Friday, October 25, 2013

മുത്തങ്ങ റോഡ് അടയ്ക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത് വിവാദമാകുന്നു

നഞ്ചന്‍കോട് -നിലമ്പൂര്‍ റെയില്‍വേ ലൈന്‍ നടപ്പിലായാല്‍ കോഴിക്കോട്-മൈസൂര്‍ ദേശീയ പാത 212 മുത്തങ്ങ റോഡ് ശാശ്വതമായി അടക്കാന്‍ കഴിയുമെന്നും ഈ ഭാഗം പൂര്‍ണയായും വനമാക്കിമാറ്റാമെന്നും നീലഗിരി വയനാട് നാഷണല്‍ ഹൈവേ ആന്‍ഡ് റെയില്‍വേ ആക്ഷന്‍കമ്മറ്റി സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് വിവാദമാകുന്നു. രാത്രി യാത്ര നിരോധനം സംബന്ധിച്ച് സുപ്രിംകോടതിയുടെ പരിഗണനയിലുള്ള കേസില്‍ കക്ഷിചേരാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആക്ഷന്‍കമ്മറ്റിയുടെ വിവാദ പരാമര്‍ശമുള്ളത്. മുത്തങ്ങ മുതല്‍ കര്‍ണാടകയിലെ മധൂര്‍ വരെയുള്ള 28 കിമീറ്റര്‍ ദൂരത്തില്‍ ഗതാഗത നിരോധനം പൂര്‍ണമായി നടപ്പിലാക്കാമെന്നും ഈഭാഗം പൂര്‍ണമായും വനമാക്കി മാറ്റാമെന്നുമാണ് ഹര്‍ജിയില്‍ ബോധിപ്പിച്ചത്. നിരോധനം നീക്കാതിരിക്കാന്‍ കര്‍ണാടക സര്‍കാരും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തുന്ന ഒത്തുകളിക്കിടെയാണ് നിരോധനത്തിന് എതിരാണെന്നും അതിന് വേണ്ടി സുപ്രിംകോടതയില്‍ കേസ് നടത്തുന്നതായും അവകാശപ്പെടുന്ന ആക്ഷന്‍ കമ്മറ്റിയും പാത അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെടുന്നത്. ബന്ദിപ്പൂര്‍ വനമേഖലയിെല്‍ 27 കിമീറ്റര്‍ റോഡ് അടച്ച് പൂട്ടുന്നതില്‍ തെറ്റില്ലെന്നും ഈ ഭാഗം വനമാക്കി മാറ്റാമെന്നുമാണ് സുപ്രിംകോടതിയില്‍ ആക്ഷന്‍കമ്മറ്റി സത്യവാങ്മൂലം സമര്‍പ്പിച്ചത്. കസ്തൂരിരംഗന്‍ ശുപാര്‍ശകളും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതി സംവേദക മേഖല പ്രഖ്യാപനവും കോടതി വിധികളുമൊക്കെയായി കലുഷിതമായ അന്തരീക്ഷത്തിലാണ് കലക്ക് വെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ശ്രമവുമായി ചില തല്‍പരകക്ഷികള്‍ രംഗത്തെത്തുന്നത്.
ഫണ്ടില്ലാത്തിനാല്‍ റെയില്‍വേ പദ്ധതികള്‍ പലതും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഫണ്ട് ദൗര്‍ലഭ്യം ഇല്ലാത്ത കാലത്ത് ഒന്നും ചെയ്യാാന്‍ എംപിമാര്‍ക്ക് കഴിഞ്ഞതുമില്ല.സംസ്ഥാനത്തോട് റെയില്‍വേ എന്നും തുടരുന്ന അവഗണനക്ക് ഇക്കുറിയും മാറ്റമുണ്ടാകാനിടയില്ല. ഈ സാചര്യത്തിലാണ് റെയില്‍വേയുടേയും ബദല്‍പാതയുടേയും പേരില്‍ വയനാട്ടുകാര്‍ നിരന്തരം വഞ്ചിക്കപ്പെടുന്നത്. നടപ്പാകാത്ത പദ്ധതിക്കായി നാട്ടുകാരില്‍ നിന്നും റെയില്‍വേ ആക്ഷന്‍ കമ്മറ്റി പണപ്പിരിവ് നടത്തുന്നയായി ആരോപണമുണ്ട്. മൈസൂര്‍ വിമാതാവളത്തിന് അടുത്തുള്ള കടകോള റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച് ഹുല്ലഹള്ളി-സരഗുരു-കാരാപുര-ഗുണ്ടത്തൂര്‍-മചൂര്‍-ബാവലി-മാനന്തവാടി-കുഞ്ഞോം വിലങ്ങാട്-വഴി വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന ബദല്‍റെയില്‍പാതക്ക് വേണ്ടി മറ്റൊരു വിഭാഗവും ലോബിയിംഗ് നടത്തുന്നുണ്ട്.ഫലത്തില്‍ സ്ഥാപിത താല്‍പര്യങ്ങളില്‍ കുടുങ്ങി ജില്ലയുടെ സഞ്ചാരസ്വാതന്ത്ര്യമാണ് നിഷേധിക്കപ്പെടുന്നത്.

ദേശീയപാതയിലെ രാത്രി യാത്ര നിരോധനം നീക്കുന്നതില്‍ തുടക്കം മുതല്‍ തന്നെ സംസ്ഥാന സര്‍കാര്‍ അനാസ്ഥയാണ് കാണിച്ചത്. കേസിലെ കക്ഷിക്ക് നോട്ടീസ് അയക്കുന്നതിനുള്ള 20 രൂപ തപാല്‍ഫീസ് അടയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനാല്‍ രണ്ട് വര്‍ഷത്തോളം സുപ്രിംകോടതി കേസ് പരിഗണിച്ച് പോലുമില്ല. 2009 ആഗസ്തിലാണ് ചാമരാജ്നഗര്‍ ജില്ല കലക്ടര്‍ മുത്തങ്ങ വഴിയുള്ള രാത്രിയാത്ര നിരോധിച്ചത്. നിരോധനത്തിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭ പാതയിലായിരുന്നു. കലക്ടറുടെ നടപടിക്കെതിരെ അന്നത്തെ എല്‍ഡിഎഫ് സര്‍കാര്‍ കോടതിയെ സമീപിച്ചെങ്കിലും കര്‍ണാടക ഹൈക്കോടതി നിരോധനം ശരിവെച്ചു. തുടര്‍ന്ന് 2010 ഏപ്രിലില്‍ സംസ്ഥാന സര്‍കാര്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പായതോടെ പിന്നീട് എല്‍ഡിഎഫ് സര്‍കാറിന് പ്രശ്നത്തില്‍ ഇടപെടാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് അധികാരത്തിലേറിയ യുഡിഎഫ് ഭരണസമിതിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് കേസ് പരിഗണിക്കുന്നതിന് തടസമായത്.എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചപ്പോള്‍ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ് ഡിഎഫ്ഒ നോട്ടീസ് കൈപ്പറ്റിയിരുന്നില്ല. ഈ കക്ഷിക്ക് രണ്ടാമത് നോട്ടീസ് അയക്കാനുള്ള ചെലവിന് 20 രൂപ സംസ്ഥാന സര്‍കാര്‍ സുപ്രിംകോടതിയില്‍ അടക്കാത്തതിനാലാണ് കേസ് പരിഗണിക്കുന്നത് മുടങ്ങിയത്. 2011 ജൂലൈ 11ന് ഫീസ് ഉടന്‍ അയക്കണമെന്നും അല്ലാത്തപക്ഷം കേസ് തള്ളുമെന്നും സുപ്രിംകോടതി അന്ത്യശാസനം പുറപ്പെടുവിച്ചിട്ടും സര്‍കാര്‍ ഉണര്‍ന്നില്ല. ഏറ്റവും ഒടുവില്‍ 2012 മാര്‍ച്ച് 12ന് സുപ്രിംകോടതി കേസ് തള്ളാന്‍ ചേമ്പര്‍ ജഡ്ജിന്റെ് പരിഗണനക്കയച്ചു. എന്നാല്‍ സംസ്ഥാനസര്‍കാര്‍ അഭിഭാഷകയുടെ അഭ്യര്‍ത്ഥന മാനിച്ച് ഫീസ് അടക്കാന്‍ രണ്ടാഴ്ച കൂടി സമയം അനുവദിച്ചു.

കേസില്‍ സജീവമായി ഇടപെടാതെ സംസ്ഥാന സര്‍കാരും ജനപ്രതിനിധികളും കാണിക്കുന്ന വീഴ്ച ചൂണ്ടിക്കാണിച്ചാണ് ആക്ഷന്‍ കമ്മറ്റി കേസില്‍ കക്ഷിചേരാന്‍ സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.ഈ ഹര്‍ജിയിലാണ് റെയില്‍പാത അനുവദിച്ചാല്‍ ബന്ദിപ്പൂര്‍ വനമേഖലയിലെ 27 കിമീറ്റര്‍ ദൂരം വാഹനഗതാഗതം പൂര്‍ണമായും അടക്കാമെന്നും ആക്ഷന്‍ കമ്മറ്റി കോടതിയെ ബോധിപ്പിച്ചത്. വികസനത്തില്‍ പൊതുവേ പിന്നോട്ടായ വയനാട്ടുകാര്‍ക്ക് ആശങ്ക പരത്തുന്നതാണ് പുതിയ നീക്കങ്ങള്‍.ചില പരിസ്ഥിതി സംഘടനകളും ആക്ഷന്‍കമ്മറ്റിക്കാരും ഉള്‍പ്പെടെയുള്ളവര്‍ കോടതിയെ സമീപിക്കുകയും പരിസ്ഥിതി എന്ന് കേട്ടാല്‍ മറിച്ചൊന്ന് ചിന്തിക്കാതെ വിധി പുറപ്പെടുവിക്കുകയും ചെയ്യുന്ന കോടതി നിലപാടുകളും കാരണം വയനാട് പുറം ലോകത്തില്‍ നിന്ന് ഏതാണ്ട് ഒറ്റപ്പെടുന്ന അവസ്ഥയാണ്.

deshabhimani

No comments:

Post a Comment