Wednesday, October 16, 2013

പശ്ചിമഘട്ടമേഖലയില്‍ ഖനനം തടയുന്നു

പാരിസ്ഥിതിക ദുര്‍ബല മേഖലയായ അറുപതിനായിരം ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയില്‍ ഖനനം പാടില്ലെന്ന സുപ്രധാന നിര്‍ദേശത്തോടെ പശ്ചിമ ഘട്ടം സംരക്ഷിക്കാന്‍ നടപടിയായി. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ മുഖ്യമായി ചൂണ്ടിക്കാട്ടിയ പല നിര്‍ദേശങ്ങളും ഒഴിവാക്കി പിന്നീട് വന്ന കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനു പ്രാധാന്യം നല്‍കിയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നടപടിയെടുത്തിരിക്കുന്നത്.

തെക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളടക്കം 6 സംസ്ഥാനങ്ങളിലായി പടര്‍ന്നു കിടക്കുന്ന 60,000 ചതുരശ്ര കിലോമീറ്റര്‍ പശ്ചിമ ഘട്ട മേഖലയില്‍ ഖനനവും ക്വാറികളും നിരോധിച്ചു.താപവൈദ്യുത നിലയങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും വിലക്കുണ്ട്. മാലിന്യം വര്‍ധിപ്പിക്കുന്ന പദ്ധതികളും അനുവദിക്കില്ല. എന്നാല്‍ ജല വൈദ്യുത പദ്ധതികള്‍ക്കും കാറ്റാടിപ്പാടങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഇവ തുടങ്ങണമെങ്കില്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വേണം . നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ അതിരപ്പിള്ളി പദ്ധതിക്കും കര്‍ണാടകത്തിലെ ഗുണ്ടിയ പദ്ധതിക്കും അനുമതി നല്‍കാനാവില്ല. ഇതിനായി പുതിയ അപേക്ഷ വച്ച് സര്‍ക്കാര്‍ പുതിയ അഭിപ്രായമറിയിക്കണം. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉടന്‍ പുറത്തിറക്കും. എന്നാല്‍ അതിരപ്പള്ളിയെ പരിസ്ഥിതി ദുര്‍ബല മേഖലയായി പ്രഖ്യാപിക്കാന്‍ സാധ്യതയില്ലെന്നും വനം പരിസ്ഥിതി മന്ത്രാലയം സൂചന നല്‍കുന്നു.അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് കേരളത്തിന്റെ അഭിപ്രായം തേടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

പശ്ചിമഘട്ട വനം മേഖലയില്‍ യാതൊരു പ്രവര്‍ത്തനവും പാടില്ലെന്ന മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് കസ്തൂരിരംഗന്‍ കമ്മിറ്റിയെ നിയോഗിച്ചത്. എന്നാല്‍ രണ്ട് റിപ്പോര്‍ട്ടുകള്‍ വന്നിട്ടും ഇവയിലൊന്നും അംഗീകരിക്കുകയോ നടപ്പാക്കുയോ ചെയ്തിരുന്നില്ല.ഇതിനെതിരെ പരിസ്ഥിതി സംഘടനകള്‍ സുപ്രീംകോടതിയിലും ഹരിത ട്രിബുണലിലും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വനം പരിസ്ഥിതി മന്ത്രാലയത്തിനോട് എത് റിപ്പോര്‍ട്ടാണ് നടപ്പാക്കുന്നതെന്ന് അറിയിക്കാനും കാലതാമസം വരുത്തിയത് പിഴ ഒടുക്കാനും ഹരിത ട്രിബ്യൂണല്‍ വിധിച്ചിരുന്നു. ഗാഡ്ഗില്‍ റിഗപ്പാര്‍ട്ടിനെതിരെ കേരളം സമര്‍പ്പിച്ചിരുന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു തുടര്‍ന്ന് ഒക്ടോബര്‍ 7നാണ് ഹര്‍ജി കേരളം പിന്‍വലിച്ചത്.

deshabhimani

No comments:

Post a Comment