Wednesday, October 16, 2013

നോര്‍ത്ത് വയനാട് ഡിവിഷനില്‍ 174 ഇനം പൂമ്പാറ്റകള്‍

നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ മൂന്ന് ദിവസമായി നടന്ന പൂമ്പാറ്റകളുടെ കണക്കെടുപ്പ് പൂര്‍ത്തിയായി. 174 ഇനം പൂമ്പാറ്റകളെയാണ് കണക്കെടുപ്പില്‍ കണ്ടെത്തിയത്. 2011ല്‍ നടന്ന സര്‍വേയില്‍ 143 ഇനം പൂമ്പാറ്റകളെ കണ്ടെത്തിയിരുന്നു. ഫേണ്‍സ് നാച്വറിലിസ്റ്റ് സൊസൈറ്റി, ട്രാവന്‍കൂര്‍ നാച്ചുറല്‍ ഹിസ്റ്റല്‍ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ തിരുനെല്ലി, മക്കിമല, കമ്പമല, പേര്യ, കുഞ്ഞോം, കോളിപ്പാട്, ബാണാസുരമല എന്നിങ്ങനെ ഏഴ് ബ്ലോക്കുകളിലായി തിരിച്ചായിരുന്നു കണക്കെടുപ്പ്. തിരുനെല്ലിയിലാണ് ഏറ്റവും കൂടുതല്‍ പൂമ്പാറ്റകളെ കണ്ടെത്തിയത്. ഇവിടെ 98 ഇനം പൂമ്പാറ്റകളെയാണ് കണ്ടത്. വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടിക ഒന്നില്‍ വരുന്ന ചൊട്ടശലഭം, ചക്കര ശലഭം, പുള്ളിവാലന്‍ എന്നിവയേയും കണ്ടെത്തി. പശ്ചിമഘട്ടത്തില്‍ മാത്രം കണ്ട് വരുന്ന 14 ഓളം ചിത്രശലഭങ്ങളേയും സര്‍വേയില്‍ കണ്ടെത്തി. കഴിഞ്ഞ കണക്കെടുപ്പില്‍ 10 എണ്ണത്തിനെയാണ് കണ്ടെത്തിയത്. കേരളത്തിലെ പ്രശസ്ത പൂമ്പാറ്റ നിരീക്ഷകരായ ഡോ. കലേഷ്, ഡോ. സജി പേരാമ്പ്ര എന്നിവരുടെ നേതൃത്വത്തിലായിരുന്നു കണക്കെടുപ്പ്.

മുളകള്‍ വ്യാപകമായി പൂത്തതിനാല്‍ മുളയുമായി ബന്ധപ്പെട്ട ശലഭഭങ്ങള്‍ കുറഞ്ഞു. തോട്ടം മേഖലയിലെ കീടനാശിനി പ്രയോഗവും മറ്റൊരുതരത്തില്‍ പൂമ്പാറ്റകളെ ഇല്ലാതാക്കുന്നതായി സര്‍വേ കണ്ടെത്തി. മഴയുടെ വ്യതിയാനവും ചിത്രശലഭങ്ങളുടെ ജീവിതത്തെ ബാധിച്ചു. കളനാശിനി പ്രയോഗവും, തൊഴിലുറപ്പ് പ്രവര്‍ത്തിയില്‍ റോഡരികിലെ ചെടികള്‍ വെട്ടിമാറ്റുന്നതും പൂമ്പാറ്റകളുടെ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്നതായി സര്‍വേയില്‍ പറയുന്നു. പാപ്പിലിയോണ്‍ കുടുംബത്തിലെ 16 ഇനങ്ങളേയും, പിരിഡേ കുടുംബത്തിലെ 21ഉം, നിംഫാലിഡേയില്‍ 66ഉം, ലൈക്കനിഡേയില്‍ 30ഉം, എസ്പിരിഡേയില്‍ 41 ഇനങ്ങളേയും കണ്ടെത്തി. മലബാറില്‍ നോര്‍ത്ത് വയനാട് വനം ഡിവിഷനിലും, ആറളത്തുമാണ് പൂമ്പാറ്റകളുടെ സര്‍വേ നടക്കുന്നത്. ഫോറസ്ട്രീ കോളേജ് തൃശൂര്‍, പൂക്കോട് വെറ്റിനറി യൂണിവേഴ്സിറ്റിയിലെ അനിമല്‍ സയന്‍സ്, കൂര്‍ഗ് ഫോറസ്ട്രീ കോളേജ്, ശ്രീ ശങ്കര കോളേജ് കാലടി, കണ്ണൂര്‍ യൂണിവേഴ്സിറ്റി മാനന്തവാടി ക്യാംപസിലെ സുവോളജി വിഭാഗം, മദ്രാസ് യൂണിവേഴ്സിറ്റി കോളേജ് ചെന്നൈ എന്നിവിടങ്ങളിലെ 50 ഓളം വിദ്യാര്‍ഥികള്‍ സര്‍വേയില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment