Friday, October 18, 2013

നഷ്ടമായത് മികച്ച മാര്‍ക്സിസ്റ്റ് പണ്ഡിതനെ: പ്രകാശ് കാരാട്ട്

മറാത്തി സാഹിത്യകാരനും പ്രമുഖ രാഷ്ട്രീയ ചിന്തകനും പണ്ഡിതനുമായ പ്രൊഫ. ജി പി ദേശ്പാണ്ഡെ അന്തരിച്ചു. 75 വയസ്സായിരുന്നു. ജൂലൈ 15നുണ്ടായ മസ്തിഷ്കാഘാതത്തെതുടര്‍ന്ന് അബോധാവസ്ഥയിലായിരുന്ന അദ്ദേഹം മഹാരാഷ്ട്രയിലെ പുണെയിലാണ് മരിച്ചത്.

ഗോപു എന്നും ജിപിഡി എന്നും അടുപ്പമുള്ളവര്‍ സ്നേഹപൂര്‍വം വിളിച്ചുവന്ന ഗോവിന്ദ് പുരുഷോത്തം ദേശ്പാണ്ഡെ മറാത്തിക്കു പുറമെ സംസ്കൃതം, ഉര്‍ദു, ചൈനീസ്, ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ അവഗാഹം നേടി. മറാത്തി രാഷ്ട്രീയ നാടക പ്രസ്ഥാനത്തിന്റെ ശക്തനായ തുടക്കക്കാരനായിരുന്നു. ഉദ്ധ്വസ്ഥ ധര്‍മശാല, അന്തര്‍യാത്ര, ചാണക്യ വിഷ്ണുഗുപ്ത, രാസ്തേ, സത്യശോധക് എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ നാടകങ്ങളാണ്. ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഈസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് വിഭാഗത്തിലെ പ്രൊഫസറായി 2004ല്‍ വിരമിച്ച അദ്ദേഹം ചൈനയെ സംബന്ധിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ട്.

സംസ്കാരത്തെയും രാഷ്ട്രീയത്തെയും മികവോടെ കൂട്ടിയിണക്കിയ അദ്ദേഹത്തിന്റെ രചനകള്‍ ജനങ്ങള്‍ക്ക് ഒരേസമയം ആസ്വാദ്യവും ചിന്തോദ്ദീപകവുമായിരുന്നു. ധാരാളം കവിതകളുമെഴുതി. ആനുകാലിക പ്രശ്നങ്ങള്‍ സംബന്ധിച്ച് കോളങ്ങളെഴുതിയ ദേശ്പാണ്ഡെ മികച്ച എഡിറ്റര്‍കൂടിയായിരുന്നു. ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്ലി, ജേര്‍ണല്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ഐഡിയാസ് എന്നിവയില്‍ എഡിറ്ററായി പ്രവര്‍ത്തിച്ചു. മഹാരാഷ്ട്രയിലെ നവോത്ഥാന നായകനായ ജ്യോതിബ ഫൂലെയുടെ കൃതികള്‍ സമാഹരിച്ച് ഇംഗ്ലീഷിലേക്ക് അദ്ദേഹം പരിഭാഷപ്പെടുത്തി. ലെഫ്റ്റ്വേഡ് ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ പരേതയായ കാളിന്ദി ദേശ്പാണ്ഡെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ വൈസ് പ്രസിഡന്റായിരുന്നു. മക്കള്‍: സുധന്‍വ ദേശ്പാണ്ഡെ(ലെഫ്റ്റ്വേഡ് ബുക്സ് മാനേജിങ് എഡിറ്റര്‍), അശ്വിനി.

നഷ്ടമായത് മികച്ച മാര്‍ക്സിസ്റ്റ് പണ്ഡിതനെ: പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി: മികച്ച മാര്‍ക്സിസ്റ്റ് പണ്ഡിതനെയാണ് പ്രൊഫ. ജി പി ദേശ്പാണ്ഡെയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. മറാത്തി നാടകവേദിക്ക് മികച്ച സംഭാവന നല്‍കിയ നാടകകൃത്തും വിമര്‍ശകനുമായിരുന്ന ദേശ്പാണ്ഡെ നിരവധി സവിശേഷതയും മികവുമുള്ള വ്യക്തിയായിരുന്നു. സോഷ്യലിസത്തോടും സാമൂഹ്യനീതിയോടും ആഴത്തിലുള്ള പ്രതിബദ്ധത പുലര്‍ത്തിയിരുന്ന ദേശ്പാണ്ഡെ അദ്ദേഹത്തിന്റെ രചനകളില്‍ ഇത് പ്രതിഫലിപ്പിച്ചിട്ടുണ്ട്. സിപിഐ എമ്മുമായും ഇടതുപക്ഷ പ്രസ്ഥാനവുമായും ദീര്‍ഘകാലബന്ധം അദ്ദേഹം പുലര്‍ത്തി. ചൈനയെക്കുറിച്ച് വിശദമായ അറിവുണ്ടായിരുന്ന അദ്ദേഹം ജെഎന്‍യു സര്‍വകലാശാലയിലെ ചൈനീസ് സ്റ്റഡീസ് വിഭാഗത്തില്‍ ഏറെക്കാലം പ്രൊഫസറായിരുന്നു. മക്കളായ സുധന്‍വയുടെയും അശ്വിനിയുടെയും മറ്റു കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രകാശ് കാരാട്ട് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കലയെയും വിജ്ഞാനത്തെയും സാമൂഹ്യ യാഥാര്‍ഥ്യങ്ങളുമായി കൂട്ടിയിണക്കി പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വലിയ സംഭാവന നല്‍കിയ പണ്ഡിതനായിരുന്നു ജി പി ദേശ്പാണ്ഡെയെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment