Friday, October 25, 2013

വാങ്ങിയത് 3 മാസത്തെ തുക ഔദ്യോഗിക വാഹനത്തിനു പുറമെ മുന്‍ എംഡിയുടെ കാര്‍വാടക 1.25 ലക്ഷം

കെടുകാര്യസ്ഥതയും ധൂര്‍ത്തും സാമ്പത്തിക പ്രതിസന്ധിയിലാക്കിയ കണ്‍സ്യൂമര്‍ഫെഡില്‍ ഉന്നതര്‍ യാത്രച്ചെലവിന്റെ പേരില്‍ പൊടിച്ചത് ലക്ഷങ്ങള്‍. ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളുടെ മറവില്‍ വിനോദയാത്രയും സംഘടിപ്പിച്ചു. പ്രസിഡന്റും എംഡിയും ഉള്‍പ്പെടെ ആഡംബര ഹോട്ടല്‍വാസത്തിനു ചെലവാക്കിയതു ലക്ഷങ്ങള്‍. സാമ്പത്തികാരോപണങ്ങളുടെ പേരില്‍ രാജിവച്ച എംഡിയുടെ 2011 ഫെബ്രുവരി, ജൂണ്‍, ജൂലൈ മാസങ്ങളിലെ യാത്രപ്പടിയും ഹോട്ടല്‍ വാടകയും 1,43,465 രൂപ. അതില്‍ കാര്‍ വാടക മാത്രം 1,25,377 രൂപയാണ്. എംഡിക്ക് ഔദ്യോഗിക വാഹനം ഉള്ളപ്പോഴാണ് കാര്‍ വാടകയിനത്തില്‍ ഇത്രയധികം പണം ചെലവഴിച്ചത്. എറണാകുളത്ത് ബോള്‍ഗാട്ടി പാലസില്‍ 2011 ജൂലൈ എട്ടിനു താമസിച്ചതിനു 12,032 രൂപയായി. പ്രസിഡന്റ് ഉള്‍പ്പെടെ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുത്തതിനു യാത്രപ്പടി, ഡിഎ ഇനത്തില്‍ 2012-13 സാമ്പത്തികവര്‍ഷം എഴുതിയെടുത്തത് 7,19,378 രൂപ. അതില്‍ പ്രസിഡന്റിന്റെ മാത്രം യാത്രപ്പടി 1,17,325 രൂപ.

എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കുള്ള ഭക്ഷണം, താമസം എന്നിവയ്ക്കുള്ള ചെലവ് വേറെ. സുഖവാസകേന്ദ്രങ്ങളായ വയനാട്, ഇടുക്കി, പൊന്മുടി എന്നിവിടങ്ങളില്‍ ബോര്‍ഡ് യോഗങ്ങള്‍ ചേര്‍ന്നതിനു പിന്നിലും വന്‍ ധൂര്‍ത്തുണ്ടായി. ഉന്നത ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും താമസിക്കാന്‍ എറണാകുളത്ത് വന്‍ തുകയ്ക്ക് വാടകയ്ക്കെടുത്ത ഫ്ളാറ്റുകളുള്ളപ്പോള്‍ മുന്‍ എംഡി എറണാകുളത്തെ ഹെരിറ്റേജ് ഹോളിഡേ ഹോം റിസോര്‍ട്ടില്‍ ഒരുദിവസം താമസിച്ചതിന് യാത്രച്ചെലവും മുറിവാടകയും ചേര്‍ത്ത് 16,635 രൂപയായെന്നും രേഖകളില്‍ പറയുന്നു. അതേ ദിവസംതന്നെ ബോള്‍ഗാട്ടി പാലസില്‍ താമസിച്ചതിന് 12,032 രൂപയായെന്ന ബില്ലും കണ്‍സ്യൂമര്‍ഫെഡില്‍ ഹാജരാക്കി. മറ്റു ജില്ലകളില്‍നിന്ന് ഹെഡ് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായിവരുന്ന ജീവനക്കാര്‍ക്കു താമസിക്കാന്‍ ക്വാര്‍ട്ടേഴ്സ് സൗകര്യം ഒരുക്കിയിട്ടുണ്ട്. എറണാകുളത്തെ കാര്‍ത്തിക റെസിഡന്‍സിയില്‍ കൊല്ലം നീതി വിതരണകേന്ദ്രത്തിലെ സീനിയര്‍ മാനേജര്‍ കഴിഞ്ഞ സെപ്തംബര്‍ 21നു താമസിച്ച ഇനത്തില്‍ 11,045 രൂപയാണ് സ്ഥാപനത്തിനുണ്ടായ ബാധ്യത.

deshabhimani

No comments:

Post a Comment