Friday, October 25, 2013

അന്ധയായ പ്രസന്നടീച്ചറെ പക്ഷേ, മുഖ്യമന്ത്രി തോല്‍പ്പിച്ചു

ചോറ്റാനിക്കര: ""ഈ വര്‍ഷം ജനമ്പര്‍ക്കത്തിനു ഞാനില്ല. കാഴ്ചയില്ലാത്ത ഞാന്‍ പരസഹായത്തോടെ എത്തി മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഒരുവര്‍ഷം പിന്നിട്ടിട്ടും നടപടി എടുക്കാത്തവര്‍ ഇനി എന്തുചെയ്യുമെന്നു കരുതണം?"" തനിക്ക് അര്‍ഹതപ്പെട്ട ലക്ചറര്‍ ജോലി നിഷേധിച്ച കണ്ണൂര്‍ സര്‍വകലാശാല അധികാരികളുടെ നടപടിക്കെതിരെ കഴിഞ്ഞവര്‍ഷം ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കി കാത്തിരിക്കുന്ന ചോറ്റാനിക്കര പഞ്ചായത്ത് അയ്യംകുഴി വാര്യത്ത് പ്രസന്നകുമാരി ടീച്ചര്‍ക്ക് രോഷം സങ്കടവും അടക്കാനാവുന്നില്ല.

ജന്മനാ കാഴ്ചവൈകല്യമുള്ള പ്രസന്ന അതിനെ മനക്കരുത്തുകൊണ്ട് പൊരുതിതോല്‍പ്പിച്ചു നേടിയതാണ് ബിരുദങ്ങള്‍. എംകോം, എല്‍എല്‍എം, നെറ്റ് ബിരുദധാരിയായ ടീച്ചര്‍ 2010ല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇന്റര്‍വ്യുവില്‍ പങ്കെടുത്തിരുന്നു. വികലാംഗര്‍ക്കായി സംവരണംചെയ്ത ലക്ചറര്‍ തസ്തിക തനിക്ക് അര്‍ഹതപ്പെട്ടതായിരുന്നുവെന്ന് പ്രസന്ന പറയുന്നു. ഇന്റര്‍വ്യുവില്‍ പങ്കെടുത്ത ഏക വികലാംഗയും ടീച്ചറാണ്. ഇന്റര്‍വ്യു കഴിഞ്ഞു മടങ്ങിയ ടീച്ചര്‍ സര്‍വകലാശാലയില്‍നിന്ന് അറിയിപ്പൊന്നും ലഭിക്കാതായപ്പോള്‍ വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോഴാണ് തസ്തികയില്‍ നിയമനം നടന്നത് അറിയുന്നത്. സര്‍വകലാശാലയുടെ തെറ്റായ തീരുമാനത്തിനെതിരെ ടീച്ചര്‍ പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലെത്തി പരാതി നല്‍കിയത്. പരാതി സ്വീകരിച്ച മുഖ്യമന്ത്രി പരിഹാരവും ഉറപ്പുനല്‍കി. ഒരുവര്‍ഷം പിന്നിട്ടിട്ടും ടീച്ചര്‍ക്ക് ജോലി ലഭിച്ചില്ല.

പിഎസ്സി പ്രസിദ്ധീകരിച്ച ലക്ചറര്‍ തസ്തികയ്ക്കുള്ള റാങ്ക് ലിസ്റ്റിലും ടീച്ചര്‍ 39-ാം റാങ്കുകാരിയാണ്. സപ്ലിമെന്ററി ലിസ്റ്റില്‍ ഒന്നാം റാങ്ക്കാരിയായ ടീച്ചര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ജോലി കിട്ടിയിട്ടില്ല. തന്റെ ജീവിതത്തിലെ പ്രതിസന്ധികളെ മനോധൈര്യവും സ്ഥിരോത്സഹാവുംകൊണ്ട് പരാജയപ്പെടുത്തി വിദ്യാഭ്യാസരംഗത്ത് വിജയംനേടിയ പ്രസന്ന അര്‍ഹതപ്പെട്ട ജോലി നിഷേധിച്ച അധികൃതരോടുള്ള അമര്‍ഷം മറച്ചുവയ്ക്കുന്നില്ല.

""പുലരുമ്പോള്‍മുതല്‍ അവശത മറന്ന് കാത്തുനിന്നാലും ജനസമ്പര്‍ക്കത്തിന് മുഖ്യമന്ത്രി എത്തുന്നതോടെ കാര്യങ്ങള്‍ കീഴ്മേല്‍മറിയും. സ്റ്റേജും പരിസരവും കൈയടക്കുന്നവര്‍ക്കിടയിലൂടെ നീങ്ങി മുഖ്യമന്ത്രിക്കു പരാതി നല്‍കണമെങ്കില്‍ അസാമാന്യ മെയ്വഴക്കം വേണം. മനോവൈകല്യമുള്ളവരും ശാരീരിക അവശതകള്‍ അലട്ടുന്നവരുമായി നിരവധിപേര്‍ കുടിവെള്ളംപോലും കിട്ടാതെ മുഖ്യമന്ത്രിയെ കാത്തുനിന്ന് പരാതി നല്‍കിയാലും പരിഹാരമുണ്ടാവാറില്ല. മുഖ്യമന്ത്രി എത്തുമ്പോള്‍ സ്റ്റേജും പരിസരവും കൈയടക്കുന്ന നേതാക്കളും അവര്‍ കൂട്ടിക്കൊണ്ടുവരുന്ന കുറച്ച് ആളുകള്‍ക്കും ഉള്ളതാണ് ജനസമ്പര്‍ക്കം. അതുകൊണ്ടുതന്നെ ഈ വര്‍ഷം ഞാനില്ല"".

വീട്ടില്‍ വര്‍ഷങ്ങളായി കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്താണ് ടീച്ചര്‍ കുടുംബം പുലര്‍ത്തുന്നത്. വീടിനുവെളിയില്‍ ഏത് ആവശ്യത്തിന് പോകണമെങ്കിലും പരസഹായം ആവശ്യമായതിനാല്‍ സഹായഹസ്തവുമായി ശിഷ്യരുടെ വലിയ കൂട്ടമുണ്ട്. എന്നിരുന്നാലും അസുഖബാധിതയായ അമ്മയും സഹോദരിയും കാഴ്ചവൈകല്യമുള്ള ചേട്ടന്മാരും അടങ്ങുന്ന തന്റെ കുടുംബത്തെ പോറ്റാന്‍ ഒരു സര്‍ക്കാര്‍ ജോലി ഇവര്‍ സ്വപ്നംകാണുന്നു.

deshabhimani

No comments:

Post a Comment