Saturday, October 12, 2013

സെന്‍സസില്‍ നിന്നും 5 കോടി ചേരിനിവാസികള്‍ ഒഴിവാക്കപ്പെട്ടതായി റിപ്പോര്‍ട്ട്

ചേരിനിവാസികളുടെ എണ്ണം കണക്കാക്കിയതില്‍ 2011 സെന്‍സസില്‍ ഗുരുതരമായ വീഴ്ച്ച. കണക്കുകള്‍ പ്രകാരം 2613 പട്ടണങ്ങളിലായി 6.5 കോടി ചേരിനിവാസികളെയാണ് സെന്‍സസില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എന്നാല്‍ പുതിയതായി ഉദയം ചെയ്ത നഗരകേന്ദ്രങ്ങളിലായി താമസിക്കുന്ന 5 കോടിയിലതികം വരുന്ന നഗരവാസികളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

മുന്‍കാലങ്ങളിലെ പോലെ നീണ്ടു നിവര്‍ന്നുകിടക്കുന്ന രീതിയിലല്ല പുതിയ ചേരികളുടെ ഘടന. അവ ചെറിയ ചെയിയ കൂട്ടങ്ങളാണ്. എന്നാല്‍ 1960-70 കാലഘട്ടത്തിലെ മാനദണ്ഡങ്ങള്‍ തന്നെയാണ് ചേരിയെ നിര്‍വ്വചിക്കുന്നതില്‍ സെന്‍സസ് അധികൃതര്‍ വെച്ചുപുലര്‍ത്തുന്നത്. ജിഐ ഷീറ്റകളുപയോഗിച്ചുള്ള ചുമരുകളോ മേല്‍ക്കൂരയോ ഉള്ള താമസസ്ഥലങ്ങളെ ചേരികളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തുകയില്ല. ഇത്തരം മാനദണ്ഡങ്ങളാണ് കണക്കുകളില്‍ ഇത്രവലിയ അന്തരം ഉണ്ടാക്കിയത്.

ഇന്ത്യന്‍ നഗര ജനസംഖ്യ 7935 പട്ടണങ്ങളിലായി 37.7 കോടി ആണ്. ഇതില്‍ 4041 പട്ടണങ്ങള്‍ വിവിധ നഗരസഭകളുടെ കീഴിലാണ്. ഇവിടങ്ങളിലെ ചേരികള്‍ മാത്രമാണ് സെന്‍സസ് കണക്കുകളില്‍ ഇടംപിടിക്കുന്നത്. ബാക്കിയുള്ള 3894 പട്ടണങ്ങള്‍ പഞ്ചായത്തുകള്‍ക്ക് കീഴിലാണ്. ഇവയൊക്കെ നഗരങ്ങളായി പരിഗണിക്കപ്പെടാനുള്ള മാനദണ്ഡങ്ങള്‍ കൈവരിച്ചാലും, ഇവയെ സെന്‍സസ് പട്ടണങ്ങള്‍ എന്ന ഗണത്തിലാണ് ഉള്‍പ്പെടുത്തുക. ചേരികളുടെ കണക്കെടുക്കുമ്പോള്‍ ഇത്തരം സെന്‍സസ് പട്ടണങ്ങളെ ഒഴിവാക്കുകയും ചെയ്യും. ഇത്തരം ഒരു സംവിധാനമാണ് 2011ലെ സെന്‍സസ് സാങ്കേതിക നിര്‍ദ്ദേശ കമ്മിറ്റി സ്വീകരിച്ചിരുന്നത്.

ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ട പട്ടണങ്ങളില്‍ നിന്നുള്ള 5 കോടിയോളം പേരാണ് സെന്‍സസിലെ ചേരികളുടെ കണക്കില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. അതിനെ തുടര്‍ന്ന് നഗരമേഖലയിലെ നവീകരണ പദ്ധതിയായ ജന്‌റ(ജവഹല്‍ലാല്‍ നെഹ്‌റു ദേശീയ നഗര നവീകരണ പദ്ധതി) ത്തിന്റെ ഗുണഫലം കണക്കെടുപ്പില്‍ ഒഴിവാക്കപ്പെട്ട ഈ വലിയ വിഭാഗത്തിന് ലഭിച്ചിട്ടില്ല.

ദാമോദര്‍പുര്‍, ദുമാരി, മജ്ഹൗലിയ, മുസാഫര്‍പുര്‍ തുടങ്ങിയ സെന്‍സസ് പട്ടണങ്ങളാണ് ബീഹാര്‍ സംസ്ഥാനത്തുള്ളത്. ഇവിടെ 20 ശതമാനത്തോളം വീടുകളും പുല്ലുമേഞ്ഞതാണ്. മലിനജലമൊഴുക്കുന്ന ഓടകള്‍ക്ക് അടപ്പുകളില്ല. ഇവിടുത്തെ താമസം ചേരിയിലേതിനു സമാനമാണ്. ഡല്‍ഹിയിലെ പ്രാന്തപ്രദേശത്തെ സെന്‍സസ് പട്ടണമായ ഖോക്രയില്‍ തൊഴിലാളികള്‍ വ്യാപകമായി താമസിക്കുന്നുണ്ട്. ഇവിടെ 1.9 ലക്ഷമാണ് ജനസംഖ്യ. ഇവിടെ തുറന്ന മലിനജല ഓടകളോട് ചേര്‍ന്ന് തിങ്ങി ഞെരുങ്ങിയ അവസ്ഥയിലാണ് പാര്‍പ്പിടങ്ങള്‍ ഉള്ളത്.

കുടിവെള്ളത്തിനായി പൈപ്പ് വെള്ളം പോലും ലഭ്യമല്ല. ഗ്രേറ്റര്‍ നോയിഡ, നവി മുംബൈ എന്നിവിടങ്ങളിലും സമാന സാഹചര്യങ്ങളില്‍ മനുഷ്യര്‍ ജീവിക്കുന്നു. ഈ സെന്‍സസ് പട്ടണങ്ങള്‍ക്ക് ഇപ്പോഴും ഗ്രാമ വികസന മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പണം ലഭിക്കുന്നുണ്ട്. പക്ഷെ ഈ പട്ടണങ്ങളെ ചേരികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇപ്പോഴും തയാറായിട്ടില്ല.

ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ട ചേരികളെ കണ്ടത്തി ആവശ്യമായ കരുതല്‍ നല്‍കുന്നതിന് ദേശീയ സ്ഥിതി വിവര കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊണബ് സെന്നിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇപ്പോള്‍ നഗര പ്രദേശത്ത് ലഭ്യമാകുന്ന ചെറിയ സ്ഥലങ്ങളിലാണ് തൊഴിലാളികളുള്‍പ്പെടെയുള്ള പാവപ്പെട്ടവര്‍ പാര്‍പ്പിടമൊരുക്കുന്നത്. അതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് 20 വീടുകള്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ പരിഗണിക്കണം.

നിലവിലെ മാനദണ്ഡങ്ങള്‍ മാറ്റി, കോണ്‍ക്രീറ്റ് ചുമരുകളും മേല്‍ക്കൂരയും ഉള്ള വീടുകളാവണം ചേരിയുടെ നിര്‍വ്വചനത്തില്‍ നിന്ന് ഒഴിവാക്കേണ്ടത്. ഇത് നഗരവത്ക്കരണത്തിന്റെ മാത്രം പ്രശ്‌നല്ലെന്നും പാരിസ്ഥിതികവും ഭരണപരവും കൂടിയാണെന്നുമാണ് സെന്നിന്റെ നിര്‍ദ്ദേശങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

janayugom

No comments:

Post a Comment