Friday, October 18, 2013

10 മാസം; മരിച്ചുവീണത് 59 കുരുന്നുകള്‍

ശിശുമരണം തുടരുന്നത് അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ആശങ്കയും ഭീതിയും പടര്‍ത്തുന്നു. ബുധനാഴ്ച ഊത്തുക്കുഴിയില്‍ രണ്ടരമാസം പ്രായമുള്ള കുഞ്ഞുകൂടി മരിച്ചതോടെ അട്ടപ്പാടിയില്‍ അടുപ്പിച്ചുള്ള ശിശുമരണം 59 ആയി. കഴിഞ്ഞ വര്‍ഷം ജനുവരി മുതലാണ് ശിശുമരണം വ്യാപകമായത്. പട്ടിണിയും പോഷകാഹാരക്കുറവുമാണ് ശിശുമരണങ്ങള്‍ക്കും ഗര്‍ഭഛിദ്രങ്ങള്‍ക്കും കാരണമെന്ന് വിവിധ പഠനങ്ങളില്‍ വ്യക്തമായി. "യൂണിസെഫ്" ഉള്‍പ്പെടെയുള്ള സംഘടനകളും ആരോഗ്യ വിദഗ്ധരും നടത്തിയ പഠനങ്ങളിലുമെല്ലാം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകരുകളുടെ പ്രഖ്യാപനങ്ങളില്‍ പലതും ആദിവാസികള്‍ക്ക് ഗുണമാകുന്നില്ല. വിവിധ വകുപ്പുകളുടെ വീഴ്ചയാണ് ശിശുമരണത്തിന് സര്‍ക്കാര്‍ കണ്ടെത്തിയ കാരണങ്ങളിലൊന്ന്. വീഴ്ച പരിഹരിക്കാനുള്ള ശ്രമം ലക്ഷ്യം കണ്ടില്ല. ആരോഗ്യ വകുപ്പില്‍ ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍, ഇപ്പോഴും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ല. എന്‍ആര്‍എച്ച്എം മുഖേന നിയമിക്കുന്ന ഡോക്ടര്‍മാര്‍ ഇവിടെ തുടരാന്‍ താല്‍പ്പര്യം കാണിക്കുന്നില്ല. ജീവനക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ അട്ടപ്പാടിയില്‍ ഇല്ല. പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ കൃഷി വകുപ്പ് നടത്തുന്ന പദ്ധതി തട്ടിപ്പാകുന്നതായും ആക്ഷേപമുണ്ട്. അങ്കണവാടികളുടെ നവീകരണവും എങ്ങുമെത്തിയില്ല. കൗമാരക്കാര്‍ക്കും പ്രായമായവര്‍ക്കും ഊരുകളില്‍ നടപ്പാക്കുന്ന "പൊതു അടുക്കള" പ്രസഹനമായി. അട്ടപ്പാടിയിലെ 85 ശതമാനം പെണ്‍കുട്ടികള്‍ക്കും വിളര്‍ച്ചയുള്ളതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. രക്തത്തില്‍ ഹീമോ ഗ്ലോബിന്റെ അളവും വേണ്ടത്രയില്ല. നവജാത ശിശുക്കള്‍ മരിച്ചതും ഗര്‍ഭഛിദ്രം സംഭവിച്ചതുമായ സ്ത്രീകളില്‍ ഭൂരിപക്ഷത്തിനും വേണ്ടത്ര തൂക്കവും ഉണ്ടായിരുന്നില്ല. പോഷകാഹാരമായി കൊടുക്കുന്ന റാഗി പൊടിക്കാന്‍ ഊരില്‍ സൗകര്യമില്ല. സര്‍ക്കാര്‍ പരിപാടി ഓരോന്നായി പൊളിയുമ്പോള്‍ വീണ്ടും കടന്നുവരുന്ന മരണ വാര്‍ത്തകള്‍ ആദിവാസികളെ ആശങ്കയിലാഴ്ത്തുന്നു.

deshabhimani

No comments:

Post a Comment