 25ന് വിളിച്ചു എന്ന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഭാസ്കരനെ പ്രോസിക്യൂഷന്‍ വിസ്തരിച്ചില്ല. ഇതിന്റെയെല്ലാം സത്യാവസ്ഥ പുറത്തുവരാനാണ് പ്രതിഭാഗം ഹര്‍ജി നല്‍കിയത്.

പ്രതികളുടെ ജയില്‍മാറ്റം: ഡിജിപിക്ക് കോടതിയുടെ രൂക്ഷവിമര്‍ശം

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രണ്ടുപേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയ ജയില്‍ ഡിജിപിയുടെ നടപടി നിയമവിരുദ്ധവും ക്രമവിരുദ്ധവുമാണെന്ന് പ്രത്യേക അഡീഷണല്‍സെഷന്‍സ് കോടതി. സിജിത് എന്ന അണ്ണന്‍ സിജിത്, പി കെ കുഞ്ഞനന്തന്‍ എന്നിവരെ കണ്ണൂരില്‍നിന്ന് മാറ്റിയ ജയില്‍ ഡിജിപിയുടെ ഉത്തരവിനെ ജഡ്ജി ആര്‍ നാരായണ പിഷാരടി രൂക്ഷമായി വിമര്‍ശിച്ചു. കേസ് വിചാരണ പുരോഗമിക്കുന്നതിനാല്‍ ഇരുവരെയും കോഴിക്കോട് ജില്ലാ ജയിലില്‍തന്നെ പാര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇരുവരെയും കണ്ണൂരിലേക്ക് മാറ്റാനുള്ള ഹര്‍ജി അനുവദിച്ചില്ല. വിചാരണക്കോടതി അറിയാതെ റിമാന്‍ഡ് പ്രതികളെ മാറ്റുന്നത് നിയമവിരുദ്ധമാണെന്ന് മഹാരാഷ്ട്ര സര്‍ക്കാരും സയീദ് സഹൈല്‍ ഷെയ്ക്കും തമ്മിലുള്ള കേസിലെ ഈവര്‍ഷത്തെ സുപ്രീംകോടതിവിധി ഉദ്ധരിച്ച് കോടതി വ്യക്തമാക്കി.

കോടതിയുടെ അനുമതി തേടാതെയാണ് ജയില്‍ ഡിജിപിയുടെ ഉത്തരവുണ്ടായത്. കോടതിയില്‍ അപേക്ഷപോലും നല്‍കിയില്ല. രണ്ടുപേരെയും കോഴിക്കോട്ടേക്ക് മാറ്റിയത് കോടതിയെ അറിയിക്കാനുള്ള സാമാന്യമര്യാദപോലും ജയില്‍ ഡിജിപി കാണിച്ചില്ല. പ്രതിഭാഗത്തിന്റെ പരാതിയില്‍ കണ്ണൂര്‍ ജയില്‍ സൂപ്രണ്ടില്‍നിന്ന് വിശദീകരണം തേടിയപ്പോഴാണ് വിവരം കോടതി അറിഞ്ഞത്. ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഇരുവരും ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും കണ്ണൂര്‍ ജയിലില്‍ കിട്ടുന്ന ഭക്ഷണവും ചികിത്സയും കോഴിക്കോട്ട് ലഭിക്കുന്നില്ലെന്നും അതിനാല്‍ കണ്ണൂരിലേക്കുതന്നെ മാറ്റണമെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹര്‍ജി നല്‍കിയത്. എന്നാല്‍ കണ്ണൂരിലേതിനെക്കാള്‍ സൗകര്യം കോഴിക്കോട്ട് ലഭിക്കുമെന്ന് കോടതി വിലയിരുത്തി. സിജിത്തിനുവേണ്ടി അഡ്വ. പി വി ഹരിയും പി കെ കുഞ്ഞനന്തനുവേണ്ടി അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പുമാണ് ഹര്‍ജി നല്‍കിയത്. കുഞ്ഞനന്തന്റെ ചികിത്സാരേഖകളും ഹാജരാക്കിയിരുന്നു.

deshabhimani 300413

No comments:

Post a Comment