Wednesday, October 16, 2013

കര്‍ഷക ഉടമസ്ഥതയിലെ ആദ്യ വ്യവസായ സ്ഥാപനം 26ന് പ്രവര്‍ത്തനമാരംഭിക്കും

കര്‍ഷകരുടെയും കര്‍ഷകതൊഴിലാളികളുടെയും ഉടമസ്ഥതയിലുള്ള സംസ്ഥാനത്തെ ആദ്യ വ്യവസായ ശാല 26ന് പ്രവര്‍ത്തനമാരംഭിക്കുന്നു. ഇടത്തട്ടുകാരുടെയും കോര്‍പറേറ്റുകളുടെയും ചൂഷണത്തില്‍ നിന്ന് സംരക്ഷിച്ച് കര്‍ഷകരെ വ്യവസായ ഉടമകളാക്കിയ ബ്രഹ്മഗിരി മാംസ സംസ്കരണ ഫാക്ടറി ഒക്ടോബര്‍ 26ന് പൂര്‍ണ്ണമായ അര്‍ഥത്തില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ചെയര്‍മാന്‍ പി കൃഷ്ണപ്രസാദ് , സി ഇഒ സി കെ ശിവരാമന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.ഒക്ടോബര്‍ 26ന് 10 മണിക്ക് കൃഷി മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ പി മോഹനന്‍ കമീഷനിംഗ് നിര്‍വഹിക്കും.മലബാര്‍ മീറ്റ് ഉത്പന്നങ്ങളുടെ വിപണനകേന്ദ്രങ്ങളുടെ രജിസ്ട്രേഷന്‍ ഉദ്ഘാടനം മന്ത്രി പി കെ ജയലക്ഷ്മിയും മലബാര്‍ മീറ്റ് ഉത്പന്നങ്ങളുടെ വില്‍പ്പന ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും നിര്‍വഹിക്കും.ലബോറട്ടറി ഉദ്ഘാടനം എം ഐ ഷാനവാസ് എംപിയും കര്‍ഷകര്‍ക്കുള്ള പ്രതിഫല വിതരണം സി ദിവാകരന്‍ എംഎല്‍എയും നിര്‍വഹിക്കും.വെബ്സൈറ്റ് ലോഞ്ചിംഗ് എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എയും നിക്ഷേപ സമാഹരണം ഏറ്റ് വാങ്ങല്‍ സി മമ്മൂട്ടി എം എല്‍ എയും ഡ്രൈറെന്റിംഗ് പ്ലാന്‍റ് കമീഷനിംഗ് കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ ഡോ.ബി അശോകും നിര്‍വഹിക്കും. നബാര്‍ഡ് സി ജി എം അമലോര്‍പവനാഥന്‍ ലോഗോ പ്രകാശിപ്പിക്കും.

26 മുതല്‍ ഒരു ഷിഫ്റ്റാണ് പ്രവര്‍ത്തിക്കുക. ഇവിടെ സംസ്കരിക്കുന്ന മാംസം ഇവിടെ സംസ്കരിക്കുന്ന മാംസം വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ആരംഭിച്ച ബ്രഹ്മഗിരിയുടെ 22 ഔട്ട് ലെറ്റുകള്‍ വഴി വിപണിയിലെത്തിക്കും. ഇതില്‍ 16 ഔട്ട്ലെറ്റുകള്‍ വയനാട്ടിലാണ്. ഉത്പാദനം ഊര്‍ജിതപ്പെടുന്നതോടെ കൂടുതല്‍ ഔട്ട്ലെറ്റുകള്‍ ആരംഭിക്കും. ശാസ്ത്രീയമായി സംസ്കരിച്ച് പാക്കറ്റുകളിലാക്കിയാണ് ഔട്ട് ലെറ്റുകളില്‍ മാംസം എത്തിക്കുക. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള മലബാര്‍ ജില്ലകളിലെ 30,000 കര്‍ഷകര്‍ക്ക് മൃഗപരിപാലന ഹൗസുകള്‍ സ്ഥാപിക്കാന്‍ ഈ പദ്ധതി സഹായകരമാകും.പോത്ത്, മുയല്‍, കോഴി, ആട് എന്നിവയുടെ മികച്ചയിനം കുഞ്ഞുങ്ങളെ ബ്രഹ്മഗിരി ഫാര്‍മേഴ്സ് സൊസെറ്റിയിലൂടെ ലഭ്യമാക്കും.മാംസോല്‍പ്പാദനത്തിന് പ്രായമായ ഉരുക്കളെ ഇടത്തട്ടുകാരില്ലാതെ സൊസൈറ്റികളിലൂടെസംഭരിക്കുകയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായി സംസ്കരിക്കുകയും ചെയ്യും. ബ്രഹ്മഗിരിയുടെ കീഴില്‍ ആരംഭിക്കുന്ന ഔട്ട്ലെറ്റുകളിലൂടെ ഇവ വിപണനം ചെയ്ത് ലഭിക്കുന്ന മിച്ച ആദായത്തില്‍ ഒരു ശതമാനം ഫാം സംരംഭകര്‍ക്കും തൊഴിലാളികള്‍ക്കും ലഭ്യമാക്കും.പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കുമ്പോള്‍ മലബാര്‍ ജില്ലകളില്‍ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷിക്കാനാകും.

കാര്‍ഷിക പ്രതിസന്ധിക്കും കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സാമ്പത്തിക നയങ്ങള്‍ക്കുമെതിരെയുള്ള കര്‍ഷക ചെറുത്ത് നില്‍പ്പിന്റെ പ്രതീകമാണ് ബ്രഹ്മഗിരി മാംസ സംസ്കരണ ഫാക്ടറിയെന്ന് ചെയര്‍മാന്‍ പി കൃഷ്ണപ്രസാദ് അറിയിച്ചു.കര്‍ഷകരുടെ അതിജീവനത്തിനായുള്ള രാഷ്ട്രീയ ബദല്‍ മുന്നോട്ട് വെക്കാന്‍ സാധിക്കുന്നു എന്നതാണ് മലബാര്‍ മീറ്റ് പ്ലാന്റ് പദ്ധതിയുടെ പ്രാധാന്യം.വന്‍കിട മൂലധന ശക്തികളുടെ മേധാവിത്വത്തില്‍ നിന്നും കാര്‍ഷിക സംസ്കരണ വ്യവസായ മേഖലയെ സ്വതന്ത്രമാക്കി കര്‍ഷകരുടെ കൂട്ടായ ഉടമസ്ഥതക്ക് കീഴില്‍ കൊണ്ട് വരിക എന്ന പരീക്ഷണമാണ് ഇവിടെ യാഥാര്‍ഥ്യമായത്.ഇതിലൂടെ വിപണി ശക്തികളുടേയും ഇടനിലക്കാരുടേയും ചൂഷണത്തെ ഒരു പരിധി വരെ തടയാന്‍ സാധിക്കും.മാസോല്‍പ്പാദന മേഖലയില്‍ ഈ മാതൃക വിജയിക്കുന്നതിന്റെ തുടര്‍ച്ചയായി എല്ലാ വിളകളെയും അടിസ്ഥാനമാക്കി കര്‍ഷകരെ സംഘടിപ്പിച്ച് വന്‍കിട കാര്‍ഷിക വിള സംസ്കരണ വ്യവസായങ്ങള്‍ ആരംഭിക്കാനും അത് വഴി കൃഷിയുടെ വ്യവസായവല്‍കരണം യാഥാര്‍ഥ്യമാക്കാനും കഴിയും.

1999-2006 കാലഘട്ടത്തിലെ കാര്‍ഷിക പ്രതിസന്ധിക്ക് കാരണമായ ആഗോളവത്കരണ നയത്തിനെതിരെ വയനാട്ടില്‍ നടന്ന പ്രക്ഷോഭത്തിലൂടെയാണ് കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള ഒരു വ്യവസായ സ്ഥാപനം എന്ന ആശയം രൂപപ്പെട്ടത്. 2006ലെ എല്‍ഡിഎഫ് സര്‍കാര്‍ മുന്‍കൈയെടുത്താണ് പദ്ധതിക്കായി കേന്ദ്ര സംസ്ഥാന സര്‍കാരുകളില്‍ നിന്ന് 14 കോടിയോളം രൂപ ലഭ്യമാക്കിയത്. പദ്ധതിക്ക് വേണ്ടി സര്‍കാര്‍ അനുവദിച്ച വായ്പ തുക ലഭിക്കാന്‍ വൈകിയപ്പോള്‍ ജനങ്ങള്‍ 4.21 കോടി രൂപ വായ്പയായി നല്‍കി. 3035 കുടുംബശ്രീ യൂണിറ്റുകള്‍,34ക്ഷീര സംഘങ്ങള്‍,1720 വ്യക്തികള്‍ എന്നിങ്ങനെ 4789 പേരില്‍ നിന്നുമാണ് ഈ തുക ലഭിച്ചത്.

മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ മീറ്റ് ടെക്നോളജി വകുപ്പ് മുന്‍ അധ്യക്ഷനും കേന്ദ്ര സര്‍കാരിന്റ കാബിനറ്റ് സെക്രട്ടരിയേറ്റിലെ ടാസ്ക് ഫോഴ്സ് പെര്‍ഫോമന്‍സ് ഇവാല്യൂവേഷന്‍ ഓഫ് മിനിസ്ട്രി അംഗവുമായ ഡോ.ജെ അബ്രഹാമാണ് മലബാര്‍ മീറ്റിന്റെ കണ്‍സള്‍ട്ടന്റ്.സൊസൈറ്റി വൈസ്ചെയര്‍മാന്‍ ടി സുരേഷ് ചന്ദ്രന്‍, ഡയരക്ടര്‍ സി കെ സഹദേവന്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment