Sunday, October 20, 2013

മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ നിശ്ചലമാകുന്നു

മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്കുകള്‍ ഇടയ്ക്കിടെ നിശ്ചലമാകുന്നതായി വ്യാപക പരാതി. എല്ലാ മൊബൈല്‍ സേവനദാതാക്കളുടേയും നെറ്റ്വര്‍ക്കിനും നിശ്ചലമാകല്‍ ഉണ്ടെങ്കിലും ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കിനാണ് കൂടുതല്‍. ഡയല്‍ ചെയ്താല്‍ ഫോണില്‍നിന്നും ഒരു പ്രതികരണവും ഉണ്ടാകാതിരിക്കുക, സംസാരത്തിനിടെ ഫോണ്‍ നിശബ്ദമാകുക, മുഴുവന്‍ പരിധിയില്‍നിന്ന് സംസാരിക്കുമ്പോള്‍ പോലും പെട്ടെന്ന് പരിധി പൂര്‍ണമായും ഇല്ലാതാവുക, ഒരു വശത്തേക്ക് മാത്രം സംഭാഷണം കേള്‍ക്കുക തുടങ്ങിയവയാണ് സംഭവിക്കുന്നത്.

വാര്‍ത്താവിനിമയത്തിനും വിതരണത്തിനും വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഏറ്റവും കൂടുതലുള്ള ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കിലാണ് ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് എന്നതാണ് ഏറെ പരിതാപകരം. കണ്ണായ സ്ഥലത്തെല്ലാംടവറുകളും സൗകര്യങ്ങളും ഉള്ള ബിഎസ്എന്‍എല്ലിന് ഇത്തരം സാങ്കേതിക തകരാറ് ഉണ്ടാവേണ്ടതല്ലെന്നും എന്നാല്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന തകരാര്‍ യഥാര്‍ഥത്തില്‍ ചിലര്‍ ഉണ്ടാക്കുന്നതാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ബിഎസ്എന്‍എല്ലിനെ തകര്‍ത്ത് സ്വകാര്യ മൊബൈല്‍ കുത്തകകളെ സഹായിക്കല്‍ തന്നെയാണ് ലക്ഷ്യം. അതേസമയം നെറ്റ്വര്‍ക്ക് നിശ്ചലമാവുന്ന സാങ്കേതിക തകരാര്‍ മറ്റ് സ്വകാര്യ മൊബൈല്‍ കമ്പനികള്‍ക്കും ഉണ്ടാവുന്നത് ബിഎസ്എന്‍എല്ലിനെ തകര്‍ക്കാനുള്ള ചിലരുടെ നീക്കങ്ങള്‍ക്ക് സാധാരണക്കാരുടെ മുന്നില്‍ മറയിടാനുള്ള ഗൂഢ തന്ത്രമാണെന്ന് പറയുന്നു. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പുതിയതായി കേബിള്‍ ഇട്ട് ലാന്റ് ഫോണ്‍ കണക്ഷന്‍ കൊടുക്കാതെ ഡബ്ല്യുഎല്‍എല്‍ കണക്ഷന്‍ കൊടുക്കുന്ന സമീപനം, സ്വകാര്യ ലാന്റ് ഫോണ്‍ സേവന ദാതാക്കള്‍ക്ക് സഹായകരമാവുന്നത് ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്റ് കണക്ഷന്റെ വേഗത കുറച്ചതും സ്വകാര്യ കമ്പനിക്കാരെ സഹായിക്കാനുള്ള ചിലരുടെ ഗൂഢ തന്ത്രമായി തന്നെയാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

deshabhimani

No comments:

Post a Comment