Saturday, October 19, 2013

വൈദ്യമഠം വിടവാങ്ങി

പ്രമുഖ ആയുര്‍വേദ ചികിത്സകനും പണ്ഡിതനും എഴുത്തുകാരനുമായ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി (84) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പകല്‍ 3.55നായിരുന്നു അന്ത്യം. മൃതദേഹം വെള്ളിയാഴ്ച രാത്രി ഒമ്പതോടെ സ്വദേശമായ പാലക്കാട് ജില്ലയിലെ മേഴത്തൂരില്‍ കൊണ്ടുവന്നു. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് മേഴത്തൂര്‍ വൈദ്യമഠം മന വളപ്പില്‍.

അഷ്ടവൈദ്യന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയുടേയും ഉണിക്കാളി അന്തര്‍ജനത്തിന്റെയും മകനായി 1930 ഏപ്രില്‍ പത്തിനാണ് ജനനം. കോരല്ലൂര്‍ കൃഷ്ണവാര്യരാണ് ആദ്യ ഗുരു. വൈശ്രവണത്ത് രാമന്‍നമ്പൂതിരി, വൈദ്യന്‍ വി കെ ആര്‍ തിരുമുല്‍പ്പാട്, വിദ്വാന്‍ കലക്കത്ത് രാമന്‍നമ്പ്യാര്‍ എന്നിവരില്‍നിന്ന് സംസ്കൃതം പഠിച്ചു. ഒറ്റപ്പാലം ഹൈസ്കൂളില്‍ നിന്ന് ആറാംക്ലാസും തൃത്താല സുന്ദരയ്യരില്‍നിന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസവും നേടി. 20-ാംവയസ്സില്‍ മുത്തച്ഛനില്‍നിന്ന് ആയുര്‍വേദപഠനം ആരംഭിച്ചു. ഒപ്പം പരിശീലനവും. വൈദ്യമഠം വൈദ്യശാല നഴ്സിങ് ഹോമിന്റെ പ്രധാനവൈദ്യന്‍, വൈദ്യമഠം വലിയ നാരായണന്‍നമ്പൂതിരി ദക്ഷിണാമൂര്‍ത്തി ട്രസ്റ്റ്, മേഴത്തൂര്‍ കോടനാട്-പുല്ലാനിക്കാവ് ക്ഷേത്രം എന്നിവയുടെ മാനേജിങ് ട്രസ്റ്റി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സാഹിത്യത്തിലും വൈദ്യശാസ്ത്രത്തിലും നിപുണനായിരുന്നു. നിരവധി വിവര്‍ത്തനങ്ങള്‍ നടത്തി. കവിതകളും ലേഖനങ്ങളും രചിച്ചു. ദീര്‍ഘായുസ്സും ആയുര്‍വേദവും(ലേഖനങ്ങള്‍), ദിനചര്യ, ദേവീമാഹാത്മ്യം(സംഗ്രഹം), ആയുര്‍വേദത്തിന്റെ പ്രഥമപാഠങ്ങള്‍(അഷ്ടാംഗഹൃദയം-സൂത്രസ്ഥാനം-സ്വതന്ത്ര വ്യാഖ്യാനം), ചികിത്സാനുഭവം, ഗര്‍ക്ഷഭഭാഗവതം-വൃത്താനുവൃത്ത വിവര്‍ത്തനം, ദേവായനങ്ങളിലൂടെ(യാത്രാനുഭവം), ഹസ്ത്യായുര്‍വേദം-പാലകാപ്യം, അശീതി പ്രണാമം-കവിതാസമാഹാരം, ആല്‍ബത്തിലെ ഓര്‍മകള്‍-ആത്മകഥ, ഹസ്ത്യായുര്‍വേദം, കാവ്യതീര്‍ഥാടനം എന്നിവ പ്രധാന കൃതികള്‍.

കേരള സര്‍ക്കാരിന്റെ ആയുര്‍വേദാചാര്യ പുരസ്കാരം,ഭഭക്തശിരോമണി വാഴക്കുന്നം സ്മാരക പുരസ്കാരം, കോയമ്പത്തൂര്‍ ആയുര്‍വേദ ഫാര്‍മസിയുടെ ബൃഹത്രയീരത്ന പുരസ്കാരം, ഡല്‍ഹി മലയാളി സാംസ്കാരിക സംഘടനയുടെ ഗായത്രീ പുരസ്കാരം, കൊടിക്കുന്ന് ദേവസ്വം ദേവീ പുരസ്കാരം, വി ടി പുരസ്കാരം എന്നിവ ലഭിച്ചു. ഭാര്യ: ശാന്ത അന്തര്‍ജനം. മക്കള്‍: നാരായണന്‍(മാനേജിങ് പാര്‍ട്ണര്‍, വൈദ്യമഠം വൈദ്യശാല നഴ്സിങ്ഹോം),ഭനീലകണ്ഠന്‍(വൈദ്യന്‍-വൈദ്യമഠം വൈദ്യശാല നഴ്സിങ് ഹോം), പ്രസന്ന( അധ്യാപിക വൈദ്യരത്നം ആയുര്‍വേദ കോളേജ് തൃശൂര്‍), ലത, ഡോ. വാസുദേവന്‍(വൈദ്യമഠം വൈദ്യശാല നഴ്സിങ്ഹോം). മരുമക്കള്‍: രോഷ്നി, അനിത, ഹരി, ഡോ. കെ എന്‍ സുബ്രഹ്മണ്യന്‍(ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍), സാവിത്രി. സഹോദരങ്ങള്‍: ഡോ. ഋഷികുമാരന്‍ നമ്പൂതിരി (റിട്ട. ചീഫ് മെഡിക്കല്‍ ഓഫീസര്‍-ആയുര്‍വേദം), പരേതനായ ഡോ. സുബ്രഹ്മണ്യന്‍ നമ്പൂതിരി(റിട്ട.ആയുര്‍വേദ ഡയറക്ടര്‍).

No comments:

Post a Comment