Thursday, October 17, 2013

സിവില്‍ സപ്ലൈസ് നോക്കുകുത്തി: ആന്ധ്ര ഏജന്റുമാരുടെ ഇടപെടല്‍; അരിവില കുതിക്കുന്നു

കൊല്ലം: ആന്ധ്രയില്‍നിന്നുള്ള മില്‍ ഉടമകളുടെ ഏജന്റുമാര്‍ എഫ്സിഐ ഗോഡൗണ്‍ കേന്ദ്രീകരിച്ച് അനധികൃത മാര്‍ഗങ്ങളിലൂടെ പൊതുകമ്പോളത്തിലെ അരിവില നിശ്ചയിക്കുന്നു. ആന്ധ്രയില്‍നിന്നുള്ള ജയ അരിക്ക് ക്ഷാമം ഇല്ലാത്ത സാഹചര്യത്തില്‍ കിലോയ്ക്കുമേല്‍ രണ്ടുരൂപ കൂട്ടിയത് ചില്ലറ വില്‍പ്പനകേന്ദ്രങ്ങളില്‍ വന്‍ വിലക്കയറ്റത്തിനു കാരണമായി. പൊതുകമ്പോളത്തില്‍ അവശ്യസാധനവില നിയന്ത്രിക്കാന്‍ ഇടപെടേണ്ട സിവില്‍ സപ്ലൈസ് അധികൃതര്‍ നിഷ്ക്രിയമായത് കുത്തക മുതലാളിമാര്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ വഴിയൊരുക്കുന്നു.

ആന്ധ്രയിലെ അമ്പതോളം അരിമില്ലുകളുടെ ഏജന്റുമാരാണ് കൊല്ലത്ത് കേന്ദ്രീകരിക്കുന്നത്. ഇവര്‍ കൊല്ലം കമ്പോളത്തിലെ വില നിലവാരത്തിന് അനുസൃതമായി ആന്ധ്ര അരിക്ക് വിലകൂട്ടി നിശ്ചയിക്കുന്നു. അരി വാങ്ങുന്നയിടത്തുതന്നെ വില നിശ്ചയിച്ച് ബില്‍ നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഏജന്റുമാര്‍ എഫ്സിഐ ഗോഡൗണില്‍നിന്നാണ് ബില്‍ എഴുതി മൊത്ത വിതരണക്കാര്‍ക്ക് അരി നല്‍കുന്നത്. ആന്ധ്രയില്‍നിന്ന് അരി ലോഡുചെയ്ത തീയതി ബില്ലില്‍ രേഖപ്പെടുത്തി നല്‍കും. കണ്‍സ്യൂമര്‍ഫെഡും സപ്ലൈകോയും ഓണത്തിനുശേഷം ആന്ധ്രയില്‍നിന്ന് അരി വാങ്ങിയിട്ടില്ല. സപ്ലൈകോ ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ആര്‍ക്കും ഓര്‍ഡര്‍ നല്‍കിയില്ല. അരി വാങ്ങലിലെ വ്യാപക ക്രമക്കേടിനെ തുടര്‍ന്നാണ് കണ്‍സ്യൂമര്‍ഫെഡ് അരി എടുക്കാതായത്.

ഓണത്തിനുശേഷം കഴിഞ്ഞ മൂന്നിനാണ് ആന്ധ്രയില്‍നിന്ന് അരിയുമായി എഫ്സിഐ ഗോഡൗണില്‍ വാഗണ്‍ എത്തിയത്. കൊല്ലം കമ്പോളത്തിലേതിനേക്കാള്‍ കിലോയ്ക്ക് രണ്ടു രൂപ കൂട്ടിയാണ് ഏജന്റുമാര്‍ മൊത്ത വിതരണക്കാര്‍ക്കു നല്‍കിയത്. ഇതോടെ മൊത്തവ്യാപാരികള്‍ കിലോയ്ക്ക് 30.50 ആയി ഉയര്‍ത്തി. ചില്ലറ വില്‍പ്പനക്കാര്‍ 34 രൂപയാണ് ഈടാക്കുന്നത്. ഓണത്തിനുമുമ്പ് വില 28.50 രൂപയായിരുന്നു. അരി പത്തു ദിവസത്തോളം വൈകിച്ചതിനു പിന്നിലും കൊള്ളലാഭമായിരുന്നു ലക്ഷ്യം. ആന്ധ്രയില്‍ കഴിഞ്ഞ ഏപ്രിലിലും മേയിലും റെക്കോഡ് വിളവെടുപ്പാണ് ഉണ്ടായത്. തെക്കന്‍ കേരളത്തിനുവേണ്ടി മാത്രമാണ് ആന്ധ്രയില്‍നിന്ന് ജയ അരി കൊണ്ടുവരുന്നത്. ആന്ധ്രയില്‍ അരി കെട്ടിക്കിടക്കുന്ന സാഹചര്യത്തിലും കൊള്ളലാഭം ലക്ഷ്യമാക്കി വില കൂട്ടുകയായിരുന്നു. ഓണത്തിനുശേഷം ആന്ധ്രയില്‍നിന്ന് പത്തു റാക്ക് അരിയാണ് എത്തിയത്. ഒരു റാക്കില്‍ 252 ലോഡ് അരിയുണ്ടാകും. നാലു റാക്ക് കൂടി ഉടന്‍ എത്തും. കൊല്ലം എഫ്സിഐ ഗോഡൗണിലേക്ക് മാസം ശരാശരി 15 റാക്ക് അരിയാണ് എത്തുന്നത്. ഇവിടെനിന്നാണ് കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലേക്ക് അരി കൊണ്ടുപോകുന്നത്. കൊല്ലം കമ്പോളത്തില്‍ അറുപതോളം അരി മൊത്തവിതരണക്കാരുണ്ട്. വന്‍കിട മില്‍ ഉടമകളുടെ ഏജന്റുമാര്‍ അനധികൃത മാര്‍ഗങ്ങളിലൂടെ അരിവില നിശ്ചയിക്കുന്നത് തടയാന്‍ സിവില്‍ സപ്ലൈസ് അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെടുന്നു.

deshabhimani

No comments:

Post a Comment