Saturday, October 26, 2013

ഗൂഢാലോചന അന്വേഷിക്കണം ഓണപ്പറമ്പ് മദ്രസ തീവയ്പ്: 2 ലീഗുകാര്‍ കസ്റ്റഡിയില്‍

തളിപ്പറമ്പ്: മുസ്ലിംലീഗ്- ഇ കെ സുന്നി നിയന്ത്രണത്തിലുള്ള കൊട്ടില നൂറുല്‍ ഇസ്ലാം മദ്രസ ഓഫീസും നിസ്കാരഹാളും കത്തിച്ചവരെന്ന് കരുതുന്ന രണ്ട് ലീഗുകാര്‍ കസ്റ്റഡിയില്‍. സംഭവവുമായി ബന്ധപ്പെട്ട ഉന്നതതല ഗൂഢാലോചന അന്വഷിക്കണമെന്ന ആവശ്യം ശക്തം. മുസ്ലിംലീഗ് നേതൃത്വം പ്രതിസ്ഥാനത്ത് വരുമെന്ന് ഉറപ്പായതോടെ കേസന്വേഷണം വഴിതിരിച്ചുവിടാന്‍ ഭരണതലത്തില്‍ സജീവനീക്കം. പിലാത്തറയിലെ ഒരു പീടികയില്‍ ജോലിക്കാരനായ ഷെക്കീര്‍, മത്സ്യവില്‍പ്പനക്കാരനായ മുസ്തഫ എന്നിവരെയാണ് പഴയങ്ങാടി- പരിയാരം എസ്ഐമാര്‍ ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്. ഷെക്കീറിനെ കട പൂട്ടിയിറങ്ങുമ്പോഴും മുസ്തഫയെ അടിപ്പാലത്തുനിന്നുമാണ് ചോദ്യംചെയ്യാനായി പിടികൂടിയത്. എ പി സുന്നികളുടെ നിയന്ത്രണത്തിലുള്ള സലാമത്ത്പള്ളി തകര്‍ത്ത കേസില്‍ ജാമ്യത്തില്‍ കഴിയുന്ന സുഹൈല്‍, കോരന്‍പീടികയിലെ ഓട്ടോ ഡ്രൈവര്‍ അത്തീക്ക് എന്നിവരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം വിഫലമായി. കൊട്ടില, ഓണപ്പറമ്പ് മേഖലയിലെ സജീവ ലീഗ് പ്രവര്‍ത്തകരാണ് നാലുപേരും.

18ന് പുലര്‍ച്ചെ 4.45ന് മദ്രസ കത്തിച്ചയുടന്‍ പള്ളികമ്മിറ്റി പ്രസിഡന്റ് എം കെ അബ്ദുള്‍കരീമിന്റെ പരാതിയില്‍ എ പി സുന്നിനേതാക്കള്‍ക്കെതിരെ പഴയങ്ങാടി പൊലിസ് കേസെടുത്തിരുന്നു. സാഹചര്യത്തെളിവുകള്‍ എതിരായതിനാല്‍ നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ പ്രതികള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് തെളിഞ്ഞു. ചോദ്യം ചെയ്തശേഷം വിട്ടയച്ച ഒരു മത്സ്യവില്‍പ്പനക്കാനില്‍നിന്നാണ് അന്വേഷണത്തിന് വഴിത്തിരിവുണ്ടാക്കിയ സൂചനകള്‍ ലഭിച്ചത്. ഇതോടെ പ്രതികളെ പിടികൂടുന്നതിനൊപ്പം ഗൂഢാലോചനയും അനേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സംഭവത്തിനുപിന്നില്‍ ലീഗ് നേതൃത്വത്തിന് പങ്കുള്ള ഗൂഢാലോചനയുള്ളതായി തുടക്കത്തിലേ പരാതിയുണ്ടായിരുന്നു. മദ്രസ കത്തിക്കലിന് ദൃക്സാക്ഷിയെന്നുപറയുന്ന മുസ്തഫ സഅദിയെയും പ്രാദേശത്തെ സജീവ ലീഗ് പ്രവര്‍ത്തകരെയും 17ന് വൈകിട്ട് തളിപ്പറമ്പ് പോസ്റ്റോഫീസ് റോഡിലെ ലീഗ് ഓഫീസിന് മുന്നില്‍ പ്രമുഖ നേതാക്കളോടൊപ്പം കണ്ടതാണ് പരാതിക്ക് അടിസ്ഥാനം. സലാമത്ത് പള്ളി തകര്‍ത്ത കേസിലെ പ്രതികളുടെ ജാമ്യത്തെക്കുറിച്ചന്വേഷിക്കാനാണ് ലീഗ് ഓഫീസില്‍ പോയതെന്നാണ് മുസ്തഫ സഅദി ഇതേക്കുറിച്ച് പൊലീസിനോട് പറഞ്ഞത്. ജില്ലാ നേതാക്കളടക്കം കുടുങ്ങുമെന്നതിനാല്‍ അന്വഷണം വഴിതിരിച്ചുവിടാന്‍ സമ്മര്‍ദം ശക്തമാണ്. അറസ്റ്റ് വൈകുന്നതിനും അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരുടെയും പൊതുപ്രവര്‍ത്തകരുടെയും ഫോണെടുക്കാത്തതിനും പഴയങ്ങാടി എസ്ഐയുടെ ""അവധി""ക്കും കാരണമിതാണത്രെ.

ഗൂഢാലോചനയുള്‍പ്പെടെയുള്ളവ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്വൈഎസ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ് സഅ്ദി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നേരില്‍കണ്ട് നിവേദനം നല്‍കി.

പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: പി ജയരാജന്‍

കണ്ണൂര്‍: കൊട്ടില നൂറുല്‍ ഇസ്ലാം മദ്രസ കെട്ടിടം തീവച്ചു നശിപ്പിച്ച സംഭവത്തിലെ യഥാര്‍ഥ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തില്ലെങ്കില്‍ സിപിഐ എം ജില്ലാ പൊലീസ് ഓഫീസിനുമുന്നില്‍ സമരം നടത്തുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ മുന്നറിയിപ്പു നല്‍കി. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തതായി ബോധ്യമുള്ള രണ്ടു ലീഗ് തീവ്രവാദികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഉന്നതതല രാഷ്ട്രീയ സമ്മര്‍ദം കാരണം അറസ്റ്റു ചെയ്യുന്നില്ല. പൊലീസിന്റെ കൈകള്‍ കെട്ടിയിരിക്കയാണ്. ആഗസ്ത് 15ന് ഓണപ്പറമ്പിലെ എ പി വിഭാഗത്തിന്റെ പള്ളിയും പിറ്റേന്ന് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ ഉദ്ഘാടനം ചെയ്യേണ്ടയിരുന്ന മദ്രസയും തകര്‍ത്തത് ലീഗിലെ തീവ്രവാദികളാണ്. ന്യൂനപക്ഷങ്ങളെ നിരന്തരം വേട്ടയാടുന്ന ഹിന്ദുത്വശക്തികള്‍ക്ക് സഹായകരമായ തരത്തില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ ലീഗ് തീവ്രവാദികള്‍ തന്നെ ആക്രമിച്ചതിനെതിരെ സിപിഐ എമ്മും പൊതുസമൂഹവും ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതില്‍നിന്ന് മുഖംരക്ഷിക്കാനാണ് ഇങ്ങനെയൊരു ആക്രമണം ആസൂത്രണം ചെയ്തത്. ലീഗ് തീവ്രവാദികളാണ് തീവയ്പിനു പിന്നിലെന്ന് നേരത്തെ തന്നെ സംശയം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ പൊലീസും വിശദമായ അന്വേഷണത്തിലൂടെ ഇക്കാര്യം കണ്ടെത്തി. അങ്ങനെയാണ് സക്കീര്‍, മുസ്തഫ എന്നീ ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ലീഗ് നേതൃത്വം പൊലീസിന്റെ കൈകകള്‍ക്ക് കൂച്ചുവിലങ്ങിട്ടു. അതുകൊണ്ടാണ് അറസ്റ്റ് രേഖപ്പെടുത്താത്തത്. ഇത്തരം നടപടികള്‍ വലിയ പ്രത്യാഘാതമുണ്ടാക്കും.

മുസ്ലിംസമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ സിപിഐ എം കക്ഷിചേരുന്നില്ല. എന്നാല്‍ അവരവരുടെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും മുറുകെ പിടിക്കാന്‍ എല്ലാവര്‍ക്കും അവകാശവും സ്വാതന്ത്ര്യവുമുണ്ട്. മുസ്ലിംലീഗ് സ്വന്തം റിപ്പബ്ലിക്കുകളായി കരുതുന്ന ചില പ്രദേശങ്ങളില്‍ ഇതനവദിക്കില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ല. ലീഗിന്റെ ഇത്തരം നിലപാടാണ് പട്ടുവം അരിയിലെ സംഘര്‍ഷങ്ങള്‍ക്കും കാരണം. ഒരുവശത്ത് പൊലീസ് ലീഗിന് കീഴടങ്ങുകയാണെങ്കില്‍ മറുവശത്ത് ബിജെപി- ആര്‍എസ്എസുകാരുടെ താളത്തിനു തുള്ളുന്നു. വര്‍ഗീയ ശക്തികളുടെയും ക്വട്ടേഷന്‍- മാഫിയാ സംഘങ്ങളുടെയും പിടിയിലാണ് ജില്ലയിലെ പൊലീസ്- പി ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി സഹകരണ സ്ഥാപനങ്ങളിലെ ജനാധിപത്യം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്ന ജോയിന്റ് രജിസ്ട്രാറുടെ നടപടിക്കെതിരെ ശക്തമായ പ്രതികരണമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

deshabhimani

No comments:

Post a Comment