Sunday, October 20, 2013

ബംഗാളില്‍ 3 ദിവസം 37 കുട്ടികള്‍ മരിച്ചു

പശ്ചിമ ബംഗാളിലെ മെഡിക്കല്‍ കോളേജുകളില്‍ വീണ്ടും കുഞ്ഞുങ്ങളുടെ കൂട്ടമരണം. മാള്‍ദ, ബാങ്കുറ മെഡിക്കല്‍ കോളേജുകളില്‍ മൂന്നു ദിവസത്തിനുള്ളില്‍ 37 ശിശുക്കളാണ് മരിച്ചത്. മരിച്ച കുഞ്ഞുങ്ങളില്‍ കൂടുതലും ഒരു വയസ്സില്‍ താഴെയുള്ളവര്‍. വേണ്ടത്ര ചികിത്സയും പരിചരണവും ലഭിക്കാത്തതാണ് മരണകാരണം. ആരോഗ്യരംഗത്തെ അവഗണനമൂലം ശിശുമരണം സംസ്ഥാനത്ത് ദിനംപ്രതി വര്‍ധിക്കുകയാണ്്.

ഒന്നര വര്‍ഷത്തിനകം സംസ്ഥാനത്തെ മെഡിക്കല്‍ കോളേജകളിലും സര്‍ക്കാര്‍ ആശുപത്രികളിലുമായി മരിച്ച കുട്ടികളുടെ എണ്ണം 3500ല്‍ അധികം. മുര്‍ഷിദാബാദ്, നാദിയ, പുരുളിയ, ബാങ്കുറ, മെദിനിപുര്‍, ഉത്തര ദിനാജ്പുര്‍ എന്നീ ജില്ലകളിലും കൊല്‍ക്കത്തയിലുമാണ് ശിശുമരണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്.കൊല്‍ക്കത്തയില്‍ കുട്ടികള്‍ക്ക് പ്രത്യേകമായുള്ള സെപ്ഷ്യാലിറ്റികേന്ദ്രമായ ബി സി റോയ് ആശുപത്രിയില്‍ ഒരു വര്‍ഷത്തിനകം മരിച്ചത് 808 കുട്ടികള്‍. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരമേറിയശേഷം സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ആവശ്യമായ മരുന്നും സൗകര്യങ്ങളും ലഭ്യമല്ലാതായതോടെയാണ് മരണം വര്‍ധിച്ചത്.

കൂടാതെ രാഷ്ട്രീയ കാരണത്താല്‍ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് ഡോക്ടര്‍മാരെയും ജീവനക്കാരെയും സ്ഥലമാറ്റുന്നതും ആരോഗ്യമേഖലയെ കാര്യമായി ബാധിച്ചു. ബംഗാളില്‍ 75 ശതമാനത്തിലേറെ ജനങ്ങള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥിതി ശോചനീയമായതോടെ സ്വകാര്യ ആശുപത്രികള്‍ ലാഭം കൊയ്യുകയാണ്. ആശുപത്രികളിലെ സൗകര്യക്കുറവല്ല, മാതാപിതാക്കള്‍ കുട്ടികളെ വേണ്ടത്ര ശ്രദ്ധിക്കാത്തതാണ് മരണകാരണമെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി വാദിക്കുന്നത്. എന്നാല്‍, ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിന്റെ ഭാഗമായി കേന്ദ്രം നല്‍കുന്ന ഫണ്ട് സംസ്ഥാനം വേണ്ട വിധം ഉപയോഗിക്കാത്തതിനാലാണ് ശിശുമരണമുണ്ടാകുന്നതെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അബുഹസ്സന്‍ ഖാന്‍ ചൗധരി പറഞ്ഞു.
(ഗോപി)

deshabhimani

No comments:

Post a Comment