Thursday, October 24, 2013

എം എം മണി സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി

സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയായി എം എം മണിയെ തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന ജില്ലാ കമ്മിറ്റിയോഗത്തില്‍ ഐകകണ്ഠ്യേനയാണ് തെരഞ്ഞെടുത്തത്. എം എം മണിയുടെ പേര് സെക്രട്ടറിയായിരുന്ന കെ കെ ജയചന്ദ്രന്‍ എംഎല്‍എ നിര്‍ദേശിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കേന്ദ്ര സെക്രട്ടറിയറ്റംഗം എ വിജയരാഘവന്‍, കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു

. മണക്കാട് 2012 മെയ് 25ന് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ എം എം മണിക്കെതിരെ കള്ളക്കേസെടുത്ത് ജയിലിലടച്ചതിനെ തുടര്‍ന്ന് 2012 ജൂണ്‍ 14നാണ് സെക്രട്ടറി ചുമതല കെ കെ ജയചന്ദ്രന്‍ എംഎല്‍എയ്ക്ക് നല്‍കിയത്. എം എം മണി നിലവില്‍ സംസ്ഥാന കമ്മിറ്റിയംഗവും കിസാന്‍സഭ അഖിലേന്ത്യാ കമ്മിറ്റിയംഗവുമാണ്. തുടര്‍ച്ചയായി പത്താം തവണയാണ് സെക്രട്ടറിയായി ചുമതല ഏല്‍ക്കുന്നത്.

ഒട്ടേറെ പട്ടയസമരങ്ങളിലും കര്‍ഷക-തോട്ടം തൊഴിലാളി സമരങ്ങളിലും പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്തിട്ടുള്ള എം എം മണി 1985ലാണ് ആദ്യമായി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസവും പൊലീസില്‍നിന്ന് കൊടിയ മര്‍ദനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. തുടര്‍ന്ന് 88, 91, 93, 97, 2001, 2004, 2007, 2012 എന്നീ കാലയളവിലും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1996 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോലയില്‍നിന്നും മത്സരിച്ചു.

കോട്ടയം ജില്ലയിലെ കിടങ്ങൂരില്‍നിന്നുള്ള കുടിയേറ്റകര്‍ഷക കുടുംബത്തിലെ അംഗമാണ്. മുണ്ടയ്ക്കല്‍ മാധവന്‍-ജാനകി ദമ്പതികളുടെ പത്തു മക്കളില്‍ മൂത്തമകനായി 1944ലാണ് ജനനം. 69 വയസുണ്ട്. ഇപ്പോള്‍ കുഞ്ചിത്തണ്ണിയില്‍ താമസം. 1966ല്‍ പാര്‍ടി അംഗമായി. 1970ല്‍ ബൈസണ്‍വാലി ലോക്കല്‍കമ്മിറ്റി സെക്രട്ടറിയായി. 71ല്‍ രാജാക്കാട് എല്‍സി സെക്രട്ടറി, 74ല്‍ ജില്ലാകമ്മിറ്റിയംഗം, 75ല്‍ ദേവികുളം താലൂക്ക് സെക്രട്ടറി, 77ല്‍ ജില്ലാ സെക്രട്ടറിയറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അവിഭക്ത കോട്ടയം ജില്ലയില്‍ കര്‍ഷകസംഘം ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ലക്ഷ്മിക്കുട്ടി.

deshabhimani

No comments:

Post a Comment