Sunday, October 13, 2013

14 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ്

ഒഡിഷ തീരത്ത് 14 വര്‍ഷംമുമ്പ് വീശിയടിച്ച ചുഴലിക്കാറ്റിനുശേഷം ഇന്ത്യയിലെത്തുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഫൈലിന്‍. 1999ലെ ചുഴലിക്കാറ്റിലും പേമാരിയിലും പതിനായിരത്തിലധികംപേരാണ് മരിച്ചത്. 1999 ഒക്ടോബര്‍ 28നാണ് അതിശക്തമായ ചുഴലിക്കാറ്റ് ഒഡിഷതീരത്തെ നാമാവശേഷമാക്കിയത്. മണിക്കൂറില്‍ 305 കിലോമീറ്റര്‍ വേഗമുള്ള കൊടുങ്കാറ്റായിരുന്നു ഇത്. ഒഡിഷ തീരത്തെ 11 ജില്ലയെ ചുഴലിക്കാറ്റ് തകര്‍ത്തു. ജനസംഖ്യയുടെ നാലിലൊന്നിനെ പ്രകൃതിദുരന്തം ബാധിച്ചു. മൂന്നുലക്ഷം വീട് നശിച്ചു. 3.23 ലക്ഷം ഹെക്ടറില്‍ കൃഷി നശിച്ചു. വേണ്ടത്ര മുന്നൊരുക്കമില്ലാത്തതുകൊണ്ടായിരുന്നു ഇത്രയും നാശം.

കാറ്റഗറി അഞ്ചില്‍പ്പെട്ട സൂപ്പര്‍ സൈക്ലോണ്‍ വിഭാഗത്തിലാണ് ഫൈലിന്‍ ചുഴലിക്കാറ്റെന്ന് അമേരിക്കന്‍ നാവികസേനയുടെ സംയുക്ത ചുഴലിക്കാറ്റ് പ്രവചനവിഭാഗം വിലയിരുത്തുന്നു. കരയിലെത്തുമ്പോള്‍ മണിക്കൂറില്‍ 220 കിലോമീറ്റര്‍വരെ വേഗം കൈവരിക്കുന്നതാണ് ഫൈലിന്‍ കാറ്റെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ജനറല്‍ എല്‍ എസ് റാതോഡ് അറിയിച്ചു. പശ്ചിമബംഗാള്‍, ഛത്തീസ്ഗഢ്, ബിഹാര്‍, കിഴക്കന്‍ യുപി എന്നിവിടങ്ങളിലും മഴയുണ്ടാകും. എന്നാല്‍, കേരളത്തില്‍ ഇത് വലിയ പ്രത്യാഘാതമുണ്ടാക്കില്ലെന്ന് റാതോഡ് പറഞ്ഞു. ഇത്തവണ നാശനഷ്ടങ്ങള്‍ മുന്നില്‍ കണ്ട് ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു. ആന്ധ്ര, ഒഡിഷ തീരങ്ങളില്‍നിന്ന് ആറുലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ച് ക്യാമ്പുകളിലെത്തിച്ചു. 1999ലെ ചുഴലിക്കാറ്റിലുണ്ടായ വന്‍നാശം നേരിടുന്നതിലുണ്ടായ പിഴവുകള്‍ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നു. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തി.

deshabhimani

No comments:

Post a Comment