Saturday, October 19, 2013

കെ രാഘവന്‍ മാസ്റ്റര്‍ക്ക് ആദരാഞ്ജലി

തലശേരി: മലയാള സംഗീതലോകത്തെ കുലപതി കെ രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചു. 99 വയസായിരുന്നു. തലശേരി സഹകരണ ആശുപത്രിയില്‍ ശനിയാഴ്ച പലര്‍ച്ചെ 4.20 നായിരുന്നു അന്ത്യം. കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ 16നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച പകല്‍ രണ്ടിന് വീട്ടുവളപ്പില്‍ ശവസംസ്കാര ചടങ്ങുകള്‍ നടക്കും.

തമിഴ് ഹിന്ദി ഗാനങ്ങളില്‍ നിന്നും മലയാള ചലച്ചിത്ര സംഗീതത്തെ വഴിമാറ്റിനടത്തി മലയാളത്തിന്റെ തനതായ ഗാനശാഖയ്ക്ക് തുടക്കം കുറിച്ച രാഘവന്‍ മാസ്റ്റര്‍ക്ക് 2010 ല്‍ പത്മശ്രീ പുരസ്കാരവും 1997 ല്‍ ജെ സി ഡാനിയല്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. രണ്ട് തവണ സംസ്ഥാനസര്‍ക്കാരിന്റെ പുരസ്കാരവും ലഭിച്ചു.

1951 പുള്ളിമാന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര സംഗീത സംവിധാന രംഗത്തേക്ക് എത്തിയത്. 1954 ല്‍ പുറത്തിറങ്ങിയ നീലക്കുയിലൂടെയാണ് രാഘവ സംഗീതം മലയാളികള്‍ ആസ്വദിച്ചുതുടങ്ങിയത്. നീലക്കുയിലിലെ എല്ലാരും ചൊല്ലണ്, എങ്ങനെ നീ മറക്കും, കായലരികത്ത്, ഉണരുണരൂ, കുയിലിനെത്തേടി, മാനെന്നും വിളിക്കില്ല തുടങ്ങിയ ഗാനങ്ങള്‍ ഹിറ്റായി. രാരിച്ചന്‍ എന്ന പൗരന്‍, നായരു പിടിച്ച പുലിവാല്, രമണന്‍, കൊടുങ്ങല്ലൂരമ്മ, കള്ളിച്ചെല്ലമ്മ, നിര്‍മാല്യം, മാമാങ്കം, കടത്തനാടന്‍ അമ്പാടി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു. 60ല്‍പ്പരം ചിത്രങ്ങളില്‍നിന്നായി നാന്നൂറിലെറെ ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മമ്മുട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ബാല്യകാലസഖിയിലെ സംഗീത സംവിധാനം നിര്‍വ്വഹിച്ചതും രാഘവന്‍ മാഷാണ്.

1914ല്‍ കണ്ണൂര്‍ തലശേരിയില്‍ തലായില്‍ എം കൃഷ്ണന്‍ നായരുടേയും നാരായണിയുടേയും മകനായാണ് അദ്ദേഹം ജനിച്ചത്. സംഗീതപഠനത്തിനു ശേഷം ആകാശവാണിയില്‍ സംഗീതവിഭാഗത്തില്‍ ജീവനക്കാരനായി. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ആകാശവാണി നിലയങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്കം ചെന്നൈ ഓള്‍ ഇന്ത്യാ റേഡിയോയിലായിരുന്നു.

ഭാര്യ: യശോദ. മക്കള്‍: വീണാധരി, മുരളീധരന്‍, കനകാംബരന്‍, ചിത്രാംബരി, വാഗീശ്വരി.

deshabhimani

No comments:

Post a Comment