Sunday, October 20, 2013

ലക്ഷങ്ങള്‍ പൊടിച്ച ജനസമ്പര്‍ക്കം പട്ടയം 5 പേര്‍ക്കുമാത്രം

ലക്ഷങ്ങള്‍ പൊടിച്ചും വന്‍ പ്രചാരണം നടത്തിയും തലസ്ഥാനത്ത് നടന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ആനുകൂല്യങ്ങള്‍ ലഭിച്ചവര്‍ പരിമിതം. പട്ടയം ലഭിച്ചത് അഞ്ച് പേര്‍ക്ക് മാത്രം. ഇവര്‍ക്കുതന്നെ റവന്യൂ വകുപ്പിന്റെ യഥാര്‍ഥ രേഖ ലഭിച്ചിട്ടുമില്ല. പട്ടയത്തിനായി 422 അപേക്ഷകള്‍ ലഭിച്ചെങ്കിലും ഇവയിലൊന്നും നടപടിയായില്ല.

100 പേര്‍ക്ക് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി നേരിട്ട് പട്ടയം നല്‍കുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയിലെ അപേക്ഷകരില്‍ ഭൂരിപക്ഷത്തിനും ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെയും പട്ടയം ലഭിച്ചിട്ടില്ല. എപിഎല്‍ കാര്‍ഡ് ബിപിഎല്‍ ആക്കുന്നതിന് 8430 അപേക്ഷകള്‍ ലഭിച്ചെങ്കിലും 131 പേരുടേതിനു മാത്രമാണ് ഉറപ്പുലഭിച്ചത്. ഇതിന്റെ വകുപ്പുതല നടപടികള്‍ പൂര്‍ത്തിയായിട്ടുമില്ല.

കഴിഞ്ഞ തവണ ലഭിച്ച ആയിരക്കണക്കിന് അപേക്ഷകള്‍ എവിടെ പോയെന്ന് ആര്‍ക്കുമറിയില്ല. ഭൂരഹിതപദ്ധതിയിലേക്ക് അപേക്ഷ നല്‍കിയ 1318 പേരില്‍ 13 പേര്‍ക്ക് ഭൂമി നല്‍കിയെന്നാണ് അവകാശവാദം. എന്നാല്‍, എവിടെയാണ് ഭൂമി അനുവദിച്ചതെന്നും എത്ര സെന്റ് ഭൂമിയാണ് നല്‍കിയതെന്നും ഇവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അറിയില്ല. ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ജനമ്പര്‍ക്ക പരിപാടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് തുക അനുവദിക്കുന്നതിലൊതുങ്ങുകയായിരുന്നു.

ഒരുവര്‍ഷം മുമ്പു നടന്ന ആദ്യ ജനസമ്പര്‍ക്ക പരിപാടിയില്‍ ജില്ലയില്‍ ലഭിച്ച 12,308 അപേക്ഷകളില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. പട്ടയമടക്കമുള്ള അപേക്ഷകളില്‍ തുടര്‍നടപടി വേണ്ടെന്ന് മൂന്നു മാസം മുമ്പ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. അന്ന് അപേക്ഷ നല്‍കിയ നിരവധി പേര്‍ വെള്ളിയാഴ്ചത്തെ ജനസമ്പര്‍ക്ക പരിപാടിക്കെത്തി നിരാശയോടെ മടങ്ങി.

deshabhimani

No comments:

Post a Comment