സ്കൂള്‍ യൂണിഫോം വിതരണത്തിന്റെ കരാര്‍ സ്വകാര്യ കമ്പനിക്ക് നല്‍കാനുള്ള ഒത്തുകളിയില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ടെക്സ്റ്റൈല്‍ കോര്‍പറേഷനി (എന്‍ടിസി)ലെ ഉദ്യോഗസ്ഥനും പങ്ക്. കരാറില്‍നിന്ന് എന്‍ടിസിയെ പുറംതള്ളാന്‍ ഈ ഉദ്യോഗസ്ഥനും ചരടുവലിച്ചു. ഇ-ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ പങ്കെടുക്കാതെ ബോധപൂര്‍വം മാറിനിന്നാണ് ഉദ്യോഗസ്ഥന്‍ സ്വകാര്യകമ്പനിക്കു വേണ്ടി പ്രവര്‍ത്തിച്ചത്. സ്വകാര്യ കമ്പനിയും ഭരണതലപ്പത്തുള്ളവരും ഉദ്യോഗസ്ഥരും ചേര്‍ന്ന് 40 കോടിയോളം രൂപയുടെ അഴിമതി നടത്താനുള്ള ഗൂഢാലോചനയാണ് നടന്നത്.
എട്ടാം ക്ലാസ് വരെയുള്ള 22 ലക്ഷം പെണ്‍കുട്ടികള്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും രണ്ട് സെറ്റ് യൂണിഫോം നല്‍കുന്നതിന് എസ്എസ്എ, സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗിച്ച് യൂണിഫോം നല്‍കുന്നതാണ് പദ്ധതി. 116 കോടി രൂപയുടെ പദ്ധതിക്ക് കരാര്‍ നല്‍കുന്നതില്‍ വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് വരെ വഴിവിട്ട് ഇടപെട്ടു. ഇതില്‍ എന്‍ടിസി ഉദ്യോഗസ്ഥനും പങ്കാളിയാകുകയായിരുന്നു. ആദ്യ ടെന്‍ഡറില്‍ വെറും രണ്ട് കമ്പനി മാത്രമായിരുന്നു പങ്കെടുത്തത്. ഇത് റദ്ദാക്കി രണ്ടാമത് നടത്തിയ ടെന്‍ഡറില്‍ എന്‍ടിസിയടക്കം ഏഴ് കമ്പനി പങ്കെടുത്തിരുന്നു. ടെന്‍ഡറിനു ശേഷം എസ്എസ്എ തയ്യാറാക്കിയ സോഫ്റ്റ്വെയറില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശം നല്‍കി. ഇത് സാങ്കേതിക നടപടിക്രമം മാത്രമാണ്. ഈ ഘട്ടത്തിലാണ് ഒത്തുകളി നടന്നത്. ബാക്കി ആറ് കമ്പനിയും ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ പങ്കെടുത്തപ്പോള്‍ എന്‍ടിസി മാറിനിന്നു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വിവരം അറിഞ്ഞില്ലെന്നായിരുന്നു എന്‍ടിസി നല്‍കിയ വിശദീകരണം. എന്നാല്‍, ആറ് കമ്പനിയും അറിഞ്ഞ രജിസ്ട്രേഷന്‍ കാര്യം എന്‍ടിസി മാത്രം അറിയാതിരുന്നതിന്റെ കാരണം പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥന്റെ വീഴ്ച ശ്രദ്ധയില്‍പ്പെട്ടത്. ഓണ്‍ലൈന്‍ നടപടികള്‍ നടത്തേണ്ട ഉദ്യോഗസ്ഥനും സര്‍ക്കാരും കരാര്‍ നേടാന്‍ രംഗത്തുള്ള മഫത്ലാല്‍ കമ്പനിയും ഒത്തുകളിച്ചാണ് അവസാന റൗണ്ടില്‍ എന്‍ടിസിയെ തന്ത്രപൂര്‍വം ഒഴിവാക്കിയത്.
ഒരു സെറ്റ് യൂണിഫോം 185 രൂപ നിരക്കില്‍ നല്‍കാമെന്നാണ് എന്‍ടിസി വാഗ്ദാനം ചെയ്തതത്. ടെന്‍ഡറില്‍ ഇതാണ് കുറഞ്ഞ നിരക്കും. എന്നാല്‍, തുടര്‍ന്നു നടന്ന ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ എന്‍ടിസി പങ്കെടുത്തില്ല. എന്‍ടിസി "ഒഴിവായതോടെ" 195.05 രൂപ നല്‍കിയ മഫത്ലാല്‍ ഒന്നാമതായി. സ്വന്തമായി തുണി ഉല്‍പ്പാദിപ്പിക്കുന്ന 23 മില്ലുള്ള സര്‍ക്കാര്‍സ്ഥാപനത്തെ ഒഴിവാക്കി യൂണിഫോം തുണി ഉല്‍പ്പാദിപ്പിക്കാതെ പുറത്തുനിന്ന് തുണി വാങ്ങി വിതരണം നടത്തുന്ന മഫത്ലാല്‍ ഇന്‍ഡസ്ട്രീസ് മുംബൈക്ക് കരാര്‍ നല്‍കാന്‍ ശ്രമിക്കുകയായിരുന്നു. കരാര്‍ നേടാന്‍ ശ്രമിക്കുന്ന മഫത്ലാലുമായി ഇപ്പോള്‍ തുക കുറയ്ക്കാനുള്ള വിലപേശലിന് സ്റ്റോഴ്സ് ആന്‍ഡ് പര്‍ച്ചേസ് വകുപ്പിന്റെ അനുമതി തേടിയതും തട്ടിപ്പിന്റെ ആഴം ബോധ്യപ്പെടുത്തുന്നു. ഇങ്ങനെ വിലപേശാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഇത് ആദ്യഘട്ടം തന്നെ എന്‍ടിസിയുമായി നടത്തിയിരുന്നെങ്കില്‍ കുറഞ്ഞ തുകയ്ക്ക് ഗുണമേന്മയുള്ള തുണിവാങ്ങി അധ്യയന വര്‍ഷാരംഭമായ ജൂണില്‍ തന്നെ കുട്ടികള്‍ക്ക് യൂണിഫോം നല്‍കാന്‍ കഴിയുമായിരുന്നു.
യൂണിഫോം തട്ടിപ്പിനെതിരെ ഇന്ന് അധ്യാപക-വിദ്യാര്‍ഥി ധര്‍ണ
യൂണിഫോം വിതരണത്തിലെ തട്ടിപ്പ് അന്വേഷിക്കണമെന്നും ഉടന്‍ വിതരണം നടത്തണമെന്നും ആവശ്യപ്പെട്ട് വെള്ളിയാഴ്ച അധ്യാപകരും വിദ്യാര്‍ഥികളും ധര്‍ണ നടത്തുമെന്ന് കെഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഷാജഹാനും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം യൂണിഫോം വിതരണത്തില്‍ വീഴ്ച വരുത്തിയ സ്കൂളുകള്‍ ഏതെന്ന് മന്ത്രി അബ്ദുറബ്ബ് വ്യക്തമാക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. മുന്‍ വര്‍ഷം യൂണിഫോം വിതരണത്തിനു നല്‍കിയ തുക ഫലപ്രദമായി ഉപയോഗിക്കാതെ പ്രധാനാധ്യാപകര്‍ കൃത്രിമം കാട്ടിയതുകൊണ്ടാണ് ഇത്തവണ കമ്പനികളെ ഏല്‍പ്പിക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്. അഴിമതിയെ ന്യായീകരിക്കാന്‍ മന്ത്രി അധ്യാപകരെയും പിടിഎയും അടച്ചാക്ഷേപിക്കുകയാണ്. മന്ത്രി പറഞ്ഞത് സത്യമാണെങ്കില്‍ ഏതെല്ലാം സ്കൂളുകളാണ് വീഴ്ച വരുത്തിയതെന്നും എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും വ്യക്തമാക്കണം. പ്രധാനാധ്യാപകരും പിടിഎയും ചേര്‍ന്ന് യൂണിഫോം നല്‍കിയ മുന്‍വര്‍ഷങ്ങളിലെ നടപടി തുടരണമെന്നാണ് അധ്യാപക സംഘടനകളെല്ലാംആവശ്യപ്പെട്ടത്. എന്നാല്‍, കമ്പനികള്‍ക്ക് കരാര്‍ നല്‍കുമെന്ന വാശിയിലായിരുന്നു മന്ത്രി.
വസ്ത്രനിര്‍മാണക്കമ്പനികള്‍ 40 ശതമാനംവരെ കമീഷന്‍ നല്‍കാറുണ്ട്. 116 കോടിയുടെ പദ്ധതിക്ക് ഏറ്റവും കുറഞ്ഞത് 25 കോടി രൂപ ലഭിക്കും. കൂടാതെ കേരളത്തിലെ മുഴുവന്‍ സ്കൂളുകളിലും ഒരു കമ്പനിയുടെ വസ്ത്രങ്ങള്‍ എത്തുമ്പോള്‍ കിട്ടുന്ന പരസ്യത്തിന് കോടികളുടെ മൂല്യമുണ്ട്. കരാര്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്ന കമ്പനിയും ഇതാണ് ലക്ഷ്യമിടുന്നത്. അടിയന്തരമായി യൂണിഫോം കുട്ടികള്‍ക്ക് എത്തിക്കുക, അഴിമതി സമഗ്രമായി അന്വേഷിക്കുക, ടെന്‍ഡര്‍ ഉപേക്ഷിച്ച് സ്കൂള്‍ അധ്യാപക- രക്ഷാകര്‍തൃ സമിതികള്‍ക്ക് തുക കൈമാറുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും ചേര്‍ന്ന് യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കും. ഉപജില്ലാ കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച വൈകിട്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment