Saturday, October 19, 2013

യുഎസ് കപ്പലില്‍ എകെ 47; ജീവനക്കാര്‍ അറസ്റ്റില്‍

ആയുധങ്ങളുമായി കന്യാകുമാരി തീരത്ത് കണ്ടെത്തിയ അമേരിക്കന്‍ കപ്പല്‍ ഒരാഴ്ചയ്ക്കുശേഷം കസ്റ്റഡിയിലെടുത്ത് 33 ജീവനക്കാരെയും അറസ്റ്റുചെയ്തു. 35 എകെ-47 തോക്കുകളും 5680 ചുറ്റ് തിരകളും കണ്ടെടുത്തു. അറസ്റ്റിലായവരില്‍ 12 പേര്‍ ഇന്ത്യക്കാരാണ്. ബ്രിട്ടീഷ്, എസ്തോണിയന്‍, ഉക്രേനിയന്‍ പൗരന്മാരുമുണ്ട്. ആകെ 35 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. അറസ്റ്റ് ചെയ്ത 33 പേരെ മുത്തയ്യാപുരം പൊലീസ്സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ശേഷിക്കുന്ന രണ്ടുപേരെ പിന്നീട് അറസ്റ്റുചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഇവരെ അത്യാവശ്യം ജോലികള്‍ക്കായാണ് കപ്പലില്‍ തങ്ങാന്‍ അനുവദിച്ചത്. മറ്റു സംവിധാനം ഉണ്ടാകുംവരെയാണിത്.

രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലാണ് കപ്പല്‍ ഉണ്ടായിരുന്നതെന്ന് തമിഴ്നാട് ക്യു ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. കപ്പല്‍ ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്ക് പുറത്തായിരുന്നെന്ന് തോന്നുന്നുവെന്നാണ് ദേശീയ സുരക്ഷാ സഹ ഉപദേഷ്ടാവ് നെഹ്ചല്‍ സന്ധു വ്യാഴാഴ്ച പറഞ്ഞത്. കപ്പലില്‍ ആയുധം സൂക്ഷിക്കാനാവശ്യമായ രേഖകള്‍ ഉണ്ടായിരുന്നില്ലെന്നും തമിഴ്നാട് ക്യൂ ബ്രാഞ്ച് കണ്ടെത്തി.12നാണ് തീരസുരക്ഷാ സേന കപ്പല്‍ പിടികൂടിയത്. 1959ലെ ആയുധനിയമം, 1955ലെ അവശ്യവസ്തുനിയമം, മോട്ടോര്‍ സ്പിരിറ്റ് ആന്റ് ഹൈസ്പീഡ് ഡീസല്‍ ഉത്തരവ് എന്നിവയിലെ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തതെന്ന് ചെന്നെ പൊലീസ് ആസ്ഥാനം അറിയിച്ചു. കപ്പല്‍ ജീവനക്കാര്‍ 1500 ലിറ്റര്‍ ഡീസല്‍ നിയമവിരുദ്ധമായി വാങ്ങിയിരുന്നു. എന്നാല്‍ കപ്പലിലെ ആയുധങ്ങള്‍ക്ക് ലൈസന്‍സും അത് സൂക്ഷിക്കാന്‍ ആവശ്യമായ അനുമതി രേഖകളും ഉണ്ടായിരുന്നെന്ന് കപ്പലിന്റെ ഉടമകളായ വാഷിങ്ടണ്‍ ആസ്ഥാനമായ അഡ്വന്റ് ഫോര്‍ട്ട് ഇന്റര്‍നാഷണല്‍ പ്രതിനിധി വാട്സണ്‍ അവകാശപ്പെട്ടു.

കപ്പലിന് ഇന്ധനം വാങ്ങിയതിനെതിരെയായിരുന്നു ആദ്യം അന്വേഷണം നടന്നത്. ആയുധങ്ങള്‍ സംബന്ധിച്ച് ഇന്ത്യാ ഗവണ്‍മെന്റിന് കര്‍ശനനിലപാടുണ്ടെന്നും അതിനാല്‍ പരിശോധനയെ സ്വാഗതം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. നെഹ്ചല്‍ സന്ധുവിന്റെ നിലപാട് അമേരിക്കന്‍ കമ്പനിയും ആവര്‍ത്തിച്ചു. അതിര്‍ത്തിയില്‍നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്ന കപ്പല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലില്ലായിരുന്നെന്ന് വാട്സണ്‍ വിശദീകരിച്ചു. അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പ്രശ്നം ഗൗരവമായി എടുത്തിട്ടുണ്ടെന്നും എന്നാല്‍ നേരിട്ട് പ്രശ്നത്തില്‍ ഇടപെടുന്നില്ലെന്നും കൂടി വാട്സണ്‍ പറഞ്ഞു. അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പ്രശ്നം ഗൗരവമായി എടുത്തെന്നതിന്റെ തെളിവാണ് ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവ് കപ്പലിന് അനുകൂലമായി കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന. കപ്പലിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ പരമാവധി ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍, സംഭവം സംബന്ധിച്ച് തമിഴ്നാട് ക്യൂ ബ്രാഞ്ച് നടത്തുന്ന അന്വേഷണമാണ് കേന്ദ്ര സര്‍ക്കാരിന് ഇപ്പോള്‍ തലവേദന. ക്യൂ ബ്രാഞ്ച് എസ്പി ഭവാനി ഈശ്വരിയും സംഘവും കപ്പലില്‍ വിശദപരിശോധന നടത്തി ജീവനക്കാരെ ചോദ്യംചെയ്തു.

deshabhimani

No comments:

Post a Comment