Thursday, October 17, 2013

കോളേജുകള്‍ക്ക് സ്വയംഭരണം: 23ന് യൂണിയന്‍ ഭാരവാഹികളുടെ ധര്‍ണ

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും സ്വയംഭരണം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എസ്എഫ്ഐ നേതൃത്വത്തില്‍ 23ന് സെക്രട്ടറിയറ്റിന് മുന്നില്‍ കോളേജ് യൂണിയന്‍ ഭാരവാഹികള്‍ ധര്‍ണ നടത്തും.

കോളേജുകള്‍ക്ക് സ്വയംഭരണം നല്‍കുന്നതിലൂടെ മെറിറ്റും സാമൂഹ്യനീതിയും അട്ടിമറിച്ച് ഉന്നതവിദ്യാഭ്യാസമേഖല പൂര്‍ണമായും കച്ചവടവല്‍ക്കരിക്കപ്പെടും. സ്വയംഭരണം ലഭിക്കുന്നതോടെ കോഴ്സും കരിക്കുലവും ഫീസും നിശ്ചയിക്കുമെന്ന് മാത്രമല്ല പരീക്ഷയും മൂല്യനിര്‍ണയവും നടത്താനുള്ള അധികാരവും കോളേജുകള്‍ക്കായിരിക്കും. കോളേജുകള്‍ക്ക് ഇഷ്ടമുള്ള സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ, പിജി, എംഫില്‍ കോഴ്സുകള്‍ തുടങ്ങാനും ഇതിലൂടെ സാധിക്കും. ഇത് അക്കാദമിക് രംഗത്തെ മൂല്യച്യുതിക്ക് കാരണമാകും. ഭാവിയില്‍ അണ്‍ എയ്ഡഡ് കോളേജുകള്‍ക്കും സ്വയംഭരണം നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. സ്വയംഭരണം ലഭിക്കുന്നതോടെ കോളേജുകള്‍ക്ക് കുത്തഴിഞ്ഞരീതിയില്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാകും. ക്രമേണ പൈവറ്റ് യൂണിവേഴ്സിറ്റിയാക്കുക എന്ന ഹിഡന്‍ അജന്‍ഡയാണ് ഇതിനു പിന്നിലുള്ളതെന്നും എസ്എഫ്ഐ ആരോപിച്ചു.

കേരളത്തിലെ കോളേജ് വിദ്യാഭ്യാസരംഗത്തെ അക്കാദമിക് നിലവാരം തകര്‍ക്കാനിടയാക്കുന്ന സ്വയംഭരണം നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാനസര്‍ക്കാര്‍ പിന്മാറണം. സംസ്ഥാനത്തെ മുഴുവന്‍ കോളേജില്‍ നിന്നുള്ള തെരഞ്ഞെടുത്ത കോളേജ് യൂണിയന്‍ ഭാരവാഹികളാണ് ധര്‍ണയില്‍ പങ്കെടുക്കുന്നത്. വിദ്യാഭ്യാസമേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഈ നീക്കത്തിനെതിരെ അക്കാദമിക് സമൂഹം ശക്തമായി എതിര്‍ക്കണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment