Sunday, September 1, 2013

സിറ്റിങ് ജഡ്ജിതന്നെ വേണം: എല്‍ഡിഎഫ്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഓഫീസും ഉള്‍പ്പെടുകയും സംസ്ഥാനത്തെയാകെ ബാധിക്കുകയും ചെയ്യുന്ന സോളാര്‍ തട്ടിപ്പുകേസിന്റെ അന്വേഷണത്തിന് ഹൈക്കോടതി സിറ്റിങ് ജഡ്ജിയെത്തന്നെ ഉറപ്പാക്കണമെന്ന് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സിറ്റിങ് ജഡ്ജിതന്നെ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നുള്ള ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്നും എല്‍ഡിഎഫ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് നടത്തുന്ന, മുഖ്യമന്ത്രിക്കെതിരായ ബഹിഷ്കരണവും കരിങ്കൊടികാട്ടലും പൂര്‍വാധികം ശക്തമാക്കുമെന്നും വൈക്കം വിശ്വന്‍ വ്യക്തമാക്കി.

സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന ആവശ്യത്തില്‍നിന്ന് സര്‍ക്കാര്‍ ബോധപൂര്‍വം പിന്നോട്ടുപോവുകയാണ്. ഇത് ഒരുകാരണവശാലും അംഗീകരിക്കില്ല. സിറ്റിങ് ജഡ്ജിയെ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയെക്കൊണ്ട് കത്തയപ്പിച്ചത് തികച്ചും ലാഘവബുദ്ധിയോടെയാണ്. മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഓഫീസ്, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയ ഉന്നതര്‍ക്ക് ബന്ധമുള്ള വന്‍ തട്ടിപ്പിനെക്കുറിച്ച്, കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് കത്തയച്ചുവെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജ് പ്രതിയായ തട്ടിപ്പുകേസില്‍ ടെലിഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ നല്‍കാതിരിക്കാന്‍പോലും ഹൈക്കോടതിയില്‍ അഡ്വക്കറ്റ് ജനറലിനെ ഹാജരാക്കിയ സര്‍ക്കാര്‍, സംസ്ഥാനത്തെയാകെ ബാധിക്കുന്ന തട്ടിപ്പുകേസില്‍ ഒരു കത്തയച്ചുവെന്ന് പറയുന്നത് പരിഹാസ്യമാണ്. സിറ്റിങ് ജഡ്ജിയെ വിട്ടുകിട്ടാന്‍ ചീഫ് ജസ്റ്റിസിനെ കണ്ട് സംസാരിക്കാനും കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്താനും മുഖ്യമന്ത്രി ശ്രമിച്ചില്ല. ഈ കേസുമായി ബന്ധപ്പെട്ട് കീഴ്ക്കോടതിയുടെ പ്രവര്‍ത്തനത്തില്‍പ്പോലും സംശയമുയരുകയും ഹൈക്കോടതി വിജിലന്‍സ് അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. പൊലീസ് അന്വേഷണവും അട്ടിമറിക്കുകയാണ്. ഹൈക്കോടതിയുടെ ചില ബെഞ്ചുകളില്‍നിന്ന് ഇത്തരം നടപടികള്‍ക്കെതിരായ പരാമര്‍ശങ്ങളുണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങളൊന്നും ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ടേംസ് ഓഫ് റഫറന്‍സിന്റെ കാര്യത്തിലും സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണ്. പ്രതിപക്ഷം കത്ത് നല്‍കാന്‍ രണ്ടുദിവസം വൈകിയെന്ന് പറഞ്ഞവര്‍, കത്ത് നല്‍കിയശേഷം രണ്ടു മന്ത്രിസഭായോഗം ചേര്‍ന്നിട്ടും ഒളിച്ചുകളി തുടരുന്നു. പൊലീസ് അന്വേഷണംപോലെ ജുഡീഷ്യല്‍ അന്വേഷണവും അട്ടിമറിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണത്തില്‍നിന്ന് ഒളിച്ചോടാനുള്ള ഈ നീക്കം അനുവദിക്കില്ല. മറ്റു പല കേസുകളും ഗൗരവമായി അവതരിപ്പിച്ചപ്പോള്‍ സിറ്റിങ് ജഡ്ജിയെ കിട്ടിയിട്ടുണ്ട്. അതിനായി കാര്യകാരണങ്ങള്‍ സഹിതം ഉന്നതനീതിപീഠത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണം. അതിനുപകരം എങ്ങനെ അന്വേഷണം തട്ടിമാറ്റാമെന്നാണ് ഉമ്മന്‍ചാണ്ടി നോക്കുന്നത്. ഇത് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഭൂഷണമല്ലെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. എല്‍ഡിഎഫ് യോഗത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷനായി.

deshabhimani

No comments:

Post a Comment