Friday, October 11, 2013

"സച്ചിന്‍ ഡിക്ലയേഡ് ഇന്നിങ്സ് "

ഒടുവില്‍ അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു വിരമിക്കുന്നു. ഇരുന്നൂറാം ടെസ്റ്റ് എന്ന അനുപമ നേട്ടം കൂടി കൈവരിച്ച ശേഷമാകും ലോക കായികചരിത്രത്തിലെ ഈ അതികായന്‍ ക്രീസ് വിടുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം ബിസിസിഐക്ക് നല്‍കിയ കത്തില്‍ സച്ചിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 24 വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തിന് നവംബറില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയോടെയാണ് അവസാനമാകുക. ഏകദിന ക്രിക്കറ്റില്‍നിന്ന് കഴിഞ്ഞ ഡിസംബറില്‍ സച്ചിന്‍ വിരമിച്ചു.

ഈയിടെ സമാപിച്ച ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റോടെ ട്വന്റി-20യെന്ന കുട്ടിക്രിക്കറ്റിനോടും വിടചൊല്ലി. 1989 നവംബര്‍ 15ന് കറാച്ചിയില്‍ പാകിസ്ഥാനെതിരെ അരങ്ങേറിയ സച്ചിന്‍ ക്രിക്കറ്റിലെ അത്ഭുതമായി പിന്നീടു മാറി. 198 ടെസ്റ്റ്, 463 ഏകദിനം, ഒരു ട്വന്റി-20. റെക്കോഡുകളുടെ റെക്കോഡുമായാണ് മടക്കം. ടെസ്റ്റില്‍ 15,837 റണ്ണും ഏകദിനത്തില്‍ 18,426 റണ്ണും അടിച്ചുകൂട്ടി. 53.86 ബാറ്റിങ് ശരാശരിയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റ് വീശിയ ഈ മുംബൈക്കാരന്‍ 51 സെഞ്ചുറിയും 67 അരസെഞ്ചുറിയും സ്വന്തംപേരില്‍ കുറിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറിയെന്ന അനുപമ നേട്ടവും ഈ നാല്‍പ്പതുകാരന് സ്വന്തം. വികാരനിര്‍ഭരമായിരുന്നു വിരമിക്കല്‍ കത്ത്. ക്രിക്കറ്റില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്ന് സച്ചിന്‍ എഴുതി. ഇന്ത്യക്കുവേണ്ടി കളിക്കുകയെന്ന സ്വപ്നത്തിലായിരുന്നു ഇത്രയുംകാലം. തന്നെ പിന്തുണച്ച ആരാധകര്‍ക്കും കുടുംബത്തിനും ബിസിസിഐക്കും നന്ദി പറഞ്ഞാണ് കത്ത് അവസാനിപ്പിച്ചത്. 200-ാം ടെസ്റ്റോടെ മറ്റൊരു ബഹുമതിയുമായാണ് ലിറ്റില്‍ മാസ്റ്റര്‍ അരങ്ങൊഴിയുന്നത്. ഈ നേട്ടം കൈവരിച്ച മറ്റാരുമില്ല. 200 ടെസ്റ്റ് കളിക്കാന്‍ പ്രാപ്തിയുള്ള മറ്റൊരു താരം ഉയര്‍ന്നുവരാനുള്ള സാധ്യതയും വിരളം.

deshabhimani

No comments:

Post a Comment