Sunday, October 20, 2013

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: മലയോരത്ത് ആയിരക്കണക്കിന് കുടുംബങ്ങള്‍ കുടിയൊഴിയേണ്ടിവരും

എടക്കര: പശ്ചിമഘട്ട മലനിരകളുടെ സംരക്ഷത്തിനായി രൂപീകരിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ജില്ലയുടെ കിഴക്കന്‍ മലയോരമേഖലയില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ കുടിയൊഴിയേണ്ടിവരുമെന്ന ആശങ്ക പടരുന്നു. കേരളþതമിഴ്നാട്þകര്‍ണാടക വനാതിര്‍ത്തി പങ്കിടുന്ന നിലമ്പൂര്‍ വനമേഖലയോട് ചേര്‍ന്ന 29 ഗ്രാമപഞ്ചായത്തുകളിലാണ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കടുത്ത നിയന്ത്രണം വരാന്‍ സാധ്യതയുള്ളത്. തൊട്ടടുത്ത ഗൂഡല്ലൂര്‍, നീലഗിരി, നാടുകാണി, പന്തല്ലൂര്‍, ദേവാല, ദേവര്‍ശോല, ഉപ്പട്ടി എന്നീ തമിഴ്നാട് സര്‍ക്കാരിന്റെ സ്ഥലങ്ങളില്‍ ഇതിനകംതന്നെ നിയന്ത്രണം നിലവിലുണ്ട്. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി നിയോഗിച്ച കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളാണ് ജില്ലയിലെ നിലമ്പൂര്‍ വനാതിര്‍ത്തി പങ്കിടുന്ന കുടുംബങ്ങളെ ആശങ്കയിലാഴ്ത്തിയത്. അയ്യായിരത്തോളം കുടുംബങ്ങളെയും അമ്പതിനായിരത്തോളം ജനങ്ങളേയും ഇത് നേരിട്ട് ബാധിക്കും. വനത്തോട് അതിര്‍ത്തി പങ്കിടുന്ന സ്ഥലത്ത് വന്‍തോതില്‍ കുടിയേറ്റ കര്‍ഷകരെ കുടിയൊഴിപ്പിക്കുന്ന സാഹചര്യമുണ്ടാവും.

1986ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അതിരുകള്‍ പശ്ചിമഘട്ട പ്രദേശങ്ങളില്‍ കണ്ടെത്തി അവയെ സോണുകളാക്കി വിജ്ഞാപനം ചെയ്യുകയാണ് കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ ചെയ്യുന്നത്. പാരിസ്ഥിതിക ലോല പ്രദേശങ്ങളെ പ്രധാനമായും നാലുതരമായാണ് തിരിച്ചത്. മലപ്പുറംജില്ലയില്‍നിന്ന് 29 ഗ്രാമപഞ്ചായത്തുകളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ പോത്തുകല്ല്, കരുളായി പഞ്ചായത്തുകളിലെ 95 ശതമാനവും പ്രൊട്ടക്ടഡ് ഏരിയയിലാണ് ഉള്‍പ്പെടുക. കരുളായി, അമരമ്പലം, ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട് പഞ്ചായത്തുകളിലെ ഭൂരിഭാഗവും പരിസ്ഥിതികമായി അതീവലോല പ്രദേശമായും, സംരക്ഷിത മേഖലയായും പ്രഖ്യാപിക്കണമെന്നാണ് കമ്മിറ്റിയുടെ ശുപാര്‍ശയുള്ളത്. വയനാട് വനത്തോട് അതിര്‍ത്തി പങ്കിടുന്ന ജില്ലയിലെ പോത്തുകല്ല്, ചുങ്കത്തറ, ചാലിയാര്‍ എന്നീ പഞ്ചായത്തുകളും പാരിസ്ഥിതികമായി അതീവ ലോലപ്രദേശത്തിലുള്‍പ്പെടുന്നുണ്ട്. വനാതിര്‍ത്തിയോട് ചേര്‍ന്ന് കഴിയുന്ന കുടിയേറ്റ കര്‍ഷകരെ നിയന്ത്രണത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കും. നിലവില്‍ വനംവകുപ്പ് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയ കുടുംബങ്ങളാണ് എറെ ഭീതിയില്‍ കഴിയുന്നത്. കമ്മറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കിയാല്‍ ഈ പഞ്ചായത്തുകളില്‍ ഒരുവിധ നിര്‍മാണ പ്രവൃത്തികളും അനുവദിക്കില്ല.

വെള്ളം വലിച്ചെടുക്കുന്ന മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ പാടില്ലായെന്നതാണ് പ്രധാന ശുപാര്‍ശ. എന്നാല്‍ ഈ പഞ്ചായത്തുകളില്‍ 90 ശതമാനം കര്‍ഷകരും അമിതമായി വെള്ളം വലിച്ചെടുക്കുന്ന റബ്ബര്‍ മരങ്ങള്‍ കൃഷിചെയ്യുന്നവരാണെന്നാണ് കമ്മറ്റിയുടെ റിപ്പോര്‍ട്ടിലുള്ളത്. വീടിന് ചുറ്റുമുള്ള കല്ല് കൈയാലക്ക് പകരം ജൈവവേലി സ്ഥാപിക്കണം, പുഴകളിലെ മണലെടുപ്പ് പൂര്‍ണമായി നിരോധിക്കണം, ജനിതക വ്യതിയാനം നടത്തിയ വിളകളെ അനുവദിക്കരുത്, എല്ലാതരം കീടനാശിനികളുടേയും, കളനാശിനികളുടേയും ഉപയോഗം 5 വര്‍ഷത്തിനുള്ളില്‍ ഇല്ലാതാക്കുക, കടകളിലും, സ്ഥാപനങ്ങളിലും, വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പൂര്‍ണമായും നിരോധിക്കുക, നീര്‍ത്തടങ്ങള്‍, പ്രത്യേക ആവാസ വ്യവസ്ഥകള്‍, ജൈവവൈവിധ്യ മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജനവാസവും നിര്‍മാണങ്ങളും പൂര്‍ണമായി നിരോധിക്കുക തുടങ്ങി ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഒട്ടേറെ കാര്യങ്ങളാണ് കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്.

deshabhimani

1 comment:

 1. ഏതു റിപ്പോർട്ട്‌ ആയാലും അത് നടപ്പാക്കുമ്പോൾ മാത്രമേ അതിന്റെ യഥാർത്ഥ ലക്ഷ്യങ്ങളിലേക്ക് എത്തുകയുള്ളൂ.

  ചില പ്രായോഗിക നിർദേശങ്ങൾ

  1.റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുക
  2.നിലവിലുള്ള മണ്ണ് -പാറ ഖനനം, അന്തരീക്ഷം മലിനമാക്കുന്ന
  വ്യവസായങ്ങള്‍, വന്‍ കെട്ടിടങ്ങള്‍, തുടങ്ങിയവ പരിസ്‌ഥിതി
  ദുര്‍ബലമേഖലയില്‍ നിന്നും പൂർണമായും ഒഴിവാക്കാനായി എല്ലാം നിരോധിച്ചു
  കൊണ്ടുള്ള ഉത്തരവ് മുൻകാല പ്രാബല്യത്തോടെ ഇറക്കുക
  3.റിപ്പോർട്ട്‌ സമയബന്ധിതമായി നടപ്പാക്കുന്നതിന്‌ കേന്ദ്ര സർക്കാർ ഉന്നതാധികാരസമിതിക്കു രൂപംനല്‍കു
  4.റിപ്പോർട്ട്‌ ൽ പ്രതിപാദിച്ചിരിക്കുന്ന കേരളം, തമിഴ്‌നാട്,
  കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങളിലെ പ്രാദേശിക
  ഭാഷയിൽ ലഭിക്കത്തക്ക വിധം റിപ്പോർട്ട്‌ വിവർത്തനം ചെയ്യുക
  5.പശ്‌ചിമഘട്ടത്തിന്റെ സംരക്ഷണത്തിനു പ്രത്യേക ഉദ്യോഗസ്ഥരെ അതാതു സംസ്ഥാനങ്ങളിൽ നിയമിക്കുക
  6. നിയമങ്ങൾ തെറ്റിക്കുന്നവരെ പിടികൂടാനായി പോലീസ്,വനം വകുപ്പ് ,വന ജാഗ്രത സമിതികൾ എന്നിവയെ സജ്ജമാക്കുക

  http://malayalatthanima.blogspot.in/

  ReplyDelete