Thursday, October 17, 2013

ജനമൈത്രി പൊലീസ് നിശ്ചലം; കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു

ആഭ്യന്തരവകുപ്പിന്റെ അനാസ്ഥമൂലം ജനകീയ പൊലീസ് സംരംഭമായ ജനമൈത്രി പൊലീസ് പദ്ധതി നിശ്ചലമായി. ഇതോടെ സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ പെരുകി. ആഭ്യന്തരവകുപ്പ് തയാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ പദ്ധതി കടലാസിലൊതുങ്ങിയതായി ഏറ്റുപറയുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മാതൃകാപരമായി നടപ്പാക്കിയ പദ്ധതിയാണ് യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം അകാലചരമമടയുന്നത്. സംസ്ഥാനത്ത് നാല് ഘട്ടങ്ങളിലായി 248 സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇവയില്‍ മിക്കതും നിശ്ചലമായി. സര്‍ക്കാരിന്റെ താല്‍പ്പര്യക്കുറവും ആസൂത്രണത്തിലെ പിഴവും കഴിവുള്ള ഉദ്യോഗസ്ഥരെ ചുമതലകളില്‍നിന്ന് മാറ്റിയതും പദ്ധതിയുടെ നട്ടെല്ലൊടിച്ചു. ജീവനക്കാരുടെ കുറവാണ് പദ്ധതി നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് റിപ്പോര്‍ട്ടിലുണ്ട്.

തുടക്കത്തില്‍ ജനമൈത്രിക്കു മാത്രമായി പൊലീസ് ക്യാമ്പുകളില്‍നിന്നും സ്റ്റേഷനുകളില്‍ നിന്നും പ്രത്യേകം പൊലീസുകാരെ വിന്യസിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ ഇവരെയെല്ലാം പിന്‍വലിച്ചു. പൊലീസുകാര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങളും നിര്‍ത്തലാക്കി. തുടക്കത്തില്‍ ബീറ്റ് ഓഫീസര്‍മാര്‍ക്ക് ഇരുചക്രവാഹനങ്ങള്‍ അനുവദിച്ചിരുന്നു. മാസത്തില്‍ 10 ലിറ്റര്‍ പെട്രോളിനും ഫോണുള്‍പ്പെടെ അനുബന്ധ ചെലവുകള്‍ക്കും പണം അനുവദിച്ചിരുന്നു. ബീറ്റ് ഓഫീസറുടെ ഫോണ്‍ നമ്പറും ജനങ്ങള്‍ക്ക് നല്‍കി. എന്നാല്‍, വാഹനങ്ങള്‍ പിന്നീട് തിരിച്ചെടുത്തു. പലതും ഉപയോഗശൂന്യമായി. നിലവില്‍ മേലുദ്യോഗസ്ഥന്‍ അനുവദിച്ചാല്‍ മാത്രമെ സ്റ്റേഷന്‍ വാഹനം പദ്ധതി പ്രവര്‍ത്തനത്തിന് ഉപയോഗിക്കാനാവൂ. സ്റ്റേഷനിലെ ജോലികളെല്ലാം നിര്‍വഹിച്ചശേഷം മാത്രമാണ് ബീറ്റ് ഓഫീസര്‍മാര്‍ക്ക് ജനമൈത്രി പദ്ധതിക്ക് സമയം അനുവദിക്കുന്നത്. ആവശ്യപ്പെടുന്ന സമയങ്ങളില്‍ എത്താനാവാത്തതിനാല്‍ പദ്ധതിയുമായി ജനങ്ങള്‍ക്കുണ്ടായ ആത്മബന്ധം നഷ്ടമായി.

ആഭ്യന്തരവകുപ്പ് നടത്തിയ സര്‍വേയില്‍ 25 ശതമാനം പൊലീസുകാരും ആഴ്ചയില്‍ ഒരുമണിക്കൂര്‍ പോലും പദ്ധതിക്കായി ചെലവഴിക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. 41.67 ശതമാനം പേര്‍ ആറ് മുതല്‍ 12 മണിക്കൂറാണ് ചെലവഴിക്കുന്നത്. 3.13 ശതമാനം പേര്‍ മാത്രമാണ് 20 മണിക്കൂറിന്് മുകളില്‍ വിനിയോഗിക്കുന്നത്. വനിതാ പൊലീസുകാര്‍ക്ക് പദ്ധതിച്ചുമതല നല്‍കണമെന്ന നിര്‍ദേശവും പാലിക്കപ്പെടുന്നില്ല. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പൊലീസില്‍ എത്തുന്നുമില്ല. ജനപ്രതിനിധികളും പൊലീസും ഉള്‍പ്പെട്ട ജനമൈത്രി സമിതികളുടെ പ്രവര്‍ത്തനവും നിശ്ചലമാണ്. മിക്കയിടത്തും സമിതി യോഗംപോലും ചേരുന്നില്ല. വാര്‍ഡ് കൗണ്‍സിലര്‍, റസിഡന്റ് അസോസിയേഷന്‍ ഭാരവാഹികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെട്ട 20 അംഗ സമിതിയും നിര്‍ജീവമായി.

deshabhimani

No comments:

Post a Comment