Saturday, October 12, 2013

സാമ്പത്തിക തകര്‍ച്ച പ്രീണനവഴികളിലൂടെ

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ അഗാധകയങ്ങളിലേക്കു വലിച്ചെറിഞ്ഞ ഇപ്പോഴത്തെ സാഹചര്യത്തിനുകാരണം മൂലധനശക്തികളെ പ്രീണിപ്പിക്കുന്ന സര്‍ക്കാര്‍ നയങ്ങളാണെന്ന് സാമ്പത്തിക വിദഗ്ധര്‍.

സര്‍ക്കാര്‍ നിയോഗിച്ച കേരള പൊതുധനവ്യയ സമിതി കഴിഞ്ഞ വര്‍ഷം നല്‍കിയ മുന്നറിയിപ്പുകള്‍ വിഗണിച്ചത് ആപല്‍ക്കരമായ സാമ്പത്തിക പ്രതിസന്ധിക്കു വഴിമരുന്നിട്ടുവെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധയും സമിതിഅംഗവുമായ ഡോ. മേരിജോര്‍ജ് ചൂണ്ടിക്കാട്ടി. പ്രീണനം ഭരണകൂടങ്ങള്‍ ഒരു നയമാക്കുമ്പോഴാണ് നികുതിവരുമാനം കുത്തനെ താഴുക. നികുതികളുടെ വരുമാന സ്രോതസുകള്‍ മുന്നില്‍ വെട്ടിത്തിളങ്ങിനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ അവ കാണാതെപോകുന്നതാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം. ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയെ സാമ്പത്തിക പ്രതിസന്ധിയെക്കാള്‍ സാമ്പത്തിക തകര്‍ച്ചെയെന്നോ തളര്‍ച്ചയെന്നോ ആണ് വിശേഷിപ്പിക്കേണ്ടതെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ കരുതുന്നു.

വെള്ളിയാഴ്ച പൊതു ധനവ്യയസമിതി ചേര്‍ന്ന് സംസ്ഥാനത്തെ വികസനത്തകര്‍ച്ചയേയും സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിരിക്കുന്ന 'ഗുരുതരമായ ദീന'ത്തെയും കുറിച്ചു വിലയിരുത്തി. നികുതി സമാഹരണത്തിനുള്ള വഴികള്‍ കൊട്ടിയടയ്ക്കുകയും ജീനിയും കടിഞ്ഞാണുമില്ലാത്ത ധനവിനിയോഗവും മൂലം സര്‍ക്കാര്‍ സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ ആഴമേറിയ പ്രതിസന്ധിയില്‍ കൊണ്ടു ചെന്നെത്തിച്ചുവെന്നാണ് സമിതിയുടെ കണ്ടെത്തല്‍ എന്നറിയുന്നു.

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് വിറ്റഴിച്ചത് 62 ടണ്‍ സ്വര്‍ണമായിരുന്നു. എന്നാല്‍ വില്‍പ്പനയില്‍ 80 ശതമാനം നികുതി വെട്ടിച്ചുവെന്നാണ് വാണിജ്യ ഇന്റലിജന്‍സ് വിഭാഗത്തിന്റെ കണക്ക്. ഗള്‍ഫിലടക്കമുള്ള വിദേശമലയാളികള്‍ പ്രതിവര്‍ഷം കേരളത്തിലേക്ക് അയയ്ക്കുന്ന പണം 75,000 കോടി കവിഞ്ഞത് കഴിഞ്ഞമാസമാണ്. ഇതില്‍ സിംഹഭാഗവും നിക്ഷേപിക്കുന്നതു സ്വര്‍ണത്തിലാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തല്‍ക്കാലം തെല്ലൊരു മാന്യമുള്ളതിനാല്‍ പ്രവാസികള്‍ തങ്ങളുടെ സമ്പാദ്യം കൂടുതലും സ്വര്‍ണത്തിലാണ് നിക്ഷേപിക്കുന്നതെന്നു കണക്കുകള്‍ കാണിക്കുന്നു.

സ്വര്‍ണം കള്ളക്കടത്തുകാരന്‍ ടി കെ ഫയാസ് പിടിയിലായശേഷം ലഭിച്ചവിവരങ്ങള്‍ കൂട്ടിവായിച്ചാല്‍ സ്വര്‍ണം കള്ളക്കടത്തിന്റെ പ്രവാഹശക്തി ഏറുന്നുവെന്ന് വ്യക്തമാണെന്ന് ഡോ. മേരിജോര്‍ജ് പറഞ്ഞു. ഈ കള്ളക്കടത്തു സ്വര്‍ണവും ഒഴുകിയെത്തുന്നത് സംസ്ഥാനത്തെ വന്‍കിട ജൂവലറികളിലേക്കാണ്. ഏകദേശ കണക്കനുസരിച്ച് പ്രതിവര്‍ഷം 60,000 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളെങ്കിലും വിപണിയില്‍ വിറ്റഴിയുന്നു. എന്നാല്‍ സ്വര്‍ണാഭരണ മേഖലയിലെ 80 ശതമാനം നികുതി വെട്ടിപ്പിന് തെളിവാണ് കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന്റെ വില്‍പനനികുതിയായി ലഭിച്ച വെറും 302 കോടി രൂപ.

സ്വര്‍ണാഭരണശാലകള്‍ നടത്തുന്ന വന്‍തിമിംഗലങ്ങള്‍ക്കാണ് ധനവകുപ്പിന്റെ കമേഴ്‌സ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റേയും കടിഞ്ഞാണ്‍. സഹസ്രകോടികളുടെ നികുതി വെട്ടിപ്പിന്റെയും ഒരു വിഹിതം രാഷ്ട്രീയ-ബ്യൂറോക്രാറ്റിക് നേതൃത്വങ്ങളുടെ കീശകളിലെത്തുന്നുവെന്നതും അങ്ങാടിപ്പാട്ട്. ധനമന്ത്രി കെ എം മാണിയുടേയും അദ്ദേഹത്തിന്റെ കക്ഷിയുടേയും അടിസ്ഥാനവര്‍ഗം റബര്‍ കുത്തകകളാണ്. റബര്‍ മേഖലയില്‍ കഴിഞ്ഞവര്‍ഷം 16,495 കോടിയുടെ പരസ്യമായ വിറ്റുവരവുണ്ടായെങ്കിലും ഇവിടെയും നികുതിവെട്ടിപ്പിന്റെ പറുദീസ. കഴിഞ്ഞ വര്‍ഷം നികുതിയായി പിരിഞ്ഞുകിട്ടിയത് വെറും 397 കോടി രൂപയാണെന്നും ഡോ. മേരിജോര്‍ജ് ചൂണ്ടിക്കാട്ടി. സുപ്രധാന മേഖലകളെയെല്ലാം ഒഴിവാക്കിയശേഷം നികുതിവരുമാനം കുത്തനെ ഇടിയുന്നുവെന്നും സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്നും സര്‍ക്കാര്‍ വിലപിക്കുന്നതു കാപട്യമാണെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ കുറ്റപ്പെടുത്തുന്നു. ഇതിനുപുറമെയാണ് വ്യാപാര-വാണിജ്യ മേഖലകളില്‍ നിന്നുള്ള ഭീമമായ നികുതിച്ചോര്‍ച്ച. ഇത്തരം 20 ലക്ഷം ചില്ലറ വ്യാപാര സ്ഥാപനങ്ങളാണുള്ളത്. പക്ഷേ രജിസ്റ്റര്‍ ചെയ്തത് 1.8 ശതമാനം മാത്രം. രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയാല്‍ മാത്രം കോടികളുടെ നികുതിവരുമാനം ഉറപ്പാക്കാം.

വര്‍ഗീയ ധ്രുവീകരണങ്ങള്‍ക്ക് വഴിവെട്ടുന്ന പരിപാടികളിലൂടെ ശതകോടികള്‍ ഖജനാവില്‍ നിന്നു ചോരുന്നു. 36 എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കിയതുവഴി നിയമനത്തിനുള്ള കോഴ മാനേജ്‌മെന്റുകള്‍ക്കും അധ്യാപകരുടേയും അനധ്യാപകരുടേയും ശമ്പളമടക്കമുള്ള ചെലവു മുഴുവന്‍ സര്‍ക്കാരും വഹിക്കുന്നു. മിതവ്യയത്തിനുപകരം വര്‍ഗീയതയ്ക്ക് ചൂട്ടുപിടിക്കുന്ന
ധനദുര്‍വ്യയമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മൂവായിരം മുസ്‌ലിംലീഗുകാര്‍ക്ക് പള്ളികളില്‍ ബോധവല്‍ക്കരണത്തിന്റെ മറവില്‍ രണ്ടാഴ്ചമുമ്പ് ഉദ്യോഗദാനം നല്‍കിയത് മന്ത്രിസഭയോ ധനമന്ത്രിയോ അറിയാതെ. ഈയിനത്തില്‍ ചെലവ് 40 കോടിയിലേറെ. കുറ്റകരമായ സാമ്പത്തിക കെടുകാര്യസ്ഥതയിലൂടെ ഖജനാവു കട്ടുമുടിച്ചിട്ടാണ് സാമ്പത്തിക പ്രതിസന്ധിയെന്നു സര്‍ക്കാര്‍ വായ്ത്താരി.

കെ രംഗനാഥ് janayugom

No comments:

Post a Comment