Sunday, October 20, 2013

22 മാസംകൊണ്ട് ബിപിഎല്‍ ആക്കിയത് 73 കാര്‍ഡ്

എപിഎല്‍ റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കാനായി 22 മാസംമുമ്പ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച ഇരുപതിനായിരത്തിലേറെ അപേക്ഷകളില്‍ ഇതുവരെ തീര്‍പ്പാക്കിയത് 73എണ്ണം. ലഭിച്ച അപേക്ഷകളില്‍ ഭൂരിഭാഗവും തീര്‍പ്പാകാതെവന്നതോടെ ഇത്തവണ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് അപേക്ഷകരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞു. 2011 ഡിസംബര്‍ 22ന് നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഹാരമുണ്ടാകുമെന്ന് പ്രചരിപ്പിച്ച് വിവിധ ബ്ലോക്കുപഞ്ചായത്ത് ഓഫീസുകള്‍ വഴിബിപിഎല്‍ കാര്‍ഡിനായി 1,13,785 പേരില്‍നിന്നാണ് അപേക്ഷ സ്വീകരിച്ചത്. ഇതില്‍ 30,051 അപേക്ഷകളുടെ പരിശോധന പൂര്‍ത്തിയായതായും 24,106 പേര്‍ ബിപിഎല്‍ കാര്‍ഡ് ലഭിക്കാന്‍ യോഗ്യരാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അസിസ്റ്റന്റ് ഡവലപ്പ്മെന്റ് ഓഫീസര്‍ അറിയിച്ചിരുന്നു. എന്നാല്‍ പരിശോധന പൂര്‍ത്തിയാകാത്തതിനാല്‍ ബിപിഎല്‍ റേഷന്‍ കാര്‍ഡിനുള്ള ഈ അപേക്ഷകള്‍ പരിപാടിയില്‍ പരിഗണിച്ചില്ല. എന്നാല്‍ രണ്ടുവര്‍ഷത്തോളം എടുത്ത് നടത്തിയ പരിശോധനയിലും ഇതുവരെ 73 പേര്‍ക്ക് മാത്രമാണ് ബിപിഎല്‍ കാര്‍ഡ് അനുവദിച്ചത്. റേഷന്‍ കടകള്‍ മുഖേനയും നേരിട്ടും താലൂക്ക് സപ്ലൈ ഓഫീസര്‍ക്കും അപേക്ഷ നല്‍കിയിട്ടും പരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്ന് ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കിയവര്‍ വീണ്ടും കബളിപ്പിക്കപ്പെട്ടു. ഇത്തവണ 1700ലേറെപേര്‍ ബിപിഎല്‍ കാര്‍ഡിനായി അപേക്ഷിച്ചിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു. ലഭിച്ച അപേക്ഷകളില്‍ ഭൂരിഭാഗവും തീരുമാനം കാത്ത് വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ വിശ്രമിക്കുകയാണ്. ഇതോടെയാണ് പരിപാടിയിലേക്കുള്ള അപേക്ഷകരുടെ എണ്ണം വന്‍തോതില്‍ ഇടിഞ്ഞത്.

60 ലക്ഷത്തോളം രൂപ ചെലവിട്ട് നടത്തിയ മാമാങ്കത്തിലൂടെ നാമമാത്രമായ ചികിത്സാധനസഹായ വിതരണം മാത്രമാണ് നടന്നത്. 2011ല്‍ റേഷന്‍കാര്‍ഡിനുള്ള ഒരുലക്ഷത്തിലേറെ അപേക്ഷ കൂടാതെ 47,100 അപേക്ഷകരുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ എല്ലാംകൂടി 6318 പേരായി ചുരുങ്ങി. ഇക്കുറിയും അപേക്ഷകരില്‍ ഭൂരിഭാഗവും ചികിത്സാധനസഹായവും ബിപിഎല്‍ റേഷന്‍ കാര്‍ഡും ലഭിക്കാന്‍ വേണ്ടിയുള്ളതാണ്. 1305എണ്ണം ചികിത്സാ സഹായത്തിനും 1700ല്‍പരം അപേക്ഷകള്‍ റേഷന്‍കാര്‍ഡ് മാറ്റാനുമാണ്. വീടും സ്ഥലവും ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ അതത് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കൈമാറുകയും ചെയ്തു. വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങളില്‍നിന്ന് ശേഖരിച്ച അപേക്ഷകള്‍ അതത് വകുപ്പുകള്‍ക്ക് കൈമാറുക മാത്രമാണ് നടന്നത്. ഇങ്ങനെ കൈമാറ്റമാണ് തീര്‍പ്പുകല്‍പ്പിച്ചവയായി കൊട്ടിഘോഷിക്കുന്നത്. കഴിഞ്ഞ തവണ ഇല്ലാത്ത പദ്ധതിയുടെ പേരില്‍ അപേക്ഷ സ്വീകരിച്ച് തട്ടിപ്പും നടത്തി. കുട്ടനാട് പാക്കേജില്‍പ്പെടുത്തി താഴ്ന്നസ്ഥലം മണ്ണിട്ടുയര്‍ത്താന്‍ അമ്പതിനായിരം രൂപവരെ സഹായം ലഭിക്കുമെന്നായിരുന്നു പ്രചാരണം. ചില കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ അപേക്ഷ വിതരണത്തിലൂടെ മാത്രം ലക്ഷങ്ങള്‍ തട്ടിയെടുത്തു. നവംബര്‍ ഏഴിനാണ് അടുത്ത ജനസമ്പര്‍ക്ക പരിപാടി.

റബര്‍പാര്‍ക്ക് ഉദ്ഘാടനം: ഉമ്മന്‍ചാണ്ടിയെ രണ്ടിടത്ത് എല്‍ഡിഎഫ് ഉപരോധിച്ചു

പത്തനാപുരം: പിറവന്തൂര്‍ മുക്കടവില്‍ റബര്‍പാര്‍ക്കിന്റെ ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പുനലൂര്‍- മൂവാറ്റുപുഴ റോഡില്‍ രണ്ടു സ്ഥലങ്ങളിലാണ് ഉപരോധം നടത്തിയത്. പുനലൂര്‍ ഏരിയയിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മുക്കടവ് പാലത്തിനു സമീപവും പത്തനാപുരം ഏരിയയിലെ പ്രവര്‍ത്തകര്‍ മുക്കടവ് ജങ്ഷനിലുമായിരുന്നു ഉപരോധിച്ചത്. സമരക്കാരെ ഭയന്ന് മുഖ്യമന്ത്രി ഊടുവഴികളിലൂടെയാണ് പാരിപാടിക്ക് എത്തിയത്.

ശനിയാഴ്ച രാവിലെ എട്ടുമുതല്‍ പ്രവര്‍ത്തകര്‍ മൂവാറ്റുപുഴ റോഡിലെ നിശ്ചയിച്ച ഉപരോധസ്ഥലങ്ങളില്‍ കേന്ദ്രീകരിച്ചു. പത്തു മുതല്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു തുടങ്ങി. വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തു. നൂറുകണക്കിന് വനിതകള്‍ ഉള്‍പ്പെടെ ഉപരോധസമരത്തില്‍ പങ്കെടുത്തു. 11ന് മുഖ്യമന്ത്രിക്ക് വഴിയൊരുക്കാന്‍ പൊലീസ് ശ്രമം നടത്തി. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇതു തടഞ്ഞു. ഉപരോധസമരം കൂടുതല്‍ ശക്തമായതോടെ മുഖ്യമന്ത്രി കമുകുംചേരി വഴി ഊടുവഴിയിലൂടെ ഉദ്ഘാടനസ്ഥലത്ത് എത്തുകയായിരുന്നു. എല്‍ഡിഎഫ് ജില്ലാ നേതാക്കളുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. ഉപരോധസമരം സിപിഐ എം ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍ ഉദ്ഘാടനംചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി ആര്‍ രാമചന്ദ്രന്‍ അധ്യക്ഷനായി. ആര്‍എസ്പി ജില്ലാ സെക്രട്ടറി അഡ്വ. ഫിലിപ്പ് കെ തോമസ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന്‍, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്അംഗം ജോര്‍ജ് മാത്യു, ഏരിയസെക്രട്ടറി ബി അജയകുമാര്‍, പുനലൂര്‍ ഏരിയസെക്രട്ടറി എം എ രാജഗോപാല്‍, എം മീരാപിള്ള, സിപിഐ നേതാവ് എച്ച് രാജീവ്, കെ വാസുദേവന്‍, അഡ്വ. എസ് വേണുഗോപാല്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് സജീഷ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കളെ പൊലീസ് അറസ്റ്റ്ചെയ്തു നീക്കി.

കോണ്‍. പ്രവര്‍ത്തകരെ എത്തിക്കാന്‍ സര്‍ക്കാര്‍ വാഹനവും

പത്തനാപുരം: കോണ്‍ഗ്രസ് ഐ പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ പരിപാടിക്കു കൊണ്ടുപോകുന്നതിന് സമരക്കാര്‍ സര്‍ക്കാര്‍വാഹനം ഉപയോഗിച്ചത് പ്രതിഷേധത്തിനു കാരണമായി. കുര്യോട്ടുമല എന്‍ജിനിയറിങ് കോളേജിലെ ബസിലും എസ്എഫ്സികെ തൊഴിലാളികളുടെ മക്കളെ സ്കൂളില്‍ കൊണ്ടുപോകുന്നതിനുള്ള ബസിലും കോണ്‍ഗ്രസ് ഐ പ്രവര്‍ത്തകരെ കയറ്റിക്കൊണ്ടുപോയത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. കോണ്‍ഗ്രസിന്റെ പതാക കെട്ടിയ സര്‍ക്കാര്‍ വാഹനത്തിലും പ്രവര്‍ത്തകരെ കൊണ്ടുപോയി. എന്‍ജിനിയറിങ് കോളേജ് ബസ് വെട്ടിത്തിട്ടയില്‍ തടഞ്ഞ് പ്രവര്‍ത്തകരെ ഇറക്കിവിടുകയും കൊടി അഴിച്ചുമാറ്റുകയും ചെയ്തശേഷമാണ് വിട്ടത്. വിവിധ വാര്‍ഡുകളില്‍നിന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിപാടിക്കു കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചതിനെതിരെ എല്‍ഡിഎഫ് പരാതി നല്‍കിയിട്ടുണ്ട്.

ജനസമ്പര്‍ക്ക കെട്ടുകാഴ്ചയ്ക്കായി കെഎസ്ആര്‍ടിസി ബസുകളെ സെന്‍ട്രല്‍ സ്റ്റേഡിയം ചുറ്റിച്ചു

തിരു: ജനസമ്പര്‍ക്ക കെട്ടുകാഴ്ചയ്ക്കായി കെഎസ്ആര്‍ടിസി ബസുകളെ സെന്‍ട്രല്‍ സ്റ്റേഡിയം ചുറ്റിച്ചു. ജില്ലയുടെ വിവിധ മേഖലകളിലേക്കുള്ള സര്‍വീസുകള്‍ വെള്ളിയാഴ്ച സെന്‍ട്രല്‍ സ്റ്റേഡിയം വഴി തിരിച്ചുവിടാന്‍ നിര്‍ദേശിക്കുകയായിരുന്നു. നെയ്യാറ്റിന്‍കര, കോവളം, വിഴിഞ്ഞം, കാട്ടാക്കട, നെടുമങ്ങാട് ഭാഗത്തേക്കുള്ള ബസുകളടക്കം തമ്പാനൂരില്‍നിന്ന് തിരിഞ്ഞ് മോഡല്‍ സ്കൂള്‍ ജങ്ഷന്‍ വഴി സെക്രട്ടറിയറ്റിന്റെ തെക്കേ കവാടത്തിലൂടെ പളയത്ത് എത്തി. ഇവിടെനിന്ന് ബേക്കറി ജങ്ഷനിലും തമ്പാനൂരിലും എത്തിയശേഷമാണ് അതത് സര്‍വീസ് കേന്ദ്രങ്ങളിലേക്ക് പോയത്. ഓരോ ബസും മുക്കാല്‍മണിക്കൂര്‍ നഗരത്തില്‍ അനാവശ്യമായി കറങ്ങി. എംജി റോഡില്‍ വലിയ ഗതാഗതക്കുരുക്കിനും ഇതു കാരണമായി. എല്‍ഡിഎഫ് പ്രതിഷേധമാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന് പ്രചരിപ്പിക്കാന്‍ ചില പത്രങ്ങള്‍ മടിച്ചതുമില്ല.

deshabhimani

No comments:

Post a Comment