Monday, September 16, 2013

അജ്ഞാതസ്രോതസ്സുകളില്‍നിന്ന് വരുമാനമില്ല: സിപിഐ എം

സിപിഐ എമ്മിന്റെ വരുമാനത്തില്‍ ഗണ്യമായ പങ്ക് അജ്ഞാതസ്രോതസ്സുകളില്‍നിന്നാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പാര്‍ടി കേന്ദ്ര കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സര്‍ക്കാരിതര സംഘടനയുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ള മാധ്യമവാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് പ്രസ്താവനയില്‍ അറിയിച്ചു.

ആശയക്കുഴപ്പമുണ്ടാക്കുന്ന മാധ്യമറിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ വരുമാനത്തിന്റെ സ്വഭാവവും വിശദാംശങ്ങളും വ്യക്തമാക്കാന്‍ താല്‍പ്പര്യപ്പെടുകയാണ്. വരുമാനത്തെക്കുറിച്ചും വരുമാനസ്രോതസ്സുകളെക്കുറിച്ചും പാര്‍ടിക്ക് ഒന്നും ഒളിച്ചുവയ്ക്കാനില്ല. ആദായനികുതി നിയമവും ജനപ്രാതിനിധ്യനിയമവും അനുസരിച്ച് എല്ലാ രാഷ്ട്രീയപാര്‍ടികളും വരുമാനവും ചെലവും ഉള്‍പ്പെടെ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇരുപതിനായിരത്തില്‍ കൂടുതല്‍ സംഭാവന നല്‍കുന്നവരുടെ വിശദാംശങ്ങളും നല്‍കണം. തെരഞ്ഞെടുപ്പ് കമീഷനും ആദായനികുതിവകുപ്പിനും സിപിഐ എം സ്ഥിരമായി വരവുചെലവുകണക്ക് സമര്‍പ്പിക്കാറുണ്ട്.

ഇരുപതിനായിരത്തില്‍ കൂടുതല്‍ സംഭാവന നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ മേല്‍വിലാസവും പാന്‍നമ്പരുമടക്കം നല്‍കും. നിയമപ്രകാരം ഇരുപതിനായിരത്തില്‍ താഴെ സംഭാവന നല്‍കുന്നവരുടെ വിശദാംശങ്ങള്‍ നല്‍കേണ്ടതില്ല. ഇത് അടിസ്ഥാനമാക്കിയാണ് സിപിഐ എമ്മിന്റെ വരുമാനത്തിന്റെ ഗണ്യഭാഗവും അജ്ഞാതസ്രോതസ്സുകളില്‍നിന്നാണെന്നും പാര്‍ടി ഇത് വെളിപ്പെടുത്തുന്നില്ലെന്നുമുള്ള പ്രചാരണം. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റുചെയ്ത 2011-12ലെ അക്കൗണ്ട്കണക്ക് സിപിഐ എം സമര്‍പ്പിച്ചിട്ടുണ്ട്. മുന്‍കാലങ്ങളിലും ഇതേപോലെ കണക്ക് നല്‍കിയിട്ടുണ്ട്. 2011-12ലെ കണക്ക് സിപിഐ എം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. 2011-12 കണക്കുപ്രകാരം സിപിഐ എമ്മിന്റെ വരുമാനം 103,84,65,122 രൂപയാണ്. കേന്ദ്ര കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റികളുടെയും ജില്ല- ഏരിയ- ലോക്കല്‍ കമ്മിറ്റികളുടെയും ചേര്‍ന്നുള്ള വരുമാനമാണിത്.

സിപിഐ എം ഭരണഘടനപ്രകാരം ഓരോ പാര്‍ടി അംഗവും വരുമാനത്തിന്റെ നിശ്ചിതശതമാനം പാര്‍ടിക്ക് ലെവിയായി നല്‍കേണ്ടതുണ്ട്. ഇതോടൊപ്പം രണ്ടു രൂപ അംഗത്വഫീയായും നല്‍കണം. ലെവി ഇനത്തില്‍ 41,63,37,169 (ആകെ വരുമാനത്തിന്റെ 40.09 ശതമാനം) രൂപയാണ് പാര്‍ടിക്ക് ലഭിച്ചത്. അംഗത്വഫീസായി 20,91,262 (0.20 ശതമാനം) രൂപയും ലഭിച്ചു. നിലവില്‍ പത്തുലക്ഷത്തിലേറെ പാര്‍ടി അംഗങ്ങള്‍ സിപിഐ എമ്മിനുണ്ട്. 52,49,03,619 രൂപ (ആകെ വരുമാനത്തിന്റെ 50.55 ശതമാനം) പാര്‍ടി അംഗങ്ങളുടെയും അനുഭാവികളുടെയും പൊതുജനങ്ങളുടെയും സംഭാവനയായി ലഭിച്ചിട്ടുണ്ട്.

വാര്‍ഡ്, വില്ലേജ്, താലൂക്ക്, ഏരിയ, സംസ്ഥാന തലങ്ങളിലാണ് സംഭാവനകള്‍ സ്വീകരിക്കാറുള്ളത്. ബ്രാഞ്ചുമുതല്‍ കേന്ദ്ര കമ്മിറ്റിവരെയുള്ള പാര്‍ടി ഘടകങ്ങളാണ് സംഭാവനകള്‍ സ്വീകരിക്കുന്നത്. വരവുചെലവുകണക്കിന്റെ വിശദാംശങ്ങള്‍ ഓരോ പാര്‍ടിഘടകവും സൂക്ഷിക്കാറുണ്ട്. കേന്ദ്ര കമ്മിറ്റിക്കുതാഴെയുള്ള ഓരോഘടകവും തൊട്ട് മേല്‍ഘടകത്തിന് വരവുചെലവുകണക്കിന്റെ വിശദാംശം സമര്‍പ്പിക്കും. സംസ്ഥാന കമ്മിറ്റികള്‍ കേന്ദ്രകമ്മിറ്റിക്ക് കണക്ക് നല്‍കും. ഇതെല്ലാം ചേര്‍ത്തുള്ള വിശദമായ കണക്കാണ് തെരഞ്ഞെടുപ്പ് കമീഷനും ആദായനികുതിവകുപ്പിനും നല്‍കുന്നത്.

ദരിദ്രജനവിഭാഗങ്ങള്‍ നല്‍കുന്ന ചെറിയ സംഭാവനകളാണ് പാര്‍ടിയുടെ മുഖ്യ വരുമാനസ്രോതസ്സ്. വരുമാനത്തിന്റെ വിശദാംശങ്ങളെക്കുറിച്ചും സംഭാവന നല്‍കുന്നവരുടെ പട്ടികസംബന്ധിച്ചും പാര്‍ടിക്ക് ഒന്നും ഒളിക്കാനില്ല. അറിയപ്പെടുന്ന സ്രോതസ്സുകളില്‍നിന്നാണ് പാര്‍ടിക്ക് ലഭിക്കുന്ന ഓരോവരുമാനവും. പത്തുലക്ഷത്തിലേറെ വരുന്ന പാര്‍ടി അംഗങ്ങളുടെയും ലക്ഷക്കണക്കിന് വരുന്ന മറ്റ് സംഭാവനക്കാരുടെയും വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുകയെന്ന കാര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.

നിക്ഷേപങ്ങളുടെ പലിശ ഇനത്തില്‍ ലഭിച്ച 8,17,96,333 രൂപയും പലവക വരുമാന ഇനത്തില്‍ (പഴയ പത്രങ്ങളുടെയും ഉപകരണങ്ങളുടെയും ഫര്‍ണിച്ചറുകളുടെയും വാഹനങ്ങളുടെയുമൊക്കെ വില്‍പ്പന) ലഭിച്ച 1,33,36,739 രൂപയുമാണ് പാര്‍ടിയുടെ മറ്റ് വരുമാനങ്ങള്‍- കേന്ദ്ര കമ്മിറ്റി അറിയിച്ചു.

deshabhimani

No comments:

Post a Comment