പെണ്ണുങ്ങള്‍ സാഹിത്യരംഗത്തേക്ക് വരുന്നത് കൊടുംപാതകമാണെന്ന സന്ദേശവുമായി തൃശൂര്‍ അതിരൂപത. പെണ്ണുഴുത്തുകാര്‍ക്കെതിരെ തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാസഭ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. പെണ്ണഴുത്തുകാരെ വെറുതേ വിടാന്‍ കത്തോലിക്കാസഭയ്ക്ക് ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയ സെപ്തംബര്‍ ലക്കത്തിന്റെ എഡിറ്റോറിയലും ചില ലേഖനങ്ങളും.
കഴിഞ്ഞലക്കം കത്തോലിക്കാസഭയില്‍ മാധ്യമജാലകം എന്ന പംക്തിയില്‍ മാധവിക്കുട്ടി, സാറാ ജോസഫ് തുടങ്ങിയ എഴുത്തുകാരികളെ ലൈംഗീകഅരാജകത്വത്തിന്റെ എഴുത്തുകാരികളായി ചിത്രീകരിച്ചതിനു പത്രം പുലിവാലുപിടിച്ചതാണ്. അതിന്റെ തുടര്‍ച്ചെയെന്നോണമാണ് ഈ ലക്കവും.
ഒന്നാംപേജില്‍തന്നെ 'അഭിമാനപൂര്‍വ്വം ആറാംവര്‍ഷത്തിലേക്ക്' എന്ന തലക്കെട്ടില്‍ മാനേജിംഗ് എഡിറ്റര്‍ ഡോ. ഡേവിസ് തെക്കേക്കരയുടെ എഡിറ്റോറിയല്‍ ആദ്യഭാഗം കത്തോലിക്കാസഭ പ്രസിദ്ധീകരണം ആരംഭിച്ചതുമുതല്‍ ഇതുവരെയുള്ള നേട്ടങ്ങളെപ്പറ്റിയാണ് പറയുന്നതെങ്കില്‍ പിന്നീടങ്ങോട്ട് ഓഗസ്റ്റ് ലക്കത്തെ പെണ്ണെഴുത്തുമായി ബന്ധപ്പെട്ട ലേഖനത്തിന് ലഭിച്ച സ്വീകാര്യതയെയും അതുണ്ടാക്കിയ വിവാദങ്ങളെയും പറ്റിയുള്ളതാണ്. പെണ്ണുഴുത്തിനെതിരെയുള്ള 'കത്തോലിക്കാസഭ'യുടെ നിലപാടിനെ വിമര്‍ശിച്ചവര്‍ ബൗദ്ധിക അഹന്തയും സാംസ്‌കാരിക ഫാസിസവും ബാധിച്ചവരാണെന്ന അഭിപ്രായമാണ് ഡോ. തെക്കേക്കരയുടേത്.
സഭയ്ക്ക് പെണ്ണെഴുത്തായാലും ആണെഴുത്തായാലും ഒന്നുതന്നെയാണെന്നും സര്‍ഗരചനയ്ക്ക് ലിംഗഭേദമുണ്ടെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും എഡിറ്റോറിയലില്‍ സൂചനയുണ്ട്. കഴിഞ്ഞ പത്തമ്പതു കൊല്ലത്തിനിടെ കേരള സമൂഹത്തില്‍ സ്ത്രീകളുടെ പങ്കിനെയും പങ്കാളിത്തത്തെയും പറ്റി വേരുറച്ചിട്ടുള്ള ചിന്താധാരകളെ സ്ത്രീപക്ഷവാദികള്‍ കാണാത്തത് വലിയ അത്ഭുതമായിട്ടാണ് ഡോ. തെക്കേക്കര വിലയിരുത്തുന്നത്.
സെപ്തംബര്‍ ലക്കത്തിന്റെ പത്താംപേജിലാണ് കൗതുകമുണര്‍ത്തുന്ന മറ്റൊരു ലേഖനം. ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയാനാണ് അത് എഴുതിയിരിക്കുന്നത്. 'പുരുഷവിദ്വേഷമാണ് പെണ്ണെഴുത്തിന്റെ മുഖമുദ്രയെന്ന് എന്തിനും ഏതിനും പടിഞ്ഞാറോട്ടു നോക്കുന്ന ഇവിടത്തെ പെണ്ണെഴുത്തുകാര്‍ വിശ്വസിക്കുന്നുണ്ട്. സ്ത്രീ വിമോചനപ്രസ്ഥാനത്തിന്റെ തുടക്കത്തിലിതിന് പ്രസക്തിയുണ്ടായിട്ടുണ്ട്. അധികാരം പുരുഷന്‍ കയ്യടക്കിവച്ച് സ്ത്രീയെ അടിമയാക്കി ജീവിച്ച സ്ഥലത്തും കാലത്തും ഈ കുതറിച്ചാടല്‍ ആവശ്യംതന്നെ. എന്നാല്‍ ഇന്ന് കാലംമാറി. എതിര്‍പ്പിന്റെ വജ്രം കെട്ടിയ വടിയുമായി എന്നും നടക്കാമെന്നാണ് നമ്മുടെ ചില പാവം എഴുത്തുകാരികള്‍ കരുതുന്നത്...' ഷൊര്‍ണൂര്‍ കാര്‍ത്തികേയന്റെ ലേഖനത്തിലെ ഏതാനും വരികളാണ് ഇവ. പെണ്ണിന്റെ കാര്യം പറയാന്‍ പെണ്ണുതന്നെ വേണമെന്നില്ലെന്നാണ് കാര്‍ത്തികേയന്റെ നിരീക്ഷണം. അതിനദ്ദേഹം പുരാണങ്ങളിലെയും മറ്റും കഥാപാത്രങ്ങളെ വര്‍ണിക്കുന്നുമുണ്ട്.
പുരുഷനില്‍ നിന്ന് കിട്ടേണ്ടതെല്ലാം കണക്കുപറഞ്ഞ് പിടിച്ചുവാങ്ങി അതില്‍ പിറന്ന കുട്ടികളെ പോറ്റിവളര്‍ത്തിയ സുഖവുമനുഭവിച്ച് പ്രായപൂര്‍ത്തിയായ പെണ്‍മക്കളെയെല്ലാം താനിച്ഛിച്ച പുരുഷനോടൊപ്പം പറഞ്ഞയച്ച്, പേരക്കുട്ടികളെ മാറോടടക്കിപ്പിടിച്ച് വിശ്വാമിത്രമഹര്‍ഷിയെപ്പോലെ ബ്രഹ്മാനന്ദ സഹോദരമായ പരനിര്‍വൃതി അനുഭവിക്കുന്നവരല്ലേ മലയാളത്തിലെ പെണ്ണെഴുത്തുകാരെന്നും എന്നിട്ടുമവര്‍ പുരുഷനു നേരെ പോരാടുന്നുവെന്നും കാര്‍ത്തികേയന്‍ നിരീക്ഷിക്കുന്നു. പതിനൊന്നാം പേജില്‍ 'മാധ്യമജാലകത്തിലൂടെ പങ്കുവച്ചത് പൊതുസമൂഹത്തിന്റെ ആശങ്ക'യാണെന്ന തലക്കെട്ടില്‍ അഭിപ്രായങ്ങളും പ്രതികരണങ്ങളുമുണ്ട്. തങ്ങളുടെ അഭിപ്രായം പൊതുസമൂഹത്തിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമവും 'കത്തോലിക്കാസഭ' നടത്തിയിട്ടുണ്ട്.
സ്ത്രീ സഭയില്‍ ശബ്ദിക്കരുതെന്നും എന്തെങ്കിലും കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ വീട്ടില്‍ പോയി ഭര്‍ത്താവിനോട് ചോദിച്ചുമനസിലാക്കട്ടെ എന്നുമുള്ള പൗളൈന്‍ സിദ്ധാന്തം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മുറുകെ പിടിക്കുകയാണ് 'കത്തോലിക്കാസഭ'. ആഗോള കത്തോലിക്കാസഭയുടെ മാര്‍പ്പാപ്പ ഫ്രാന്‍സിസ് പോലും തന്റെ സ്ത്രീപക്ഷ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. മാര്‍പ്പാപ്പയായി സ്ഥാനമേറ്റെടുത്ത് ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ പെസഹവ്യാഴത്തിന് അദ്ദേഹം പാദക്ഷാളനകര്‍മം നടത്തിയവരില്‍ രണ്ടുപേര്‍ സ്ത്രീകളായിരുന്നു. അവരില്‍തന്നെ ഒരാള്‍ മുസ്ലീം യുവതിയും. ഇതൊക്കെ അതിരൂപത മറന്നുപോയോ എന്നാണ് സാധാരണ വിശ്വാസികളുടെ ചോദ്യം
സിജോ പൊറത്തൂര്‍ janayugom 020913
No comments:
Post a Comment