Wednesday, October 16, 2013

കല്‍ക്കരി കുംഭകോണം: കുമാര്‍ മംഗലം ബിര്‍ളയും പ്രതി

കല്‍ക്കരിപ്പാടം വിതരണ കുംഭകോണക്കേസില്‍ ആദിത്യ ബിര്‍ല ഗ്രൂപ്പ് തലവന്‍ കുമാര്‍ മംഗലം ബിര്‍ളയ്ക്കെതിരെ സിബിഐ കേസെടുത്തു. ബിര്‍ലയുടെ ഹിന്‍ഡാല്‍കോ കമ്പനിയെയും കല്‍ക്കരി വകുപ്പ് മുന്‍സെക്രട്ടറി പി സി പരേഖിനെയും നാഷണല്‍ അലുമിനിയം കമ്പനി ലിമിറ്റഡി(നാല്‍കോ)നെയും പ്രതിചേര്‍ത്തിട്ടുണ്ട്. അലുമിനിയം കമ്പനിയായ ഹിന്‍ഡാല്‍കോയ്ക്ക് 2005 നവംബറില്‍ ഒഡിഷയിലെ തലബിരയില്‍ രണ്ട് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് സിബിഐ കേസ്.

ക്രിമിനല്‍ ഗൂഢാലോചന, അഴിമതി, വഞ്ചന, ധനദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് ബിര്‍ലക്കെതിരെ ചുമത്തിയിട്ടുള്ളത്. കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്യുന്ന 14-ാം കേസാണ് ബിര്‍ലയ്ക്കെതിരായത്. രാജ്യത്തെ ഏറ്റവും പ്രമുഖ വ്യവസായ കുടുംബത്തിന്റെ തലവന്‍ കല്‍ക്കരി കേസില്‍ പ്രതിയായത് ഓഹരിവിപണികളിലും പ്രതിഫലിച്ചു. ഹിന്‍ഡാല്‍കോ ഓഹരികളില്‍ ഇടിവുണ്ടായി. മറ്റ് ചില ബിര്‍ല കമ്പനികളുടെ ഓഹരി വിലകളെയും കേസ് ബാധിച്ചു. ബിര്‍ല കമ്പനിക്കെതിരെ കേസെടുത്തതിനു പുറമെ മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ഭുവനേശ്വര്‍ എന്നിവിടങ്ങളിലായി ആറ് കേന്ദ്രങ്ങളില്‍ സിബിഐ സംഘം റെയ്ഡു നടത്തി.

കുമാര്‍ മംഗലം ബിര്‍ലയെ സിബിഐ ചോദ്യംചെയ്യാന്‍ വിളിപ്പിക്കും. കല്‍ക്കരി കേസില്‍ ജിന്‍ഡാല്‍ ഗ്രൂപ്പ് മേധാവി നവീന്‍ ജിന്‍ഡാലിനെ സിബിഐ സംഘം നേരത്തെ ചോദ്യംചെയ്തിരുന്നു. ജിന്‍ഡാലിന്റെ അഭ്യര്‍ഥന മാനിച്ച് അതീവ രഹസ്യമായിട്ടായിരുന്നു ചോദ്യംചെയ്യല്‍. ഊര്‍ജോല്‍പ്പാദനത്തിനെന്ന പേരിലാണ് 2005ല്‍ ഹിന്‍ഡാല്‍കോ ഗ്രൂപ്പിന് ഒഡിഷയില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത്. കല്‍ക്കരിപ്പാടങ്ങള്‍ ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ ഹിന്‍ഡാല്‍കോ പാലിച്ചിട്ടില്ലെന്ന് സിബിഐ എഫ്ഐആറില്‍ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും സര്‍ക്കാര്‍തലത്തില്‍ ബിര്‍ല കമ്പനിക്ക് അനുകൂലമായി കാര്യങ്ങള്‍ നീങ്ങിയതോടെയാണ് പാടങ്ങള്‍ ലഭ്യമായതെന്ന് സിബിഐ പറയുന്നു.

ഒത്തുകളി തെളിയിക്കുന്നതിന് ആവശ്യമായ കൂടുതല്‍ രേഖകള്‍ക്കായാണ് ആറ് കേന്ദ്രത്തില്‍ സിബിഐ റെയ്ഡ് നടത്തിയത്. ഇതോടെ കേസില്‍ കുടുങ്ങുന്ന പ്രമുഖരുടെ പട്ടിക നീളുകയാണ്. പ്രമുഖ വ്യവസായിയും ഹരിയാനയില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവും എംപിയുമാണ് നവീന്‍ ജിന്‍ഡാല്‍. മഹാരാഷ്ട്രയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും എംപിയുമായ വിജയ് ദര്‍ദയും കല്‍ക്കരിവകുപ്പ് മുന്‍സഹമന്ത്രിയും ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് നേതാവുമായ ദസരി നാരായണറാവുവും പ്രതിസ്ഥാനത്തുണ്ട്.

2004-09 കാലത്ത്194 കല്‍ക്കരിപ്പാടങ്ങള്‍ ക്രമംവിട്ട് വിതരണംചെയ്യുക വഴി ഖജനാവിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് സിഎജി കണ്ടെത്തിയത്. ഇതില്‍ 142 പാടങ്ങള്‍ വിതരണംചെയ്തത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കല്‍ക്കരിവകുപ്പ് കൈകാര്യം ചെയ്തപ്പോഴാണെങ്കിലും പ്രധാനമന്ത്രി കാര്യാലയത്തിലേക്ക് സിബിഐ അന്വേഷണം എത്തിയിട്ടില്ല. കല്‍ക്കരിക്കേസുമായി ബന്ധപ്പെട്ട 157 ഫയല്‍ കാണാതായത് വിവാദമായിരുന്നു. സുപ്രീംകോടതി രൂക്ഷമായ ഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയും പാര്‍ലമെന്റില്‍ ബഹളമാവുകയും ചെയ്തതിനെത്തുടര്‍ന്ന് നൂറ്റിമുപ്പതോളം ഫയലുകള്‍ സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറായി. എന്നാല്‍, ഏറെ നിര്‍ണായകമായ ഇരുപതിലേറെ ഫയല്‍ ഇപ്പോഴും എവിടെയെന്ന് വ്യക്തമല്ല.
(എം പ്രശാന്ത്)

deshabhimani

No comments:

Post a Comment