Friday, October 11, 2013

നിര്‍മാണക്കമ്പനികള്‍ക്ക് വഴങ്ങി വിദേശമദ്യവില 10% കൂട്ടുന്നു

നിര്‍മാണ കമ്പനികളുടെ സ്വാധീനത്തിന് വഴങ്ങി സംസ്ഥാനത്ത് വിദേശമദ്യവില വീണ്ടും കുട്ടുന്നു. ഇതിനായി മദ്യക്കമ്പനികളില്‍നിന്ന് പുതിയ ക്വട്ടേഷന്‍ ക്ഷണിച്ചു. വിലയില്‍ 10 ശതമാനം വര്‍ധന അനുവദിക്കാമെന്ന് ധാരണയായ ശേഷമാണ് ക്വട്ടേഷന്‍ ക്ഷണിച്ചത്. ഇതിന് പിന്നില്‍ കോടികളുടെ അഴിമതി നടന്നതായും ആരോപണമുണ്ട്. എക്സൈസ് മന്ത്രിയുടെ അനുമതിയോടെ നവംബര്‍ ഒന്നുമുതല്‍ മദ്യവില വര്‍ധിപ്പിക്കാനാണ് ധാരണ. കഴിഞ്ഞ ആഗസ്തിലും കമ്പനികള്‍ക്ക് വില വര്‍ധിപ്പിച്ച് നല്‍കിയിരുന്നു. എക്ട്രാ ന്യൂട്രല്‍ ആള്‍ക്കഹാള്‍, ഡീസല്‍ എന്നിവയുടെ വിലവര്‍ധന കണക്കിലെടുത്ത് മദ്യത്തിന്റെ വില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്യക്കമ്പനികള്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. ക്വട്ടേഷന്റെ അവസാന ദിവസമായ ബുധനാഴ്ച 67 കമ്പനികള്‍ തുക ക്വാട്ട് ചെയ്തു നല്‍കി.

കേരളത്തില്‍ വിതരണം ചെയ്യുന്ന മദ്യത്തിന്റെ 60 ശതമാനത്തിലേറെ നിയന്ത്രിക്കുന്ന വിജയ്മല്യയുടെ യുബി ഗ്രൂപ്പ് അടക്കമുള്ള കമ്പനികള്‍ 15 മുതല്‍ 20 ശതമാനം വരെയാണ് വര്‍ധന ആവശ്യപ്പെട്ടിരിക്കുന്നത്. മദ്യത്തിന്റെ വില വര്‍ധിപ്പിക്കുന്നതോടൊപ്പം വില പൂജ്യത്തിലവസാനിക്കുന്ന തുകകളാക്കാനും നീക്കമുണ്ട്. പല മദ്യത്തിന്റെയും വില അഞ്ചില്‍ അവസാനിക്കുന്നതുകൊണ്ട് ചില്ലറ നല്‍കാന്‍ കഴിയുന്നില്ലെന്നും ഇത് ഉപഭോക്താക്കളുമായി തര്‍ക്കത്തിനിടയാക്കുന്നുവെന്നും ജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത് മറയാക്കിയാണ് അധിക വര്‍ധനയ്ക്കും നീക്കം നടത്തുന്നത്. സംസ്ഥാനത്ത് 2012-13 സാമ്പത്തികവര്‍ഷം മദ്യക്കമ്പനികള്‍ 1578 കോടിയുടെ മദ്യമാണ് ബിവറേജ് കോര്‍പറേഷന് വിറ്റത്. പത്തു ശതമാനം വര്‍ധന അനുവദിച്ചാല്‍ കമ്പനികള്‍ക്ക് ഒരു വര്‍ഷം 158 കോടിയുടെ അധിക വരുമാനം ലഭിക്കും. വര്‍ധനയുടെ 20 ശതമാനം തുക മുന്‍കൂറായി പലര്‍ക്കും കമീഷന്‍ നല്‍കിക്കഴിഞ്ഞു. ക്വട്ടേഷന്‍ അടുത്തദിവസംതന്നെ തുറന്ന് പരിശോധിക്കും. തുടര്‍ന്ന് എത്ര ശതമാനം വിലവര്‍ധന അനുവദിക്കാമെന്ന് കോര്‍പറേഷന്‍ ബോര്‍ഡ് കൂടി തീരുമാനിക്കും. സര്‍ക്കാരിന്റെ നയപരമായ തീരുമാനം കൂടി വര്‍ധന നടപ്പാക്കാന്‍ ആവശ്യമുണ്ട്.
(ഡി ദിലീപ്)

deshabhimani

No comments:

Post a Comment