Sunday, October 20, 2013

മെഡി. കോളേജില്‍ ആവശ്യത്തിന് നേഴ്സുമാരില്ല ശിശുക്കളുടെ തീവ്രപരിചരണവിഭാഗം പൂട്ടിയേക്കും

തൃശൂര്‍: ആവശ്യമായ നേഴ്സുമാരില്ലാത്തതിനാല്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നവജാതശിശുക്കളുടെ തീവ്രപരിചരണവിഭാഗം ഉള്‍പ്പെടെ കുട്ടികളുടെ വാര്‍ഡ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ഞായറാഴ്ച മുതല്‍ നവജാതശിശുക്കളെ ഉള്‍പ്പെടെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കേണ്ടിവരുമെന്നതാണ് നില. എന്നാല്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കാന്‍ അധികൃതര്‍ ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. കുട്ടികളുടെ വിഭാഗത്തില്‍ ആകെ 37 പേരുടെ തസ്തികയാണുള്ളത്. എന്നാല്‍ നിലവില്‍ 27 നേഴ്സുമാരാണുള്ളത്. 13 പേരുടെ കുറവുണ്ട്. ഇക്കാര്യം പലതവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ആശുപത്രി അധികൃതര്‍ തിരിഞ്ഞുപോലും നോക്കിയിട്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ദിവസവും നിരവധി പേരെയാണ് കുട്ടികളുടെ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നത്. രോഗികളുടെ അനുപാതപ്രകാരം അമ്പതില്‍ പരം നേഴ്സുമാര്‍ വേണം. ഈ സാഹചര്യത്തിലാണ് നിലവിലുള്ള നിയമനങ്ങള്‍ നടത്താന്‍ അധികൃതര്‍ തയ്യാറാകാത്ത അവസ്ഥയാണുള്ളതെന്ന് പരാതി ഉയര്‍ന്നത്. നേഴ്സുമാരുടെ കുറവുമൂലം കുട്ടികളുടെ തീവ്രപരിചരണവിഭാഗത്തില്‍ വരെ നേഴ്സുമാരെ ഡ്യൂട്ടിക്ക് നിയോഗിക്കാനാവാത്ത സ്ഥിതിയുണ്ടെന്നും പറയുന്നു. ഇതുമൂലം നവജാതശിശുക്കള്‍ക്ക് ആവശ്യമായ പരിചരണം കിട്ടാത്ത സ്ഥിതിയുണ്ട്. നേഴ്സുമാരില്ലാത്തത് ശനിയാഴ്ച കുട്ടികളുടെ വിഭാഗത്തില്‍ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. നിയമനടപടിയുണ്ടായില്ലെങ്കില്‍ നവജാതശിശുക്കളെ പ്രവേശിപ്പിക്കുന്ന വിഭാഗം ഞായറാഴ്ച മുതല്‍ പൂട്ടിയിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.

 പിജി ഡോക്ടര്‍മാരുടെ കുറവും വന്‍പ്രതിസന്ധിയാണ് കുട്ടികളുടെ വിഭാഗത്തില്‍ സൃഷ്ടിച്ചിട്ടുള്ളത്. നിലവില്‍ പത്തോളം പിജി ഡോക്ടര്‍മാരാണുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെ മുപ്പതില്‍പ്പരം പിജി ഡോക്ടര്‍മാര്‍ ഉള്ളപ്പോഴാണ് ഇവിടെ ഈ സ്ഥിതി. എല്ലുരോഗവിഭാഗത്തിലും ശസ്ത്രക്രിയാ വിഭാഗത്തിലും ശുചീകരണജീവനക്കാരില്ലാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ശുചീകരണം നടക്കാത്തത് രോഗികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്ന് വ്യാപക പരാതി ഉയര്‍ന്നിട്ടും നടപടിയുണ്ടായിട്ടില്ല. കുട്ടികളുടെ വിഭാഗത്തില്‍ മാത്രമല്ല, മുഴുവന്‍ വിഭാഗങ്ങളിലും ജീവനക്കാരില്ലാത്തതുമൂലം പ്രതിസന്ധി രൂക്ഷമാണ്. ഇതിനിടെ പകര്‍ച്ചപ്പനി പടര്‍ന്നപ്പോള്‍ താല്‍ക്കാലികമായി നിയമിച്ച പത്തു നേഴ്സുമാരെയാണ് ഒഴിവാക്കിയതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം. കുട്ടികളുടെ വിഭാഗം ഉള്‍പ്പെടെ മുഴുവന്‍ വിഭാഗങ്ങളിലും നേഴ്സുമാരുടെയും മറ്റു ജീവനക്കാരുടെയും കുറവുണ്ടെങ്കിലും ഇത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. കെ ബാലഗോപാല്‍ പറഞ്ഞു.

ജില്ലാ ആശുപത്രിയില്‍ ചികിത്സക്ക് "കൈമടക്ക് "

പാലക്കാട്: ഡോക്ടറെ കാണേണ്ടപോലെ കണ്ടില്ലെങ്കില്‍ ദിവസങ്ങളോളം കിടന്നിടത്തു കിടന്നു നരകിക്കണം. ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്കാണ് ഈ ദുരവസ്ഥ. ചില ഡോക്ടര്‍മാര്‍ രോഗിയെ ചികിത്സിക്കണമെങ്കില്‍, രോഗിയുടെ കൂടെയുള്ളവര്‍ ഡോക്ടറുടെ വീട്ടില്‍പോയി "പ്രത്യേകം" കാണണമെന്നാണത്രേ ജില്ലാ ആശുപത്രിക്കുള്ളിലെ സംസാരം. 200മുതല്‍ 500വരെ തുക എത്ര വര്‍ധിക്കുന്നുവോ രോഗികള്‍ക്ക് അത്രയും പരിഗണന കിട്ടും. കഴിഞ്ഞദിവസം കടുത്ത വയറുവേദനയുമായി വന്ന മഞ്ഞളൂര്‍ വെട്ടുകാട് സ്വദേശിനിയായ ഒരു വീട്ടമ്മയെ രണ്ടു ദിവസം ആശുപത്രിക്കിടക്കയില്‍ കിടത്തി. വയറുവേദന സഹിക്കാതെ പിടയുന്ന വീട്ടമ്മയ്ക്ക് ഗ്ലൂക്കോസ് കയറ്റല്‍ മാത്രമായിരുന്നു ചികിത്സ. വേദനകൊണ്ട് സഹിക്കാതെ വന്നപ്പോള്‍ ആശുപത്രിയിലെ ഒരു നേഴ്സ് ബന്ധുക്കളോട് സ്വകാര്യമായി പറഞ്ഞു, ഡോക്ടര്‍ ചികിത്സ നിര്‍ദേശിക്കണമെങ്കില്‍ വീട്ടില്‍ നേരിട്ടുപോയി കാണണമെന്നാണ്. ഡോക്ടറെ പോയി കണ്ടുകൊടുക്കേണ്ടത് കൊടുത്തപ്പോള്‍ മരുന്നുകുറിക്കലും ചികിത്സയും "അതിവേഗം ബഹുദൂര"മായി. രോഗികളെ പരിശോധിക്കണമെങ്കില്‍ ആദ്യം കൈമടക്ക് എത്തിക്കണമെന്ന സൂക്കേട് ഒന്നിലധികം വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്ക് ഉണ്ടെന്നാണ് രോഗികള്‍ പറയുന്നത്. ജില്ലാ ആശുപത്രിയില്‍ കൈമടക്ക്സംഘങ്ങളുടെ ലോബിതന്നെയുണ്ടെന്നാണ് പ്രചാരണം. കൈമടക്കിന് എതിരുനിന്ന ഒരു സര്‍ജനെ രായ്ക്കു രാമാനം ഈ സംഘം ഇടപെട്ടുമാറ്റി. പകരം ഒരാളെ നിയമിക്കുന്നതിനും പാര വച്ചു. കൂടുതല്‍ പേരെ "ചികിത്സിച്ചാല്‍" കൂടുതല്‍ പണം എന്നാണല്ലോ സാമ്പത്തികശാസ്ത്രം.

ചികിത്സയില്‍ മാത്രമല്ല പാവപ്പെട്ട രോഗികളുടെ വയറ്റത്തടിക്കുന്നത്. ചില ഡോക്ടര്‍ നിര്‍ദേശിക്കുന്ന കുറിപ്പടിയിലെ മരുന്ന് ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ഷോപ്പില്‍ ലഭിക്കില്ല. രോഗിയോ ബന്ധുക്കളോ മരുന്നിനായി പുറത്തേക്ക് ഓടണം. സ്വകാര്യമെഡിക്കല്‍ഷോപ്പുകളിലും കൈമടക്ക് വിദ്യയുണ്ടെന്നത് അങ്ങാടിപ്പാട്ടാണ്. സ്കാനിങ്ങിന്റെ കാര്യത്തിലും വ്യത്യസ്തമല്ല. രാവിലെ മുതല്‍ ബുക്കിങ് ആരംഭിക്കുമെങ്കിലും ഡോക്ടര്‍ എപ്പോള്‍ വരുമെന്നുമാത്രം ആര്‍ക്കും ഉത്തരമില്ല. ദിവസങ്ങളോളം വന്ന് മടങ്ങിപ്പോകുന്ന രോഗികളുമുണ്ട്. ഓരോ ദിവസവും വിവിധ കാരണം പറഞ്ഞ് മടക്കി അയക്കപ്പെടുന്നവരില്‍ ഗര്‍ഭിണികളടക്കമുണ്ട്. ഗത്യന്തരമില്ലാതെ അവരില്‍ പലരും സ്വകാര്യ സ്കാനിങ് സെന്ററിനെ സമീപിക്കേണ്ടിവരുന്നു. വണ്ടാഴി വടക്കഞ്ചേരി ചന്ദനാംപറമ്പ് ചേന്ദന്‍ എന്ന തൊണ്ണൂറ്റിമൂന്നുകാരന്‍ സ്കാനിങ്ങിന് മണിക്കൂറുകളോളം വെയിലത്തു കിടന്ന സംഭവം വാര്‍ത്തയായിരുന്നു. സ്വകാര്യ ആശുപത്രികളില്‍പോയി ചികിത്സ തേടാന്‍ കഴിവില്ലാത്തവരാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന ഭൂരിഭാഗംപേരും. കടംവാങ്ങിയും മറ്റുമാണ് വരുന്നത്. ചികിത്സ നിഷേധിക്കപ്പെടുമെന്നതിനാലാണ് രോഗികളും ബന്ധുക്കളും രോഷത്തോടെ മൗനം പാലിക്കുന്നത്. മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന നിരവധി ഡോക്ടര്‍മാരുള്ള ജില്ലാ ആശുപത്രിയിലെ പേരുദോഷക്കാരെ തുറന്നുകാണിക്കാനും നിലയ്ക്കുനിര്‍ത്താനും സഹപ്രവര്‍ത്തകരെങ്കിലും മുന്‍കൈ എടുക്കണമെന്നാണ് ജില്ലാ ആശുപത്രിയില്‍ എത്തുന്ന ഓരോ രോഗികളും ആഗ്രഹിക്കുന്നത്.

deshabhimani

No comments:

Post a Comment