Monday, September 16, 2013

മുസഫര്‍ നഗര്‍ കലാപം: പ്രകോപനം സൃഷ്ടിച്ചവരെ ഉടന്‍ അറസ്റ്റുചെയ്യണം

മുസഫര്‍നഗറില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്തിയെന്ന കുറ്റാരോപണം നേരിടുന്നവരെയെല്ലാം ഉടന്‍ അറസ്റ്റുചെയ്യണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സിപിഐ എം ആവശ്യപ്പെട്ടു. ശനിയാഴ്ച മുസഫര്‍ നഗര്‍ സന്ദര്‍ശിച്ച സിപിഐ എം പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കിയ പാര്‍ടി കേന്ദ്രകമ്മിറ്റിയംഗം സുഭാഷിണി അലിയും ബംഗാളില്‍നിന്നുള്ള ലോക്സഭാംഗം സെയ്ദുള്‍ ഹഖുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

സംഘര്‍ഷ സാധ്യതകള്‍ മുന്‍കൂട്ടി അറിഞ്ഞിട്ടും കലാപം തടയുന്നതില്‍ സര്‍ക്കാര്‍പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് സുഭാഷിണി അലിയും സെയ്ദുള്‍ ഹഖും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാല് ആവശ്യങ്ങളാണ് മുഖ്യമായും മുന്നോട്ടുവയ്ക്കാനുള്ളതെന്ന് ഇരുവരും പറഞ്ഞു. 1). വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ട എല്ലാവരെയും അടിയന്തരമായി അറസ്റ്റുചെയ്യണം. 2). ദുരിതാശ്വാസ നടപടികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ശരിയായ രീതിയില്‍ നടപ്പാക്കണം. 3). കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും വിവേചനം കൂടാതെ അടിയന്തരമായി നഷ്ടപരിഹാരം നല്‍കണം. 4). സമാധാനം പുനഃസ്ഥാപിക്കുന്നതിനും നിലനിര്‍ത്തുന്നതിനും സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണം. വീടുകള്‍ വിട്ട് പലായനംചെയ്തവരെ മടക്കി കൊണ്ടുവരുന്ന പ്രക്രിയക്ക് തുടക്കമിടുകയും അവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണം.

മുസഫര്‍ നഗര്‍ മേഖലയില്‍ പൂവാലശല്യം വലിയൊരു പ്രശ്നമാണ്. ഇത് ഏതെങ്കിലും സമുദായത്തെമാത്രം ബാധിക്കുന്ന കാര്യമല്ല. എല്ലാ വിഭാഗത്തില്‍പ്പെടുന്ന പെണ്‍കുട്ടികളും ഇതിന് ഇരയാകാറുണ്ട്. എന്നാല്‍, ചില ഹിന്ദുത്വ ശക്തികള്‍ ഇത് അവസരമായെടുത്ത് തങ്ങളുടെ അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുകയാണുണ്ടായത്. ആഗസ്ത് ഒമ്പതിന് ഈദ് ദിനത്തില്‍ത്തന്നെ സംഘര്‍ഷ സൂചനകള്‍ വ്യക്തമായിരുന്നു. ഈദ്ഗാഹിനു മുന്നില്‍വച്ച് ഇദ്രിസ് എന്ന വ്യക്തിയെ പ്രദീപ് എന്നയാള്‍ വെടിവച്ചു കൊന്നു. ഇദ്രിസിന്റെ മകളെ പ്രദീപ് ശല്യം ചെയ്തതിനെത്തുടര്‍ന്ന് നേരത്തെ ഒച്ചപ്പാടുണ്ടായതാണ്. ഇതിന് പ്രതികാരമായിട്ടായിരുന്നു ഈദ് ദിനത്തിലെ കൊലപാതകം. ഈ ഘട്ടം മുതല്‍ പൊലീസും സര്‍ക്കാരും ജാഗ്രത പാലിച്ചിരുന്നെങ്കില്‍ പ്രശ്നമുണ്ടാകില്ലായിരുന്നുവെന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ പറഞ്ഞു.

സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തില്‍പ്പെട്ടവരും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഏറ്റവുമധികം വേട്ടയാടപ്പെട്ടത് ന്യൂനപക്ഷ വിഭാഗത്തിലുള്ളവരാണ്. ആഗസ്ത് 27ന് മൂന്ന് ചെറുപ്പക്കാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് കലാപം ആളിപ്പടര്‍ന്നത്. കലക്ടറെയും എസ്പിയെയും സ്ഥലംമാറ്റി പുതിയ ആളുകളെ നിയമിച്ചതല്ലാതെ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. നിരോധനാജ്ഞ എങ്ങനെ നടപ്പാക്കണമെന്നുപോലും ധാരണയില്ലായിരുന്നു. പ്രദേശത്തെ ബിജെപി എംഎല്‍എ സോം, സംഘപരിവാറില്‍ ഉള്‍പ്പെട്ട സാധ്വി പ്രാചി തുടങ്ങിയവര്‍ പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ ഭൂരിപക്ഷ വിഭാഗത്തെ ഇളക്കിവിട്ടു.

സെപ്തംബര്‍ ഏഴിന്റെ മഹാപഞ്ചായത്തിന് ശേഷമാണ് കലാപം രൂക്ഷമായത്. മഹാപഞ്ചായത്ത് നിരോധിച്ചിരുന്നെങ്കിലും നിരോധനം നടപ്പാക്കാന്‍ ഒരു നടപടിയുമുണ്ടായില്ല. പൊലീസിന്റെയും മറ്റും സാന്നിധ്യത്തിലായിരുന്നു പ്രകോപനപരമായ പ്രസംഗങ്ങള്‍. ഉത്തരാഖണ്ഡ്, ഹരിയാന തുടങ്ങി മറ്റ് സ്ഥലങ്ങളില്‍നിന്ന് ബിജെപിക്കാര്‍ മഹാപഞ്ചായത്തിലേക്ക് ആളുകളെ കൊണ്ടുവന്നു. മകളെ സംരക്ഷിക്കൂ, ഭാര്യയെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യം മകളെ സംരക്ഷിക്കൂ, ഭാര്യയെ സൃഷ്ടിക്കൂ എന്ന തരത്തിലേക്ക് സംഘപരിവാര്‍ മാറ്റി.

നാല്‍പ്പതിനായിരത്തിലേറെ പേര്‍ ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ക്യാമ്പുകളുടെ അവസ്ഥ ശോചനീയമാണ്. ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഒരുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. മുഖ്യമന്ത്രി എത്തുമെന്ന് അറിഞ്ഞ് ഇപ്പോള്‍ ചില നടപടികള്‍ തുടങ്ങിയിട്ടുണ്ട്. 1947 ല്‍ പോലും കലാപമുണ്ടാകാത്ത സ്ഥലമാണ് മുസഫര്‍ നഗര്‍. ചില ഛിദ്രശക്തികള്‍ സമാധാനാന്തരീക്ഷം ഇല്ലാതാക്കി. ജനങ്ങളുടെ പരസ്പര വിശ്വാസം വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം- സുഭാഷിണിയും സെയ്ദുള്‍ ഹഖും ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment