Wednesday, October 16, 2013

വിശ്രമമില്ലാത്ത മനീഷിക്ക് 84

തൃശൂര്‍: പ്രഭാഷണവും അധ്യാപനവും മാറ്റിവച്ച് ഒരായുഷ്കാലസേവനത്തിന്റെ സാഫല്യത്തോടെ വിശ്രമജീവിതത്തിലാണ് അരവിന്ദാക്ഷന്‍മാഷ്. എണ്‍പത്തിനാലാം പിറന്നാള്‍ ആഘോഷിക്കുമ്പോഴും പക്ഷേ, എഴുത്തിനും വായനയ്ക്കും വിശ്രമം കൊടുക്കാന്‍ തയ്യാറല്ല. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയാവബോധത്തെ പുഷ്ടിപ്പെടുത്തുകയും എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും സാംസ്കാരികസമരങ്ങള്‍ക്ക് ദിശാബോധം പകരുകയും ചെയ്ത മാഷ് സമകാലിക സാമൂഹ്യ-രാഷ്ട്രീയവിഷയങ്ങളില്‍ ഇപ്പോഴും ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു.

ശൈശവവിവാഹത്തെക്കുറിച്ച് പറഞ്ഞുതുടങ്ങുമ്പോഴേക്കും പഴയ പ്രഭാഷകനിലെ വാഗ്ധോരണി പ്രവഹിച്ചു. എത്രയോ വേദികളെ ഒരുകാലത്ത് പിടിച്ചുലച്ച ശബ്ദം... മഹാരാജാസില്‍ പഠിക്കുമ്പോള്‍ പതിനെട്ടാമത്തെ വയസ്സിലാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആദ്യം വായിക്കുന്നതെന്ന് മാഷ് പറഞ്ഞു. പ്രഭാഷണങ്ങള്‍ക്കും എഴുത്തിനുമുള്ള മുന്നൊരുക്കമായി പിന്നീട് എത്രയോ ആവര്‍ത്തി വായിച്ചു. ഈയിടെ വീണ്ടും വായിച്ചത് മാഷിന്റെതന്നെ "മാര്‍ക്സും മൂലധനവും" എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിന് ആമുഖം എഴുതാനാണ്.

രാവിലെ ആറോടെ ഉറക്കമുണര്‍ന്നാല്‍ രണ്ടുപത്രമെങ്കിലും വായിക്കണം. അതില്‍ ദേശാഭിമാനി മുഖ്യം. രണ്ടുമൂന്ന് ന്യൂസ് ചാനലും ശ്രദ്ധിക്കും. എഴുത്തുകാരനെന്നും അധ്യാപകനെന്നും പരിചയപ്പെടുത്തുന്നതിനേക്കാള്‍ ഇഷ്ടം പ്രഭാഷകനെന്നു പറയാനാണ്്. ഒരു പ്രഭാഷണംകൊണ്ട് എത്രയോപേരെ ഔന്നത്യങ്ങളിലേക്ക് നയിക്കാമെന്ന് അനുഭവംകൊണ്ട് സാധൂകരിച്ച ജീവിതമാണ് മാഷിന്റേത്. പ്രായത്തിന്റെ വിവശതകള്‍ക്കിടയിലും പ്രതീക്ഷ കൈവിടാത്ത ഇച്ഛാശക്തിയുടെ പ്രകാശമുള്ള ചിരിയോടെ മാഷ് പറയുന്നു. ചില മോഹങ്ങള്‍കൂടി ബാക്കിയുണ്ട്. ഷേക്സ്പിയറെക്കുറിച്ചും മഹാഭാരതത്തെക്കുറിച്ചും ഒരുപാടുകാലമായി ഉള്ളില്‍ കൊണ്ടുനടക്കുന്ന ചില പുസ്തങ്ങള്‍.

വെള്ളാപ്പിള്ളില്‍ കുഞ്ഞിലക്ഷ്മിയമ്മയുടെയും എം നാരായണമേനോന്റെയും മകനായി 1930 ഒക്ടോബര്‍ 17ന് കൊടുങ്ങല്ലൂരില്‍ ജനിച്ച മാഷിന്റെ വിദ്യാഭ്യാസം കൊടുങ്ങല്ലൂര്‍ സര്‍ക്കാര്‍ ബോയ്സ് ഹൈസ്കൂള്‍, എറണാകുളം മഹാരാജാസ്, തൃശൂര്‍ സെന്റ് തോമസ് എന്നിവിടങ്ങളിലായിരുന്നു. തുടര്‍ന്ന് ഉത്തരേന്ത്യയില്‍ പലയിടത്തും ഏഴുവര്‍ഷത്തോളം ജോലിചെയ്തു. ഡല്‍ഹിയില്‍ ന്യൂ ഏജിലും നവജീവനിലും പത്രപ്രവര്‍ത്തകനായി. "67 മുതല്‍ കേരളവര്‍മയില്‍ ഇംഗ്ലീഷ് അധ്യാപകന്‍. "86ല്‍ വിരമിച്ചു. "97ല്‍ തിരുവനന്തപുരത്ത് സര്‍വവിജ്ഞാനകോശം എഡിറ്ററായി പോകുംവരെ തൃശൂരില്‍ പിജി സെന്ററില്‍ തന്റെ ഇഷ്ടമേഖലയായ അധ്യാപകവൃത്തി തുടര്‍ന്നു.

ഇപ്പോള്‍ തൃശൂരിലെ കുറ്റിപ്പുഴ നഗറിലെ ചേലാട്ടെ വീട്ടില്‍ വിശ്രമജീവിതം. ഒപ്പം താങ്ങും തണലുമായി ഭാര്യ ഇന്ദിരയും. പ്രിയപ്പെട്ട മാഷെ ആദരിക്കാന്‍ ശിഷ്യരും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് വ്യാഴാഴ്ച തൃശൂര്‍ സാഹിത്യ അക്കാദമി ഹിളില്‍ സംഗമിക്കുന്നു. വൈകിട്ട് അഞ്ചിന് ചേരുന്ന ആദരസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
(എന്‍ രാജന്‍)

deshabhimani

No comments:

Post a Comment