Friday, October 11, 2013

അബ്കാരി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ പ്രസ്താവന പിന്‍വലിക്കണം: സിഐടിയു

കൊച്ചി: ബിവറേജസ് കോര്‍പറേഷനില്‍ ജോലിചെയ്യുന്ന അബ്കാരി വര്‍ക്കര്‍മാരും, പ്യൂണ്‍മുതല്‍ എംഡിവരെയുള്ള മുഴുവന്‍ ജീവനക്കാരും അഴിമതിക്കാരും കൊള്ളക്കാരുമാണെന്ന പ്രസ്താവന പിന്‍വലിച്ച് ഐഎന്‍ടിയുസി നേതാവ് സി കെ രാജന്‍ മാപ്പു പറയണമെന്ന് കേരള സംസ്ഥാന വിദേശമദ്യ വ്യവസായ തൊഴിലാളി യൂണിയന്‍ (സിഐടിയു) സംസ്ഥാന സെക്രട്ടറി സി കെ മണിശങ്കര്‍ ആവശ്യപ്പെട്ടു.

മദ്യം വാങ്ങുന്നവര്‍ക്ക് തൊഴിലാളികള്‍ ബാക്കി ചില്ലറ കൊടുക്കുന്നില്ല, ചോദിക്കുന്ന ബ്രാന്‍ഡ് നല്‍കുന്നില്ല എന്നീ ആരോപണങ്ങള്‍ ശരിയല്ല. അബ്കാരി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍കൂടിയായ ഇദ്ദേഹത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എംഡിയായിരുന്ന ശങ്കര്‍ റെഡ്ഡിയുമായി ചേര്‍ന്ന് ജീവനക്കാരെ ട്രാന്‍സ്ഫര്‍ ചെയ്യിച്ചും നടപടിയെടുപ്പിച്ചും യൂണിയനില്‍ അംഗങ്ങളെ ചേര്‍ക്കാന്‍ ശ്രമിച്ചതല്ലാതെ, സ്ഥാപനത്തിലെ ജീവനക്കാര്‍ക്കുവേണ്ടി സമരരംഗത്തിറങ്ങാനോ ന്യായമായ ആവശ്യങ്ങള്‍ നേടിക്കൊടുക്കാനോ ശ്രമിക്കാത്തയാളാണ് ഇദ്ദേഹം. ഷാപ്പുകളില്‍ ആവശ്യത്തിന് ചില്ലറ എത്തിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം മാനേജ്മെന്റിനാണ്. തിരക്കുള്ള സമയങ്ങളില്‍ കൗണ്ടറില്‍ ചില്ലറ ബാക്കി കൊടുക്കാന്‍ ഇല്ലാതെവന്നാല്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത കൊടുക്കുന്നത് പരിഹാസ്യമാണ്. ഉപഭോക്താക്കള്‍ ചോദിക്കുന്ന മദ്യം വേഗത്തില്‍ എടുത്തുകൊടുക്കാന്‍ കഴിയുന്നവിധത്തില്‍ വിവിധ ബ്രാന്‍ഡുകള്‍ ഡിസ്പ്ലെ ചെയ്യാന്‍ ആവശ്യമായ സ്ഥലം ഔട്ട്ലെറ്റുകളില്‍ ഉണ്ടാക്കിക്കൊടുക്കേണ്ടത് കോര്‍പറേഷനാണ്.

വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ ഔട്ട്ലെറ്റുകളില്‍ ജീവനക്കാരെ നിയമിക്കണം. 12 പേര്‍ വേണ്ട കടകളില്‍ മൂന്നുപേരും നാലുപേരും മാത്രമാണുള്ളത്. 12 മണിക്കൂര്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് തിരുവോണത്തിനുപോലും അവധി കൊടുക്കുന്നില്ല. ഇന്‍സ്പെക്ഷന്റെ പേരില്‍ ജീവനക്കാരെ പീഡിപ്പിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനോ സ്റ്റാഫ് പാറ്റേണ്‍ നടപ്പാക്കാനോ സര്‍വീസുകള്‍ ഭേദഗതി ചെയ്യാനോ തയ്യാറാവാത്ത ഗവണ്‍മെന്റ്, ഉപഭോക്താവിന് ബാക്കി ചില്ലറ കൊടുക്കാന്‍ താമസം വരുത്തിയതിന്റെ പേരില്‍ 200 ഇരട്ടി പിഴയടയ്ക്കണമെന്ന് ഉത്തരവിട്ടത് പ്രാകൃതമാണ്. യുഡിഎഫ് ഗവണ്‍മെന്റിന്റെ തൊഴിലാളിദ്രോഹ നടപടികള്‍ക്കെതിരെ യോജിച്ച പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറാവുന്നതിനുപകരം മാനേജ്മെന്റിന് ഓശാനപാടുന്ന നേതാക്കളെ തിരിച്ചറിയാന്‍ ഐഎന്‍ടിയുസി തൊഴിലാളികള്‍ക്കാവുമെന്നാണ് പ്രതീക്ഷയെന്നും മണിശങ്കര്‍ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment